സാധാരണക്കാരായ നികുതി ദായകർക്ക് നൂറുകൂട്ടം സംശയങ്ങൾ നൽകിയാണ് ഓരോ ബജറ്റും കടന്നുപോകുന്നത്. പ്രത്യക്ഷത്തിൽ നമ്മെ തെല്ലും ബാധിക്കില്ലെന്ന് കരുതുന്ന പ്രഖ്യാപനങ്ങൾ പോലും നിത്യജീവിതത്തെ സ്വാധീനിക്കുന്നതായി നാം മെല്ലെ അറിയാൻ തുടങ്ങും. അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും അത്തരം ഉള്ളുകള്ളികളുണ്ടോ? ബജറ്റിനെ ഒന്നടുത്തറിയാം.

കേന്ദ്ര ബജറ്റ് നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കും?

ദായനികുതിയിൽ കാര്യമായ സ്ലാബ് മാറ്റമൊന്നും വരുന്നില്ലെങ്കിലും വരവിനെ അനുസരിച്ചാകും ഈ ബജറ്റ് നിങ്ങളെ ബാധിക്കുക. ഉദാഹരണത്തിന് ഇതുവരെ 24,000 രൂപവരെയുള്ള വീട്ടുവാടകയ്ക്കാണ് നികുതിയിളവ് കിട്ടിക്കൊണ്ടിരുന്നത്. അത് 60,000 രൂപയായി ഉയർത്തിയിട്ടുണ്ട്. വർഷത്തിൽ 3,708 രൂപ മുതൽ 12,793 രൂപവരെ ലാഭിക്കാൻ ഇതിലൂടെ കഴിയും. സെക്ഷൻ 87എ പ്രകാരമുള്ള റിബേറ്റിന്റെ പരിധി 2000 രൂപയിൽനിന്ന് 5000 രൂപയായി ഉയർത്തിയതും 3000 രൂപയുടെ ലാഭം പോക്കറ്റിനുണ്ടാക്കും.

50 ലക്ഷത്തിൽക്കൂടുതൽ വിലയില്ലാത്ത വീടിനുവേണ്ടി 35 ലക്ഷത്തോളം രൂപ വായ്പയെടുക്കുകയാണെങ്കിൽ പലിശയിനത്തിൽ 50,000 രൂപയോളം ആദായനികുതിയിളവ് ലഭിക്കും. 5,150 രൂപമുതൽ 17,768 രൂപവരെ വർഷം നികുതിയിളവ് ഇത് നേടിത്തരും.

വരുമാനം കൂടുതലുള്ളവരിൽനിന്ന് കൂടുതൽ നികുതിയീടാക്കുന്ന ശൈലിയാണ് ഇക്കുറി അവലംബിച്ചിട്ടുള്ളത്. ഒരു കോടിരൂപയ്ക്കുമേൽ വാർഷികവരുമാനമുള്ളവരിൽനിന്ന് പ്രതിവർഷം 92,700 രൂപകൂടി നികുതിയിനത്തിൽ പിടിക്കും. വിദ്യാഭ്യാസ സെസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വരുത്തിയ വർധനവ് അനുസരിച്ചാണിത്. കാറുകൾ വാങ്ങുമ്പോൾ ഇൻഫ്രാസ്ട്രക്ചർ സെസ് ഇനത്തൽ ഒരു ശതമാനം മുതൽ നാലു ശതമാനം വരെ ഈടാക്കും.

ആദായ നികുതിമാറ്റം ഗുണമോ ദോഷമോ?

ദായനികുതി പരിധിയിൽ മാറ്റം വരുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ ഒരു വ്യത്യാസവുമില്ലാതെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, നികുതി ദായകന് അതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്നല്ല. റിബേറ്റ് 2000-ൽനിന്ന് 5000 ആയി ഉയർത്തിയതുപോലുള്ള പ്രയോജനങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. രണ്ടര ലക്ഷം മുതൽ അഞ്ചുലക്ഷം വരെ വരുമാനപരിധിയിൽപ്പെടുന്നവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

രണ്ടരലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയടക്കേണ്ടതില്ല. രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷം വരെ വരുമാനമുള്ളവർക്ക് പത്തുശതമാനവും അഞ്ചുമുതൽ പത്ത്‌ലക്ഷം വരെ വരമാനമുള്ളവർക്ക് 20 ശതമാനവും പത്തുമുതൽ ഒരുകോടി രൂപവരെ വരുമാനമുള്ളവർക്ക് 30 ശതമാനവുമാണ് ആദായനികുതി. ഒരുകോടിക്കുമുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനത്തിന് പുറമെ 15 ശതമാനം സർചാർജ് കൂടി നൽകണം. മുതിർന്ന പൗരന്മാർക്ക് നികുതിരഹിത വരുമാന പരിധി മൂന്നുലക്ഷം രൂപയാണ്.

പത്തുവർഷം കഴിയുമ്പോൾ ഇന്ത്യയുടെ അവസ്ഥ എന്താകും?

2025 ആകുന്നതോടെ ലോകത്തേറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യമാറുമെന്നാണ് കണക്കാക്കുന്നത്. 150 കോടിയോളമായിരിക്കും ഇന്ത്യയിലെ ജനസംഖ്യ. ഇതിൽ 40 ശതമാനത്തോളം ഗ്രാമപ്രദേശങ്ങളിലായിരിക്കും. കാർഷികവൃത്തിയിലൂന്നിയാകും ഭൂരിഭാഗം പേരും ഉപജീവനം കണ്ടെത്തുക.

മരണനിരക്ക് 2.6 ശതമാനമായി മാറുമെങ്കിലും സ്ത്രീപുരുഷന്മാരിലെ ആയുർദൈർഘ്യം 70 വയസ്സിനുമേലെയാകും.ജനസംഖ്യാവർധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം ജനങ്ങൾ സ്വയം സ്വീകരിക്കാനിടവരും.

സമ്പദ് രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനും ഇന്ത്യ വേദിയാകും. മൊത്ത ആഭ്യന്തര ഉദ്പാദനം ഇപ്പോഴത്തതിൽനിന്ന് നാലിരട്ടിയായി വർധിച്ച് എ്ട്ട് ട്രില്യൺ ഡോളറിലെത്തും. പ്രതിശീർഷവരുമാനത്തിലും ഇതനുസരിച്ചുള്ള വർധനയുണ്ടാകും. കയറ്റുമതിയിലുണ്ടാകുന്ന വർധന ഇന്ത്യയുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

50 ശതമാനം മുതൽ 80 ശതമാനം വരെ ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരായി മാറും. ഇന്ത്യയിലെ കാർവിപണി ഇപ്പോൾ അമേരിക്കയിലുള്ളതിന് തുല്യമാകും. 32 കോടിയിലേറെ ഇന്ത്യക്കാർ പ്രതിവർഷം യാത്രയ്ക്കായി വിമാനത്തെ ആശ്രയിക്കും. ബോളിവുഡിൽ 1000 കോടി രൂപ ചെലവുള്ള സിനിമകൾ സാധാരണാമായി മാറും.