കൊച്ചി: ജന്മനാടിനുവേണ്ടി പോരാടി വീരമൃത്യുവരിച്ച ധീരന്റെ കഥയാണ് 'കുഞ്ഞാലിമരക്കാർ അറബികടലിന്റെ സിംഹം' എന്ന സിനിമ പറയുന്നത്. മനോഹരമായ പാട്ടിന്റെ അകമ്പടിയിലാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചരിത്രവും കേട്ടുകേൾവികളും ഭാവനയുമെല്ലാമായി കഥ മുന്നോട്ടുപോകുന്നു. കുറച്ച് ചരിത്രവും അതിലേറെഭാവനയും എന്ന പ്രിയദർശന്റെ വാചകം ശരിവക്കുന്നതാണ് മിക്കരംഗങ്ങളും. ചരിത്രസംഭവങ്ങളെ അവലംബിച്ച് കഥപറയുമ്പോൾ തന്നെ പ്രണയവും, പ്രണയരംഗങ്ങളുമെല്ലാം മനോഹരമായി ഇതൾവിരിയുന്നുണ്ട്.

മലയാളം മുമ്പൊന്നും കണ്ടിട്ടില്ലാത്ത സാങ്കേതിക തികവോടെയാണ് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ എത്തിയത്. സാബു സിറിളിന്റെ നേതൃത്വത്തിൽ ഒരുക്കിയ സെറ്റുകൾ കിടിലനായിരുന്നു. ചിത്രത്തിലെ ഏറ്റവും നിർണായകമായ കടൽ യുദ്ധങ്ങളും കപ്പലുകളും എല്ലാം സെറ്റ് വർക്കുകളായിരുന്നു. കടൽ കാണാതെയാണ് ചിത്രത്തിലെ കപ്പൽ രംഗങ്ങൾ ഷൂട്ട് ചെയ്തത്.



ചിത്രത്തിന്റെ കപ്പൽ രംഗങ്ങളുടെ ബിഹൈൻഡ് ദി സീനുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒരു ടാങ്കിൽ വെള്ളം നിറച്ച് അതിൽ കപ്പലുകൾ ഇറക്കിയാണ് രംഗങ്ങൾ ഷൂട്ട് ചെയ്തത്. സാബു സിറിലിന്റെ നേതൃത്വത്തിലുള്ള ടീം മൂന്ന് വമ്പൻ കപ്പലുകളാണ് ചിത്രത്തിനു വേണ്ടി നിർമ്മിച്ചത്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ഒരു ടാങ്കും നിർമ്മിച്ചു. അതിൽ വെള്ളം നിറച്ചാണ് കടലും തിരയും കൊടുങ്കാറ്റുമെല്ലാം സിനിമയ്ക്കായി സൃഷ്ടിച്ചെടുത്തത്. കപ്പലിനുതന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്.

20 അടി ഉയരമുള്ള ടാങ്കുകളിൽ െവള്ളം നിറച്ച് ഒരുമിച്ചു തുറന്നുവിട്ടാണു തിരയുണ്ടാക്കിയത്. മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന യമഹ എൻജിനുകൾ ഒരുമിച്ചു പ്രവർത്തിപ്പിച്ച് തിരയ്ക്കു ശക്തി കൂട്ടി. മണ്ണുമാന്തി യന്ത്രത്തിന്റെ കൈകളിൽ ഡ്രമ്മുകൾ കെട്ടിവച്ച് ആഞ്ഞടിച്ചു തിരയുടെ ഇളക്കമുണ്ടാക്കി.

ടൺ കണക്കിനു സോപ്പുപൊടിയിട്ട് അതിൽ കടലിലെ വെളുത്ത പതയുണ്ടാക്കി. നൂറുകണക്കിനു പേരുടെ അധ്വാനത്തിന്റെ ഫലമായിരുന്നു കപ്പലിലെ ആ യുദ്ധരംഗങ്ങൾ.

അതേസമയം തിയേറ്റർ റിലീസിന് പിന്നാലെ മരയ്ക്കാർ അറബിക്കടലിന്റ സിംഹം ഓൺലൈൻ പ്ലാറ്റ്‌ഫോമിലും റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ആമസോൺ പ്രൈമിലൂടെ ഡിസംബർ 17 ന് ഒ.ടി.ടി റിലീസ് ചെയ്യും

സാമൂതിരി രാജാവിന്റെ കടൽപടയുടെ അധിപനായ കുഞ്ഞാലിമരക്കാർ നാലാമനെ മുൻനിർത്തിയാണ് ചിത്രം നീങ്ങുന്നത്. കുഞ്ഞാലിയുടെ ഭൂതകാലവും ജീവിത്തിൽ അയാൾനേരിട്ട വെല്ലുവിളികളും നഷ്ടങ്ങളും അതിജീവനവുമെല്ലാം ആരംഭത്തിൽ തന്നെ വിവരിക്കുന്നു. സാമൂതിരിയുടെ മണ്ണിലേക്കുള്ള മരക്കാർ നാലാമന്റെ തിരിച്ചുവരുവും അയാളെങ്ങിനെ ഒരുനാടിന്റെ വീരപുരുഷനായിമാറി എന്ന കാഴ്‌ച്ചകളും ചേർന്നതാണ് ചിത്രത്തിന്റെ ആദ്യപകുതി. നാടുവാഴുന്ന രാജാവിൽ നിന്ന് ജനങ്ങൾക്ക് നീതിയും ന്യായവും കിട്ടാതെ വന്ന അവസരത്തിലാണ് കുഞ്ഞാലി കച്ചമുറുക്കി ഇറങ്ങുന്നത്.

''കുഞ്ഞാലി ഒളിച്ചിരിക്കുന്നത് നാട്ടിലെ, നാട്ടുകാരുടെ ഹൃദയത്തിലാണ് അവിടെ കയറി അവനെയൊന്നു തൊടാൻ ദൈവത്തിനുപോലും കഴിയില്ല''- കഥാപാത്രങ്ങൾക്കിടയിലെ സംഭാഷണത്തിൽ നിന്നുതന്നെ കുഞ്ഞാലിയുടെ ജനസ്വീകാര്യത വ്യക്തമാകുന്നുണ്ട്.

ബിഗ്ഗ് സ്‌ക്രീനിൽതന്നെ കണ്ടാസ്വദിക്കേണ്ട സിനിമയാണ് കുഞ്ഞാലിമരക്കാർ അറബികടലിന്റെ സിംഹം. കടലും കപ്പൽയുദ്ധങ്ങളും ആർത്തിരമ്പുന്ന തിരമാലകളും തീ പടരുന്ന കാഴ്‌ച്ചകളുമെല്ലാമായി വലിയൊരു ദൃശ്യവിസ്മയം തന്നെ തുറന്നുവക്കുന്നുണ്ട് ചിത്രം. പറങ്കിപടക്കെതിരെ മരക്കാർ നടത്തുന്ന കടൽയുദ്ധം ചങ്കിടിപ്പോടെയാണ് തീയേറ്ററുകളിൽ സ്വീകരിക്കപ്പെടുന്നത്.

കടലിൽ ജാലവിദ്യകാണിക്കുന്ന മരക്കാരെ മാത്രമല്ല, ചതിയിൽ കാലിടറിവീഴുന്ന പോരാളിയായ മരക്കാരെയും സിനിമയിൽ കാണാം. സങ്കേതികമികവുകൊണ്ട് മലയാളസിനിമകളിൽ ഉയരത്തിൽ നിൽക്കുന്നു മരക്കാർ. കടലും തിരകളും അഗ്നിയും നിറയുന്ന സീനുകളെല്ലാം ശക്തമായ അവതരണം കയ്യടിനേടുന്നുണ്ട്. ഗാനരംഗങ്ങളിലുമുള്ള പ്രിയദർശൻടച്ച് എടുത്തുപറയേണ്ടതാണ്. റിയലിസ്ററിക്കായി അവതരിപ്പിച്ച യുദ്ധരംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

കുഞ്ഞാലിമരക്കാരായി മോഹൻലാൽ എത്തുമ്പോൾ കുഞ്ഞാലിയുടെ കൗമാരകാലം പ്രണവ് മോഹൻലാലിലൂടെയാണ് പറയുന്നത്. മുൻചിത്രങ്ങളെ അപേക്ഷിച്ച് അഭിനയിത്തിൽ ബഹുദൂരം മുന്നോട്ടുപോയ പ്രണവിനെയാണ് കുഞ്ഞാലിമരക്കാരിൽ കാണുന്നത്. പട്ടുമരക്കാരായെത്തിയ സിദ്ധിഖും മാങ്ങാട്ടച്ചന്റെ വേഷം ചെയ്ത ഹരീഷ് പേരടിയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സാമൂതിരി രാജാവിന്റെ കൊട്ടാരവും, അകത്തളവും മരക്കാരുടെ കോട്ടമതിലും, യുദ്ധക്കപ്പലുകളും പീരങ്കിയും പടക്കോപ്പുകളുമെല്ലാം സൃഷ്ടിച്ച സാബുസിറിലിന് അഭിമാനിക്കാനുള്ളവകനൽകുന്നുണ്ട് ചിത്രം. യുദ്ധരംഗങ്ങളിൽ ഉൾപ്പെടെ ക്യാമറകൈകാര്യം ചെയ്ത് എസ്.തിരുവിന്റെ കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. എഡിറ്റിങ്ങ് എം.എസ്.അയ്യപ്പൻ.

മഞ്ജുവാര്യർ, സുഹാസിനി, നെടുമുടിവേണു, ഫാസിൽ, സുനിൽഷെട്ടി, പ്രഭു, അർജ്ജുൻ സർജ, അശോക് സെൽവൻ, മുകേഷ്, സിദ്ദിഖ്, ഇന്നസെന്റ്, മാമുക്കോയ, കീർത്തിസുരേഷ്, കല്യാണി പ്രിയദർശൻ...എന്നിങ്ങനെ താരസമ്പന്നമാണ് ചിത്രം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.