- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭഗവത്ഗീതയുടെ രാഷ്ട്രീയം
നാരായണഗുരുവും സഹോദരൻ അയ്യപ്പനും വി ടി ഭട്ടതിരിപ്പാടും മുതൽ ആദ്യകാല നിരീശ്വരവാദ-യുക്തിവാദ-കമ്യുണിസ്റ്റ് സംഘടനാപ്രവർത്തകർവരെയുള്ളവർ പിന്തുടർന്ന, സയുക്തികമായ പ്രപഞ്ചബോധത്തിന്റെ ഒരു ജീവിതധാര കേരളീയാധുനികതയിലുണ്ട്. മത-ദൈവവിശ്വാസങ്ങളോട് വിമർശനാത്മകമായ നിലപാടെടുത്ത ഇവരുടെ താവഴിയിൽ യുക്തിവാദത്തിന്റേതായ ഒരു വൈജ്ഞാനിക സാഹിത്യമണ
നാരായണഗുരുവും സഹോദരൻ അയ്യപ്പനും വി ടി ഭട്ടതിരിപ്പാടും മുതൽ ആദ്യകാല നിരീശ്വരവാദ-യുക്തിവാദ-കമ്യുണിസ്റ്റ് സംഘടനാപ്രവർത്തകർവരെയുള്ളവർ പിന്തുടർന്ന, സയുക്തികമായ പ്രപഞ്ചബോധത്തിന്റെ ഒരു ജീവിതധാര കേരളീയാധുനികതയിലുണ്ട്. മത-ദൈവവിശ്വാസങ്ങളോട് വിമർശനാത്മകമായ നിലപാടെടുത്ത ഇവരുടെ താവഴിയിൽ യുക്തിവാദത്തിന്റേതായ ഒരു വൈജ്ഞാനിക സാഹിത്യമണ്ഡലത്തിനു രൂപംകൊടുത്തവരിൽ പ്രമുഖർ എ ടി കോവൂരും എം സി ജോസഫും ജോസഫ് ഇടമറുകും മറ്റുമായിരുന്നു. ദൈവവിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെ 'അന്ധ'വിശ്വാസങ്ങളെ എതിർക്കുന്ന, ഒത്തുതീർപ്പുരാഷ്ട്രീയത്തിലേയ്ക്കു ചുവടുമാറിയ സന്ദേഹവാദികളുടെ ഒരു നിരയും ഇതോടൊപ്പം സജീവമായി. എന്തായാലും ഇക്കഴിഞ്ഞ അഞ്ചുവർഷംകൊണ്ടുതന്നെ കേരളത്തിലെ നിരീശ്വരവാദ-യുക്തിവാദ-ശാസ്ത്രപ്രചരണപ്രസ്ഥാനങ്ങളുടെ മുൻനിര വക്താവും പ്രചാരകനുമായി മാറിക്കഴിഞ്ഞ സി രവിചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകവും 'സന്ദേഹ'ങ്ങളേതുമില്ലാതെ ചരിത്രത്തിലും സംസ്‌കാരത്തിലും മേൽക്കൈ നേടിയ അയുക്തിയുടെ രാഷ്ട്രീയപ്രമാണങ്ങളെ മറനീക്കിക്കാണിക്കുന്നതിൽ ശ്രദ്ധേയമായ വിജയം കൈവരിക്കുന്ന ഒന്നാണ്. രവിചന്ദ്രന്റെ മുൻ ഗ്രന്ഥങ്ങൾ (ലോകപ്രശസ്ത നിരീശ്വരവാദി റിച്ചാർഡ് ഡോക്കിൻസിന്റെ ചിന്തകളവതരിപ്പിക്കുന്ന 'നിരീശ്വരനായ ദൈവം' മുതൽ ജ്യോതിഷമെന്ന കപടശാസ്ത്രത്തിന്റെ മറനീക്കുന്ന ഗ്രന്ഥം വരെ) പോലെതന്നെ മലയാളത്തിലെ യുക്തിവാദസാഹിത്യത്തിൽ വഴിത്തിരിവായി മാറാൻ കഴിയുന്ന ഗ്രന്ഥമാണ് 'ബുദ്ധനെ എറിഞ്ഞ കല്ല്-ഭഗവത്ഗീതയുടെ ഭാവാന്തരങ്ങ'ളും.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ മാത്രമാണല്ലോ നിലനിന്ന മറ്റു മതങ്ങളുടെ മാതൃകയിൽ ഹിന്ദുമതം വ്യവസ്ഥപ്പെട്ടു തുടങ്ങുന്നത്. അതോടെ മതത്തിന്റെ ആധികാരികഗ്രന്ഥം ഭഗവത്ഗീതയായി. മഹാഭാരതയുദ്ധകഥയിലെ ഒരു ഖണ്ഡം എന്ന നിലയിൽനിന്ന് ഹൈന്ദവ 'മത'തത്വങ്ങളുടെ കേദാരം എന്ന നിലയിലേക്ക് ഭഗവത്ഗീതയ്ക്കു കൈവന്ന സ്ഥാനാന്തരത്തെ പലനിലകളിൽ വിശദീകരിക്കുകയും ആത്യന്തികമായി ഈ ഗ്രന്ഥം സൃഷ്ടിച്ച ചരിത്രപരവും സാമൂഹ്യവും മതാത്മകവും മാനവികവുമായ ഫലങ്ങൾ വിലയിരുത്തുകയുമാണ് രവിചന്ദ്രൻ. നാളിതുവരെയുണ്ടായ നിരവധിയായ ഗീതാവ്യാഖ്യാനങ്ങളുടെ മതാത്മക-ആധ്യാത്മികപാരമ്പര്യം വിമർശനാത്മകമായി വിലയിരുത്തിയും യുക്തിചിന്തയുടെ പിൻബലത്തിൽ ഗീതയെ വിശദീകരിച്ചും പാഠപരവും പഠനപരവുമായ വിശകലനരീതിശാസ്ത്രങ്ങൾ പിന്തുടരുന്നു, രവിചന്ദ്രൻ. അടിസ്ഥാനപരമായി ഭഗവത്ഗീത നിർവഹിച്ച ധർമങ്ങൾ ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നത് ഏതാണ്ട് ഇങ്ങനെയാണ്.
1. എ.ഡി. ഏഴ് - എട്ട് നൂറ്റാണ്ടുവരെ ഇന്ത്യയിൽ സജീവമായി നിലനിന്നിരുന്ന ബുദ്ധ, ജൈന മതങ്ങളെയും അവ സൃഷ്ടിച്ച മഹത്തായ മാനവികതത്വങ്ങളെയും റദ്ദാക്കി, ബ്രാഹ്മണ്യത്തിന്റെ മേൽക്കോയ്മ സ്ഥാപിച്ചവരുടെ മാനിഫെസ്റ്റോയാണ് ഭഗവത്ഗീത.
2. ശങ്കരവേദാന്തത്തിന്റെയും മറ്റും പിന്തുണയോടെ വർണ, ജാതിവ്യവസ്ഥകൾ ഊട്ടിയുറപ്പിച്ച് ഇന്ത്യൻ സമൂഹത്തിൽ ഹിന്ദുമതത്തിന് പീഠമൊരുക്കിയ പ്രത്യേയശാസ്ത്രമാണ് ഗീതയുടേത്.
3. ഹിന്ദുസംസ്‌കാരത്തെ ഹിന്ദുമതമാക്കി മാറ്റിയ പ്രക്രിയയിൽ കീഴാള-ശൈവമാർഗത്തിനുമേൽ വരേണ്യ-വൈഷ്ണവമാർഗത്തിനു കൈവന്ന വിജയമാണ് ഗീതയ്ക്ക് ഇന്നുള്ള ആധികാരികപദവി നേടിക്കൊടുത്തത്.
4. കരുണയിലൂന്നിയ ബുദ്ധതത്വങ്ങളെ അട്ടമിറിച്ചും അശോകന്റെ അഹിംസാമാതൃകയെ തമസ്‌കരിച്ചും ബ്രാഹ്മണ്യം സൃഷ്ടിച്ച ഹിംസയുടെ വേദാന്തമാണ് ഭഗവത്ഗീത.
ഇന്ത്യൻ യുക്തിചിന്താപാരമ്പര്യത്തിലും കീഴാളസമൂഹചരിത്രത്തിലും ബുദ്ധതത്വങ്ങൾക്കുള്ള മഹത്തായ പ്രാധാന്യത്തെ തിരിച്ചുവിളിക്കുകയും ഗീതയുടെ ദുർവ്യാഖ്യാനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന മതവെറിയുടെയും വ്യാജതത്വങ്ങളുടെയും പരമ്പരയ്ക്കു തടയിടുകയുമാണ് ഇത്തരമൊരു ഗ്രന്ഥത്തിന്റെ ലക്ഷ്യമായി രവിചന്ദ്രൻ കാണുന്നത്.
അഞ്ഞൂറ്റി അറുപതു പുറങ്ങളുള്ള ഈ ബൃഹത്പഠനഗ്രന്ഥത്തിന് മൂന്നു ഭാഗങ്ങളുണ്ട്. ഭഗവത്ഗീതയെക്കുറിച്ചു രൂപംകൊണ്ടിട്ടുള്ള പ്രധാന വ്യാഖ്യാനങ്ങളും വാദങ്ങളും സംഗ്രഹിച്ചും നിരവധി ഗീതാശ്ലോകങ്ങൾ മൗലികമായി വ്യാഖ്യാനിച്ചും ഗീതാപഠനത്തിന്റെ സമകാലികമായ ഒരു മാതൃക അവതരിപ്പിക്കുന്ന, മുപ്പത്താറധ്യായങ്ങളുള്ളതാണ് 'ഗീതയും മായയും' എന്ന ഒന്നാം ഭാഗം. ബുദ്ധമതത്തിന്റെ താത്വികപാരമ്പര്യങ്ങൾ അട്ടിമറിച്ച് ബ്രാഹ്മണ്യത്തിന്റെ കാർമികപാരമ്പര്യം ഊട്ടിയുറപ്പിച്ചതാണ് ഗീത നിർവഹിച്ച ചരിത്രപരമായ സാമൂഹ്യധർമങ്ങളിൽ പ്രമുഖം എന്നു സ്ഥാപിക്കുന്നു, ഈ ഭാഗം. ശങ്കരാചാര്യർ മുതൽ അംബേദ്കറും തിലകനും ഗാന്ധിയും വരെയുള്ള വിഖ്യാത ഗീതാവ്യാഖ്യാതാക്കളുടെ സമീപനങ്ങൾ വിശദമായി ചർച്ചചെയ്തും നമ്മുടെ കാലത്തെ പ്രൊഫഷണൽ ഗീതാജ്ഞാനയജ്ഞക്കാർ മുതൽ സുപ്രീംകോടതി ജഡ്ജിമാർ വരെ ഗീതയെക്കുറിച്ചു നടത്തുന്ന ഊതിവീർപ്പിച്ച അപദാനങ്ങൾ നിശിതമായി അപനിർമ്മിച്ചും ഭൗതികവാദപരവും ചരിത്രാത്മകവും സാമൂഹികവുമായ ഒരു വിശകലനപദ്ധതി മുന്നോട്ടുവയ്ക്കുന്നു രവിചന്ദ്രൻ. വലിയൊരളവിൽ, അംബേദ്കർ, ബ്രാഹ്മണ്യത്തെയും അത് ഊട്ടിയുറപ്പിച്ച വേദോപനിഷത് പാരമ്പര്യങ്ങളെയും അതുവഴി വേരുറച്ചു തുടങ്ങിയ ഹിന്ദുമതത്തെയും നിരാകരിക്കാനുള്ള ആദ്യപടിയായി ചൂണ്ടിക്കാണിക്കുന്ന ഗീതാ നിരാസം രവിചന്ദ്രൻ പിന്തുടരുന്നു. മനുസ്മൃതിയുടെ സംഗ്രഹരൂപമാണ് ഗീതയെന്നും അത് വർണവ്യവസ്ഥയുടെ ആധികാരികഗ്രന്ഥമാണെന്നും അംബേദ്കർ (വാല്യം, ആറ്, സമ്പൂർണകൃതികൾ).
അംബേദ്കറുടെ ഗീതാവിമർശനത്തെ പിന്തുടർന്ന് രവിചന്ദ്രൻ എഴുതുന്നു: 'ജ്ഞാനമാർഗ്ഗം മാത്രമാണ് യഥാർത്ഥ മോക്ഷമാർഗ്ഗമെന്ന് ഗീത പഠിപ്പിക്കുന്നുവെന്ന് ശങ്കരൻ പറഞ്ഞപ്പോൾ ഗീതയിലെ അസ്സൽ മോക്ഷസൂത്രം കർമ്മമാർഗ്ഗമാണെന്ന് തിലകൻ വാദിച്ചു. എല്ലാത്തരം മോക്ഷമാർഗ്ഗങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന അവിയൽ രീതി ഗീത പിന്തുടരുന്നുവെന്ന ചില ഗീതാപണ്ഡിതരുടെ നിലപാട് തിലകന് ഒട്ടും സ്വീകാര്യമായിരുന്നില്ല. ഖുർ-ആൻ, ബൈബിൾ എന്നിവയെപ്പോലെ ഗീതയും മതസുവിശേഷസാഹിത്യമാണെന്ന് ധരിക്കുകയും പ്രസ്തുത മുൻവിധിയോടെ അതിൽ നല്ലത് മാത്രം കാണാനും കാണാനാവുന്നില്ലെങ്കിൽ തെരഞ്ഞുപിടിക്കാനും അതും സാധ്യമല്ലെങ്കിൽ വ്യാഖ്യാനിച്ച് ഒപ്പിച്ചെടുക്കാനുമാണ് ഗീതാപണ്ഡിതർ പൊതുവെ ശ്രമിക്കുക. അംബേദ്ക്കറുടെ അഭിപ്രായത്തിൽ ഗീത ശരിയായ അർത്ഥത്തിൽ മതസാഹിത്യമോ ദാർശനികമോ അല്ല. ചില മതശാസനങ്ങൾക്ക് ദർശനപരമായ പ്രതിരോധം തീർക്കുകയാണ് ഗീതയുടെ പരമമായ ധർമ്മം.
ഗീത യുദ്ധത്തിന്റെ ന്യായീകരണമാണെന്ന് അംബേദ്ക്കർ എഴുതുന്നു. വ്യാഖ്യാനഫാക്ടറികൾ അടച്ചിട്ടാൽ ആർക്കും മനസ്സിലാകുന്ന കാര്യമാണത്. അദ്ധ്യായം 2:2-28 വരെ കൃഷ്ണൻ യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും അതിനായി പലതരം ന്യായവാദങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. എല്ലാം അവസാനിച്ചേ മതിയാകൂ; മനുഷ്യനും മരിക്കും. ആ നിലയ്ക്ക്, സ്വാഭാവികമരണവും കൊല്ലപ്പെടലും തമ്മിൽ വ്യത്യാസമില്ല. ജീവിതം അയഥാർത്ഥമാണ്, ശരിക്കും അതൊരു മായാനുഭവമാണ്, അങ്ങനെയൊന്ന് ഇല്ലാതാകുന്നതിൽ പരിതപിക്കാനെന്തിരിക്കുന്നു? എന്തായാലും മരണം അനിവാര്യം, അപ്പോൾപ്പിന്നെ അത് എങ്ങനെ സംഭവിക്കുന്നു എന്നോർത്ത് ആശങ്കപ്പെടേണ്ട കാര്യമെന്ത്? ശരീരവും ആത്മാവും ഒന്നാണെന്നു കരുതുന്നതു തെറ്റാണ്, ശരീരം നശിച്ചാലും ആത്മാവ് നശിക്കുന്നില്ല, ആത്മാവ് നിത്യവും അവിനാശിയും അനാദിയും അന്തര്യാമിയുമാണ്, കൊല്ലുന്നു എന്ന വാദവും കൊല്ലപ്പെട്ടു എന്ന് ചിന്തിക്കുന്നതും ഭോഷ്‌ക്കാണ്, നശിക്കുന്നത് ശരീരം മാത്രമാണ്, അതുകൊണ്ടുതന്നെ കൊല്ലുന്നതിന്റെ പേരിലുള്ള ആശങ്കയും സമ്മർദ്ദവും ദുഃഖവുമൊക്കെ അനാവശ്യമാണ്... ഇങ്ങനെ പോകുന്നു ഗീതയിലെ ചപലവാദങ്ങൾ. [BLURB#1-H] ചാതുർവർണ്യത്തിന്റെ ന്യായീകരണമാണ് ഗീതയുടെ ജന്മദൗത്യമെന്ന് അംബേദ്ക്കർ നിരീക്ഷിക്കുന്നു. ചാതുർവർണ്യം ദൈവനിർമ്മിതവും പരിപാവനവുമാണെന്ന് ഗീത ഉദ്‌ഘോഷിക്കുന്നുണ്ട്. മനുഷ്യനിലെ ജന്മസഹജമായ ഗുണവും സ്വഭാവവുമാണത്രെ വർണ്ണവിഭജനത്തിന്റെ മാനദണ്ഡം. ഗീത പ്രതിരോധിക്കുന്ന മറ്റൊരു മതശാസനം കർമ്മമാർഗ്ഗമാണ്. ഗീത കർമ്മമാർഗ്ഗത്തെയാണ് അധികവും പിന്തുണയ്ക്കുന്നതെന്ന് തിലകനെപ്പോലെ അംബേദ്ക്കറും അഭിപ്രായപ്പെടുന്നുണ്ട്. മതാചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പൂജഹോമാദികൾ, യജ്ഞങ്ങൾ തുടങ്ങി മതത്തെയും പുരോഹിതരെയും പോഷിപ്പിക്കുന്ന ചടങ്ങുകൾ മുടക്കില്ലാതെ നിർവ്വഹിക്കപ്പെടണമെന്ന ശാഠ്യമാണ് ഗീത മുന്നോട്ടുവെക്കുന്നത്. അന്ധവും ചിന്താശൂന്യവുമായ സമർപ്പിതഭക്തിയും അതാവശ്യപ്പെടുന്നു'. [BLURB#2-H] ബുദ്ധമതം പ്രചരിപ്പിച്ച അഹിംസയ്‌ക്കെതിരെയുള്ള ബ്രാഹ്മണ ഗൂഢാലോചനയാണ് ഭഗവത്ഗീതയെന്നു സ്ഥാപിക്കുന്നു രവിചന്ദ്രൻ. വേദോപനിഷത്തുകളുടെ സാരസർവസ്വമാണ് ഗീതയെന്ന വ്യാഖ്യാനങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്നു. ബുദ്ധമതത്തെ ഇല്ലായ്മചെയ്ത പാപത്തിൽനിന്ന് ബ്രാഹ്മണമതത്തെ രക്ഷിക്കാൻ ശ്രമം നടത്തുന്ന ചിലരാണ് ബുദ്ധതത്വങ്ങൾ തന്നെയാണ് ഗീതയിലും എന്നു വാദിക്കുന്നത്. രവിചന്ദ്രൻ, അതും അടിസ്ഥാനരഹിതമാണെന്നു സൂചിപ്പിക്കുന്നു. ചരിത്രധാരണയും മതവിമർശനവും മാനവികതാബോധവും കൂട്ടിയിണക്കി ഗ്രന്ഥകാരൻ എഴുതുന്നു: 'ഭഗവദ്ഗീത അഹിംസയ്ക്ക് എതിരെയുള്ള ബ്രാഹ്മണഗൂഢാലോചനയാണെന്ന വാദത്തിന് പഴക്കമേറെയുണ്ട്. ബൗദ്ധദർശനങ്ങൾക്കെതിരെയുള്ള ബ്രാഹ്മണമതത്തിന്റെ ആശയപ്രചരണത്തിന്റെ ഭാഗമായാണ് ഗീത എന്ന രണഗീതം ആദ്യഘട്ടത്തിൽ വായ്‌മൊഴിയായി രൂപം കൊള്ളുന്നത്. വൻതോതിൽ വിപുലീകരിച്ച ശേഷം പിൽക്കാലത്ത് അത് മഹാഭാരതത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു. ഗുപ്തകാലഘട്ടത്തിൽ അതിന് അന്തിമരൂപം കൈവന്നു. പ്രാരംഭദശയിൽ കേവലം 15000 ശ്ലോകം മാത്രമുണ്ടായിരുന്ന ജയം എന്ന കുടുംബകലഹകഥ ലക്ഷത്തിലധികം ശ്ലോകങ്ങളുള്ള മഹാഭാരതമായി വികസിച്ചപ്പോൾ സംഭവിച്ച കൂട്ടിച്ചേർക്കലുകളിൽ ഒന്നുതന്നെയാണ് ഗീതയും. ബൗദ്ധനായിരുന്ന മൗര്യചക്രവർത്തി അശോകന്റെ വിഷാദംതന്നെയാണ് അർജ്ജുനവിഷാദയോഗമായി ഗീതയിൽ പുനർജനിക്കുന്നത്.
ഉപനിഷത്തുക്കളുടെ സത്താസംഗ്രഹമാണ് ഗീതയെന്ന വിഖ്യാതമായ പശു-കറവക്കാരൻ-കുട്ടി ഉപമ കേവലമായ ഒരു ചുരുക്കിക്കാണലാണ്. വാസ്തവത്തിൽ ബൗദ്ധദർശനമായ അഹിംസാധർമ്മത്തെ ഇകഴ്‌ത്തിക്കാട്ടുകയാണ് ഗീതയുടെ ജന്മലക്ഷ്യം. പരിത്യജിക്കാൻ (renounce) ആവശ്യപ്പെടുന്ന ബൗദ്ധദർശനങ്ങളേക്കാൾ വെട്ടിപ്പിടിക്കാനും കത്തിക്കരിക്കാനും ഉദ്ദീപിപ്പിക്കുന്ന ഹിംസാതത്ത്വങ്ങൾക്ക് മതപ്രചരണമേഖലയിൽ പ്രായോഗികമൂല്യം കൂടുതലാണെന്ന് ബ്രാഹ്മണമതം തെളിയിച്ചു. ജയിച്ചാൽ രാജ്യം മരിച്ചാൽ സ്വർഗ്ഗം എന്ന ഗീതാവാഗ്ദാനം സാധാരണജനത്തെ പെട്ടെന്ന് കീഴ്‌പ്പെടുത്തുമെന്ന തിരിച്ചറിവായിരുന്നുവത്. ഇതുതന്നെയാണ് പിൽക്കാലത്ത് മുഹമ്മദും കത്തോലിക്കാമതവും അടിവരയിട്ട് തെളിയിച്ചത്. ഹിംസയും കൊള്ളയും മുറുകെപിടിക്കാത്ത മതങ്ങൾ കാലാന്തരത്തിൽ തളരുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു; ഘോരമതങ്ങൾ അതിജീവിക്കുമെന്നും'.
തുടർന്ന്, നിശിതമായ വിമർശനബോധത്തോടെ ഗീതയുടെ ഉള്ളടക്കവും രാഷ്ട്രീയവും രവിചന്ദ്രൻ ഇങ്ങനെ സംഗ്രഹിക്കുന്നു: 'കൊല്ലാനും കൊള്ളയടിക്കാനും പ്രേരണ നൽകുന്ന മതപുസ്തകങ്ങൾ സാധാരണയാണ്. ഗീത അതിലൊന്ന് മാത്രം. ഗീതയിൽ ഉള്ളതിലധികം സാരോപദേശവും സന്മാർഗ്ഗികമൂല്യങ്ങളും പഞ്ചതന്ത്രം കഥകളിലും വിക്രമാദിത്യകഥകളിലുമുണ്ട്. പക്ഷെ അതിലൊന്നും മതവും ആൾദൈവവുമില്ലാത്തതിനാൽ അവയൊക്കെ എല്ലാവരും വായിച്ച് രസിക്കുന്നു, ആസ്വദിക്കുന്നു. മതോത്പന്നമായതിനാൽ മതപിന്തുണയുള്ളതിനാൽ ഗീതപോലൊരു വിലക്ഷണഗ്രന്ഥം വന്യമായി ആഘോഷിക്കപ്പെടുന്നു. പരസ്പരവിരുദ്ധമായ വാദങ്ങളും സൂചനകളും കൊണ്ട് സമ്പന്നമായ ഗീതയിൽ സന്ദേശപരമായ ഐക്യമോ ഏകതാനതയോ ഇല്ല. ബുദ്ധനെയും അശോകനെയും പരിഹസിച്ച് ബ്രാഹ്മണമതത്തിന്റെ പ്രതിലോമകരമായ മൂല്യങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽ ഗീത വിജയിക്കുന്നുണ്ട്. സെമറ്റിക്മതങ്ങളുടെ അധിനിവേശത്തെ ചെറുക്കാനുള്ള പടപ്പാട്ടായി ഹിന്ദുനേതൃത്വം പിൽക്കാലത്തിതിനെ പ്രയോജനപ്പെടുത്തി. തിലകൻ അതിന്റെ സമരോത്സുകതയും രണവീര്യവും തിരിച്ചറിഞ്ഞു. ഗോഡ്‌സെകളും ഗാന്ധിമാരും അതിൽനിന്ന് പുറത്തുവന്നു. ഒരിക്കൽ ബുദ്ധനെതിരെ വലിച്ചെറിഞ്ഞ ആ കല്ല് ഇന്നും ഭീതിദമായി അലഞ്ഞുതിരിയുകയാണ്.'
ഗാന്ധിയുടെ ഗീതാഭക്തി, മതഭ്രാന്തിനോളം ചെന്നെത്തിയ ഒന്നായിരുന്നുവെന്നും വർണ, ജാതിവ്യവസ്ഥകളെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറായത് ഗീത അവ നിർദ്ദേശിക്കുന്നതുകൊണ്ടാണെന്നും രവി ചൂണ്ടിക്കാണിക്കുന്നു (പതിനെട്ടാമധ്യായം). അതേസമയംതന്നെ ഗീത വലിയൊരു വ്യാജമാണെന്ന സംഘപരിവാർ പ്രമുഖൻ ടി.ആർ. സോമശേഖരന്റെ അഭിപ്രായം അദ്ദേഹവുമായുള്ള അഭിമുഖത്തിൽ വായിക്കാം (ഇരുപത്തിരണ്ടാമധ്യായം).
സോമശേഖരനിൽനിന്നുതന്നെ തുടക്കമിടുന്ന 'വേദാന്തം എന്ന യക്ഷിക്കഥ'യാണ് രണ്ടാം ഭാഗം. 'ശങ്കരൻ വേദാന്തത്തെ വികൃതമാക്കി'യെന്ന വിമർശനവുമായി ഈ വിഷയം ചർച്ചചെയ്യുന്ന എം. രാമകൃഷ്ണൻനായരാണ് ഇവിടെ രവിചന്ദ്രന്റെ സംവാദത്തിലെ പങ്കാളി. മതപുരോഹിതന്മാരെക്കാൾ ബാലിശമായി 'ഗീതാദർശനം' എന്ന ഗ്രന്ഥമെഴുതി ഗീതയെയും വേദാന്തത്തെയും മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരൻ സി. രാധാകൃഷ്ണനെ തൊലിയുരിച്ചു നിർത്തുന്നു, ഈ ഭാഗത്ത് രവിചന്ദ്രൻ.
'ബോധത്തിന്റെ ജനിതകം' എന്ന മൂന്നാംഭാഗമാകട്ടെ, രാധാകൃഷ്ണന്റേതുപോലുള്ള 'ബാലശാസ്ത്രവാദ'ങ്ങളെപ്പോലും തോല്പിക്കുന്ന 'വ്യാജശാസ്ത്രവാദ'ങ്ങൾകൊണ്ട് ഗീതയെ സ്തുതിക്കുന്ന കാഴ്ചപ്പാടുകൾ ഖണ്ഡിക്കുന്നു. 'ബോധം' എന്ന സങ്കല്പനം കേന്ദ്രീകരിച്ച് ക്വാണ്ടം മെക്കാനിക്‌സ് മുതൽ മസ്തിഷ്‌ക്ക വിജ്ഞാനം വരെയുള്ളവ മുൻനിർത്തി ഗീതയും വേദാന്തവും മറ്റും വ്യാഖ്യാനിച്ച് പുതിയ സിദ്ധാന്തങ്ങളുണ്ടാക്കുന്ന ഫ്രിജോഫ് കാപ്ര മുതൽ ദീപക് ചോപ്ര വരെയുള്ള ഒരു നിര കപടതത്വചിന്തകരാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്.
'മതാതീത ആത്മീയത കന്യകയായ മാതാവാണ്' (പുറം 12)
'അങ്ങാടിമധ്യത്തിൽ കൊണ്ടുവച്ച കാളത്തല പോലെ ഗീത ശ്രദ്ധിക്കപ്പെട്ടു' (പുറം 151)
'മാഫലേഷുകണാഗുണാ' (പുറം 363)
'ഹിന്ദുമതത്തിലെ പെന്തക്കോസ്തുകളാണ് വേദാന്തികൾ' (പുറം 466) എന്നിങ്ങനെ ചിരിയും ചിന്തയും ഒന്നിച്ചു സൃഷ്ടിക്കുന്ന ഉശിരൻ പ്രയോഗങ്ങൾ ഒരുപാടുണ്ട് ഈ ഗ്രന്ഥത്തിൽ.
ഒന്നിനൊന്നു മൗലികവാദപരമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ മത-സാമൂഹ്യചിന്തകളിൽ യുക്തിയുടെ തിരികൊളുത്താൻ രവിചന്ദ്രൻ നടത്തുന്ന ശ്രമം അഭിനന്ദനീയമാണ്. സാമൂഹ്യനീതി, മാനവികത, ജനാധിപത്യം, മതേതരത്വം, ശാസ്ത്രീയത. എന്നിങ്ങനെ എത്രയെങ്കിലും മൂല്യങ്ങളോടുചേർന്നുനിന്ന് നമ്മുടെ ചിന്താപാരമ്പര്യങ്ങളെയും വിചാരമണ്ഡലങ്ങളെയും പുനർവായിക്കുന്ന രീതിപദ്ധതിയെന്ന നിലയിൽ 'ബുദ്ധനെ എറിഞ്ഞ കല്ല്' അവതരിപ്പിക്കുന്ന ഗീതാവിശകലനം ചരിത്രപരമായ ഒരു ഓർമ്മപ്പെടുത്തൽ തന്നെയാണ്.
ബുദ്ധനെ എറിഞ്ഞകല്ല് : ഭഗവത്ഗീതയുടെ ഭാവാന്തരങ്ങൾ
സി. രവിചന്ദ്രൻ
ഡി.സി. ബുക്‌സ്, 2014
വില : 325 രൂപ
ഗ്രന്ഥത്തിൽനിന്ന് : 125 വർഷം ജീവിക്കണമെന്ന് ആഗ്രഹിച്ച ഗാന്ധിജിയും, ഗാന്ധിയെ വെടിയുണ്ടകൾകൊണ്ടാദരിച്ച നാഥുറാം ഗോഡ്‌സെയും നെഞ്ചോട് ചേർത്ത് പിടിച്ച മതഗ്രന്ഥം ഭഗവദ്ഗീതയായിരുന്നു. അന്ധവിശ്വാസം ഒരു സവിശേഷമായ മസ്തിഷ്‌ക നിലപാടാകുന്നു. മന്ത്രവാദം മുതൽ മതസാഹിത്യം വരെ വിശ്വാസിക്ക് നൽകുന്ന ആശ്വാസവും ആവേശവും അളവറ്റതാണ്. ഒരർത്ഥത്തിൽ മതചിന്ത യാഥാർത്ഥ്യത്തിന്റെ വിപരീതം കൂടിയാണ്. ജീവിത നേട്ടങ്ങൾക്കു കാരണം വഴികാട്ടിയായി വർത്തിക്കുന്ന ഒരു മത പുസ്തകമാണെന്ന് വിശ്വാസി ആണയിടും. പലർക്കും ഇത് പുസ്തകങ്ങളാണ്. മതശാസനം ശരിയായി പഠിക്കാത്തതാണ് ലോകം ഇരുളാൻ കാരണമെന്നും അവൻ കണ്ടെത്തും. അവിടെയും ചൂണ്ടിക്കാട്ടപ്പെടുന്ന പുസ്തകങ്ങൾ പലതാണ്. കാമുകന്റെ പ്രപഞ്ചം പ്രണയിനിയുടെ മിഴിയിണകളിലേക്കു പരിമിതപ്പെടുന്നതുപോലെ വിശ്വാസിയുടെ ലോകവീക്ഷണം സദാ അവന്റെ മതഗ്രന്ഥങ്ങളെ പ്രദക്ഷിണം ചെയ്യുന്നു.
ബാധ ഒഴിപ്പിക്കണമെങ്കിൽ രോഗിയും ബന്ധുക്കളും ബാധയിൽ വിശ്വസിക്കേണ്ടതുണ്ട്. മത സാഹിത്യത്തിന്റെ കാര്യവും സമാനം. അന്ധമായ മതഭക്തിയും വിശ്വസിക്കുന്നതൊക്കെ ശരിയാകണേ എന്ന അഗാധമായ ആഗ്രഹമുണ്ടെങ്കിൽ മത പുസ്തകങ്ങളിൽ സമസ്ത പരിഹാരങ്ങളും ആധുനിക ശാസ്ത്രത്തിനു പോലും അജ്ഞാതമായ പ്രപഞ്ചസത്യങ്ങളും കണ്ടെത്താനാവും, മദ്യപൻ വൈദ്യുതപോസ്റ്റിൽ പിസാഗോപുരം കാണുന്നതുപോലെയാണത്. ഗീതാന്ധവിശ്വാസത്തിന്റെ കാര്യവും ഭിന്നമല്ല. മദ്യപിച്ച് ലക്കുകെട്ടാൽ അച്ഛനും മകനും ഒരുപോലെ എന്നുപറയുന്നതുപോലെയാണ് അന്ധവിശ്വാസികളുടെയും കാര്യം. അന്ധവിശ്വാസികളുടെ മസ്തിഷ്‌കം പ്രവർത്തിക്കുന്നത് ഏറെക്കുറെ സമാനമായാണ്. അവിടെ ഭിക്ഷക്കാരനെന്നോ ശാസ്ത്രജ്ഞനെന്നോ പുരോഹിതനെന്നോ സന്ന്യാസിയെന്നോ ഉള്ള വ്യത്യാസമില്ല.
അവനവനെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവൻ നാസ്തികനാവും. വന്മരത്തിന്റെ ഉച്ചിയിലെ ചില്ലകൊമ്പിലിരുന്ന് പാടുന്ന ചെറുകിളിയെപ്പോലെയാണവൻ. കാറ്റും മഴയും കിളിയെ ആശങ്കപ്പെടുത്തുന്നില്ല. ഇരിക്കുന്ന കമ്പൊടിഞ്ഞാലും മഴകോരിച്ചൊരിഞ്ഞാലും കാറ്റ് ചീറിയടിച്ചാലും കിളിപ്പാട്ട് നിലയ്ക്കുകയുമില്ല. കാരണം കിളി വിശ്വസിക്കുന്നത് അതിന്റെ ചിറകുകളിലാണ്. കമ്പും കാറ്റും മഴയും തുണച്ചാലും ചിറകിന് കരുത്തില്ലെങ്കിൽ അതിജീവിക്കില്ല. എല്ലാം തുണച്ചാൽ സന്തോഷം- ഇല്ലെങ്കിലും ദുഃഖമില്ല. പൊതുവെ വിശ്വാസികളെ വരിഞ്ഞുമുറുക്കുന്ന ആശങ്കകളും സംഘർഷങ്ങളും അശാന്തിയും നാസ്തികനെ തീണ്ടാത്തതിന് കാരണമാണത്. അമിത പ്രതീക്ഷകളില്ലാത്ത അവന് സദാ ജീവിതത്തോട് പ്രസാദാത്മകമായ ആഭിമുഖ്യം വച്ചുപുലർത്താനാവും.
കരിക്കാനായി മുറിവുണ്ടാക്കുന്നവനാണ് മതഭക്തൻ. വാസ്തുശാസ്ത്രത്തിലുള്ള വിശ്വാസം സൃഷ്ടിക്കുന്ന ഭീതി വാസ്തുക്കാരനെ സമ്പന്നനാക്കിയവൻ പരിഹരിക്കും. ഗീത വായിച്ച് മനഃശാന്തി നേടുമെന്ന് വാദിക്കുന്നവർ ഗീതയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ഒരിക്കലും അനുഭവിക്കാനിടയില്ലാത്ത ഒരു സാങ്കൽപിക പ്രശ്‌നത്തിന് പരിഹാരം തേടുകയാണ്. ആത്മീയത ഒരുതരം വിലക്ഷണമായ മതഭക്തിയാണ്. ആത്മാവിൽ വിശ്വസിക്കുമ്പോൾ ആത്മവിശ്വാസം അസ്തമിക്കുന്നു. ശരീരമെന്നും ആത്മാവെന്നും രണ്ടുണ്ടെന്നും താൻ യഥാർത്ഥത്തിൽ ശരീരമല്ലെന്നുമുള്ള വികല ധാരണയാണ്ആത്മീയതയുടെ അടിസ്ഥാനം. പ്രാർത്ഥിക്കാത്തവർക്ക് ഉണ്ടാകാത്ത പ്രശ്‌നങ്ങൾ പ്രാർത്ഥിച്ചും ധ്യാനിച്ചും മറികടക്കാമെന്ന അത്യാഗ്രഹമാണ് മതവിശ്വാസത്തിന്റെ ഉള്ളടക്കം. ഊന്നുവടി ശീലിച്ചവന് അത് മൂന്നാംപാദമായി മാറുന്നു. ജീവിതം ആസ്വാദ്യകരമാക്കാൻ രണ്ടു പാദങ്ങൾ മതിയെന്ന തിരിച്ചറിവാണ് നാസ്തികത.
ആത്മീയവാദി പരാജയപ്പെട്ട മതവിശ്വാസിയാകുന്നു. നിരാശാഭരിതനായ ആത്മീയവാദി നിഗൂഢതാവാദിയാവും. ശരാശരി മതവിശ്വാസി തന്റെ വിശ്വാസങ്ങളിൽ പരസ്യമായി അഭിരമിക്കുമ്പോൾ അതേ അന്ധവിശ്വാസങ്ങളെ രഹസ്യമായി താലോലിക്കുകയും താനതിനൊക്കെ ഉപരിയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവനാണ് ആത്മീയവാദി. അതായത് മതവിശ്വാസിയും ആത്മീയവാദിയും തമ്മിലുള്ള വ്യത്യാസം കാപട്യത്തിന്റെ കാര്യത്തിൽ മാത്രമാണ്. മതാതീത ആത്മീയത കന്യകയായ മാതാവാണ്
തോട്ടി തോട്ടിയായി ജീവിച്ചില്ലെങ്കിൽ അടുത്ത ജന്മം പട്ടിയായി ജനിക്കുമെന്ന് പ്രചരിപ്പിക്കുന്ന ഗ്രന്ഥമാണെങ്കിലും ഗീത അന്ധവിശ്വാസസാഹിത്യമാണെന്ന് ഭക്തർ സമ്മതിച്ചു തരില്ല. മോശം അന്ധവിശ്വാസം- നല്ല അന്ധവിശ്വാസം എന്നൊരു കൃത്രിമദ്വന്ദം പ്രചാരത്തിലുണ്ട്. ഗീതയും വേദാന്തവുമൊക്കെ ഗ്രേഡ് കൂടിയ അന്ധവിശ്വാസങ്ങളാണെന്ന കപടവാദത്തെ തുറന്നു കാട്ടുകയാണ് ഈ പുസ്തകത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അന്ധവിശ്വാസമെന്നാൽ മിക്കവർക്കും അന്യന്റെ വിശ്വാസമാണ്. കൂടുതൽപേർക്ക് സ്വീകാര്യമായ അന്ധവിശ്വാസങ്ങൾ വിശുദ്ധവൽക്കരിക്കപ്പെട്ടേക്കാം- പക്ഷെ അതൊരു ഭൂരിപക്ഷഭീകരത മാത്രമാണ്. തെളിവില്ലാത്തതും യുക്തിഹീനവുമായ എല്ലാ വിശ്വാസവും അന്ധവിശ്വാസം തന്നെയാണ്. അവിടെ ഗീതയും കൂടോത്രവും പ്രേതചികിത്സയും തമ്മിലുള്ള വ്യത്യാസം പൂജ്യമാണ്. ആത്മാവ് കൂടുവിട്ട് കൂടുമാറുമെന്ന് വിശ്വസിക്കുന്ന ഗീതാഭക്തന് അലഞ്ഞു നടക്കുന്ന ആത്മാവിനെ അംഗീകരിക്കാതെ മാർഗ്ഗമില്ല.
'വിറ്റഴിയുന്നതെന്തും വിശുദ്ധമാകുന്നു' എന്നതാണ് മാദ്ധ്യമങ്ങളുടെ ഗീതാവാക്യം. മതം കൊണ്ടുവരുന്ന വ്യാപരസാധ്യതകൾ അനന്തമാണ്. ഗീത ആസൂത്രിതമായി ഊതി വീർപ്പിക്കപ്പെട്ട ഒരു മതബലൂണാകുന്നു. വ്യാഖ്യാനങ്ങൾ, പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ.... തുടങ്ങി പല രൂപങ്ങളിൽ അതവതരിക്കുന്നു. ഗീതയും ഉപനിഷത്തും മന്ത്രവാദവുമൊക്കെ ഫലത്തിൽ ഒരൊറ്റ സാധനമാണ്. ഗീതയും ഉപനിക്ഷത്തും ബൗദ്ധികമാണെങ്കിൽ കൂടോത്രവും പൊങ്കാലയും മൃഗബലിയും അങ്ങനെതന്നെ.
ഭാഷാമേന്മയുള്ളതും ശ്രവണസുന്ദരവുമായ വരികൾ ഗീതയിലുണ്ട്. ഒരുപക്ഷെ ഗീതയിൽ വന്നില്ലായിരുന്നെങ്കിൽ അവയൊന്നും ശ്രദ്ധിക്കപ്പെടുകയില്ലായിരുന്നു. പക്ഷെ ഇപ്പറഞ്ഞത് മിക്ക പൗരാണികകൃതികൾക്കും ബാധകമാണ്. മികച്ച ഭാഷയും സ്വീകാര്യമായ ആശയങ്ങളും ബൈബിളും കുർ- ആനും സെന്റ്അവസ്റ്റയും അവതരിപ്പിക്കുന്നുണ്ട്. നന്മ കുറവും തിന്മകൂടുതലും ആയതിനാലാണ് മതവും മതസാഹിത്യവും വിമർശിക്കപ്പെടുന്നത്. അല്ലാതെ അതിൽ യാതൊരു നന്മയുമില്ലാത്തതുകൊണ്ടല്ല. പൂർണ്ണമായും തിന്മ നിറഞ്ഞ ഒന്ന് രചിക്കാൻ മനുഷ്യനാവില്ല . കാരണം അവൻ അടിസ്ഥാനപരമായി നന്മയും ധാർമ്മികബോധവും ഉള്ളവനാണ്. മതത്തിന് പോലും പൂർണ്ണമായും കുത്തിയണയ്ക്കാനാവാത്ത മതേതരമായ ധാർമ്മികബോധമാണ് അവനിൽ കത്തിയെരിയുന്നത്. ആധുനിക സയൻസിനോട് പൊരുത്തപ്പെടാത്ത ആശയങ്ങൾ കുത്തി നിറച്ചിരിക്കുന്നതുകൊണ്ട് മാത്രം ആരും മത സാഹിത്യത്തെ വിമർശിക്കാറില്ല. നിർമ്മാണ കാലഘട്ടത്തിലെ സയൻസേ മതഗ്രന്ഥങ്ങളിലുണ്ടാവൂ. പക്ഷെ ആധുനിക സയൻസ് മുഴുവൻ തങ്ങളുടെ മതഗ്രന്ഥത്തിലുണ്ടെന്ന നാണംകെട്ട അവകാശവാദം ഉന്നയിക്കപ്പെടുമ്പോൾ മാത്രമേ മതസാഹിത്യം പ്രതിക്കൂട്ടിലാവൂ.
സ്വന്തം ആഗ്രഹങ്ങളെക്കുറിച്ച് ഭക്തൻ തന്നോട് തന്നെ സംവദിക്കുന്നതാണ് പ്രാർത്ഥന. പ്രാർത്ഥനയില്ലാതെ സംഭവിക്കുന്നവയും പ്രാർത്ഥനയില്ലാതിരുന്നപ്പോൾ സംഭവിച്ചുകൊണ്ടിരുന്നതുമായ കാര്യങ്ങൾ മാത്രമേ പ്രാർത്ഥിക്കുമ്പോഴും സംഭവിക്കുന്നുള്ളൂ. ഭക്തൻ ദൈവത്തോടു സംസാരിക്കുന്നത് സഹനീയമെങ്കിലും ദൈവം ഭക്തനോട് സംസാരിച്ചു തുടങ്ങുന്നതോടെ കളി കൈവിട്ട് പോകുന്നു. ദൈവങ്ങൾ ഏതെങ്കിലും ഒരു പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യരോട് മാത്രം പ്രാദേശികഭാഷയിൽ സംസാരിക്കുകയും അതിന്റെ വിശദാംശങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെയൊരു കാലത്താണ് ഗീതയുടെയും ജനനം. മത ഗ്രന്ഥങ്ങളിൽ പൊതുവായി കാണപ്പെടുന്ന എല്ലാ ചപലതകളും ദൗർബല്യങ്ങളും അതിലും കാണാനാവും. പലപ്പോഴും മതഗ്രന്ഥങ്ങളോടുള്ള പ്രണയം രൂപം കൊള്ളുന്നത് മരണാനന്തരശമ്പളം ലഭിക്കുമെന്ന വാഗ്ദാനത്തെ ആധാരമാക്കിയാണ്. അസഹനീയമായ ഭൗതികാസക്തിയിൽ നിന്നുരുവം കൊള്ളുന്ന വികലപ്രതീക്ഷകളാണ് പരലോക ചിന്തകൾ. ഗീതാപഠനവും പാരായണവും ശ്രവണവും അത്തരത്തിലുള്ള ഒരു സുകുമാരകലയാണ്. മദ്യമോ മയക്കുമരുന്നോ മതമോ ആകട്ടെ, എല്ലാത്തരം ലഹരികളും അതിന്റെ ഉപഭോക്താക്കളെ ഹരം കൊള്ളിക്കും-ഗീത ചെയ്യുന്നതും മറ്റൊന്നല്ല.
ഏത് ഗ്രന്ഥത്തെയും സമഗ്രമായി പരിഗണിച്ചാണ് ഗുണദോഷങ്ങൾ വിലയിരുത്തേണ്ടത്. രചനയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പശ്ചാത്തലം പ്രധാനമാണ്. ബങ്കിംചന്ദ്രചാറ്റർജി മുതൽ ഇങ്ങോട്ടുള്ള ആധുനിക വ്യാഖ്യാതാക്കളിൽ നല്ലൊരു പങ്കും ഗീതയെ കർമ്മസുവിശേഷമായി പ്രഖ്യാപിക്കാൻ താൽപര്യപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ അവരുടെ ഗീത ആദ്യത്തെ നാല് അദ്ധ്യായങ്ങളിലൊതുങ്ങുന്നു. മിക്ക ഗീതാവ്യാഖ്യാനങ്ങളും ഭാഷാക്കസർത്തിലൂടെ ആടിനെ പട്ടിയാക്കി വിശ്വാസിയെ കബളിപ്പിക്കാനുള്ള ശ്രമമാണ്. നമ്മുടെ ദൈവം ഭയങ്കര ദൈവമാണെന്ന് വ്യാഖ്യാതാവ് പറയുമ്പോൾ എന്തും വെട്ടിവിഴുങ്ങി ശീലിച്ചവർക്കത് വിശിഷ്ടഭോജ്യമായി തീരുന്നു.
ബുദ്ധൻ അഹിംസയ്ക്കുവേണ്ടി ജീവിച്ചെങ്കിൽ ഗീത ലക്ഷ്യമിട്ടത് മനുഷ്യക്കുരുതിയാണ്. ബുദ്ധനെ എറിഞ്ഞ കല്ല് എന്ന പേരിന് ഗീത അർഹത നേടുന്നത് അങ്ങനെയാണ്. പണ്ടും രക്തം ഒഴുകുമ്പോഴാണ് ദൈവങ്ങൾക്ക് സന്തോഷം ജനിക്കുന്നത്. ഗീതയിലെ കൃഷ്ണനും വിഭിന്നനല്ല. ഗീത മുന്നോട്ടുവെക്കുന്നതായി പ്രചരിപ്പിക്കപ്പെടുന്ന നിസംഗകർമ്മം സാമാന്യം ഭേദപ്പെട്ട ഒരു മതഫലിതം മാത്രമാണ്. അപ്രായോഗികവും അസാധ്യവും അസംഭവ്യവുമായ ഈ വികല സങ്കൽപ്പത്തെ ഗീത സ്വന്തം നിലയിൽ തന്നെ പരിഹസിക്കുന്നുണ്ട്.
മറ്റേതൊരു മതകൃതിയെയും പോലെ ആവർത്തനങ്ങളും ആശയക്കുഴപ്പങ്ങളും വൈരുദ്ധ്യങ്ങളുംകൊണ്ട് സമ്പന്നമാണ് ഗീതയും. ആദ്യാവസാനം അതിൽ വൈരുദ്ധ്യമില്ലാതെ നിലകൊള്ളുന്നത് അതിന്റെ സ്ഥായിയായ മാനവികവിരുദ്ധത മാത്രമാണ്. പ്രകടമായ ആഭ്യന്തരവൈരുദ്ധ്യം മൂലം കർമ്മണ്യതയും സന്ന്യാസവും ദ്വൈതവും അദ്വൈതവും ഗീതകൊണ്ടു സാധൂകരിക്കാം. വേദസാഹിത്യം, സ്വർഗ്ഗ-നരകങ്ങൾ എന്നിവയെ ന്യായീകരിക്കാനും ഇകഴ്‌ത്താനും ഗീത സഹായിക്കും. സ്ത്രീകൾക്കെതിരെയും കീഴാളർക്കെതിരെയും അത് സമർത്ഥമായി ഉപയോഗിക്കാം. വർണ്ണവ്യവസ്ഥ അരക്കിട്ടുറപ്പിക്കാൻ നിർമ്മിച്ച ഗീത ജാതിവ്യവസ്ഥയ്‌ക്കെതിരെ രചിക്കപ്പെട്ട ഗ്രന്ഥമാണെന്ന് വേണമെങ്കിലും അവകാശപ്പെടാം! കുലബോധത്തിൽനിന്ന് വർ ണ്ണബോധത്തിലേക്ക് സമൂഹം മാറിയതിന്റെ സൂചന ഗീതയിലുണ്ടെന്നു വാദിക്കുന്നവർ വർണ്ണത്തെ വർഗ്ഗമായി വിലയിരുത്തുന്നു. ഗീതയുടെ തിരക്കഥയിൽ അവസാനം കൃഷ്ണന്റെ കുലവും അർജ്ജുനന്റെ കുലവും നശിക്കുന്നു-ബ്രാഹ്മണനും ക്ഷത്രിയനും അതിജീവിക്കുന്നു!
മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഗീത ഒരു വിശുദ്ധപശുവായി മാറിയിട്ടുണ്ട്. ഗീതാവിമർശനം മതനിന്ദയോ രാജ്യദ്രോഹമോ ആയി പ്രഖ്യാപിക്കപ്പെട്ടാലും അത്ഭുതമില്ലെന്ന രീതിയിലാണ് മതേതരഭാരതം ജീർണ്ണിക്കുന്നത്. മധ്യപ്രദേശിലെ ബിജെപി. സർക്കാർ ഗീത മദ്രസകളിൽ കുർ-ആനൊപ്പം പഠിപ്പിക്കണമെന്ന തീരുമാനമെടുക്കുകയുണ്ടായി. ഒരു മതഗ്രന്ഥം മറ്റൊരു മതപാഠശാലയിൽ നിർബന്ധമായും പഠിപ്പിക്കണമെന്ന ശാഠ്യം മതേതരതത്വങ്ങളുടെ ലംഘനമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സുപ്രീംകോടതി ജഡ്ജിമാർ വരെ ഗീത കുട്ടികൾക്കുള്ളതാണെന്ന രീതിയിൽ മതപ്രചരണം തുടങ്ങിക്കഴിഞ്ഞു.