- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കോവിഡും സമ്പദ് വ്യവസ്ഥയുടെ മാന്ദ്യവും ധനക്കമ്മി ഉയർത്തി; ലക്ഷ്യമിടുന്നത് നാല് ശതമാനത്തിൽ താഴെയെത്തിക്കാൻ; 12 ലക്ഷം കോടി വായ്പയെടുക്കും; വിഭവ സമാഹരണത്തിന് കൂടുതൽ ഓഹരി വിൽപ്പന; സമ്പദ്ഘടനയ്ക്ക് ഉത്തേജനം നൽകാൻ തീരുമാനിച്ച ബജറ്റെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: കോവിഡും സമ്പദ്വ്യവസ്ഥയുടെ മാന്ദ്യവും തിരിച്ചടിയായതോടെ ഉയർന്ന ധനക്കമ്മി നാലുശതമാനത്തിൽ താഴെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. സമ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിന് സർക്കാർ 12 ലക്ഷം കോടി രൂപ വായ്പ എടുക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.
നടപ്പുസാമ്പത്തിക വർഷം 9.5 ശതമാനമായി ധനക്കമ്മി ഉയരുമെന്നാണ് കണക്കുകൂട്ടൽ. മൂന്നര ശതമാനം പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്രയും ഉയർന്നത്. വരുന്ന സാമ്പത്തിക വർഷം ഇത് 6.8 ശതമാനമാക്കി കുറച്ചുകൊണ്ടുവരാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 12 ലക്ഷം കോടി രൂപ കടമെടുക്കും. ധനക്കമ്മി നാലുശതമാനത്തിൽ താഴെ എത്തിക്കുകയാണ് ബജറ്റ് അത്യന്തികമായി ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കലിലൂടെ 1.75ലക്ഷം കോടി രൂപ സമാഹരിക്കും ബിപിസിൽഎലിന് പുറമേ ഐഡിബിഐ ബാങ്ക് ഉൾപ്പെടെ മൂന്ന് പൊതുമേഖല ബാങ്കുകളുടെയും എൽഐസിയുടെയും ഓഹരികൾ വിറ്റഴിച്ച് തുക കണ്ടെത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
ആറു തൂണുകളെ അടിസ്ഥാനമാക്കിയാണ് ബജറ്റ്. ആരോഗ്യം, ക്ഷേമം, അടിസ്ഥാന സൗകര്യം അടക്കമാണിത്. തൊഴിൽശക്തി, ധനമൂലധനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയാണ് മറ്റു തൂണുകൾ. പഴയ വാഹനങ്ങൾ സ്വമേധയാ ഒഴിവാക്കുന്നതിനുള്ള പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.
അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് ഉണർവ് പകരാൻ മൂലധന ചെലവിൽ വലിയ തോതിലുള്ള മാറ്റമാണ് വരുത്തിയത്. 5.54 ലക്ഷം കോടി രൂപ ചെലവഴിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് വർധിച്ച തൊഴിലില്ലായ്മ പരിഹരിക്കാൻ അടിസ്ഥാന സൗകര്യവികസന മേഖലയ്ക്ക് കൂടുതൽ തുക നീക്കിവെയ്ക്കണമെന്ന് സർക്കാരിന് മുൻപിൽ നിർദ്ദേശം ഉയർന്നിരുന്നു. കോവിഡ് വാക്സിന് 35,000 കോടിയാണ് നീക്കിവെച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതാണ് ബജറ്റ്. ആരോഗ്യമേഖലയിലെ ചെലവഴിക്കൽ 137 ശതമാനം വർധിപ്പിക്കും. വരുന്ന സാമ്പത്തിക വർഷം ആരോഗ്യമേഖലയിൽ 2.23 ലക്ഷം കോടി രൂപ ചെലവഴിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
ഡീസൽ ലിറ്ററിന് നാലു രൂപയും പെട്രോൾ രണ്ടര രൂപയും കാർഷിക സെസായി ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. അഗ്രി ഇൻഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിർദ്ദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാൽ ഇത് ഇന്ധന വിലയിൽ പ്രതിഫലിക്കില്ല.
മദ്യത്തിന് നൂറു ശതമാനം അഗ്രി ഇൻഫ്രാ സെസ് ഏർപ്പെടുത്താനും ബജറ്റിൽ നിർദ്ദേശമുണ്ട്. അസംസ്‌കൃത പാമോയിൽ 5 ശതമാനം, അസംസ്‌കൃത സൊയാബീൻ 20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏർപ്പെടുത്തും. സ്വർണക്കട്ടി, വെള്ളിക്കട്ടി എന്നിവയ്ക്ക് അഞ്ചു ശതമാനവും ചില വളങ്ങൾക്ക് അഞ്ചു ശതമാനവും കൽക്കരിക്ക് ഒന്നര ശതമാനവും അഗ്രി സെസ് ഈടാക്കും. കടല, പീസ്, പരിപ്പ് , പരുത്തി എന്നിവയ്ക്കും അഗ്രി സെസ് ഈടാക്കുമെന്ന് ബജറ്റിൽ പറയുന്നു. നാളെ മുതൽ ഇതു നിലവിൽ വരും.
ഭവനനിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കാൻ ചെലവു കുറഞ്ഞ വീട് നിർമ്മാണത്തിന്റെ വായ്പയ്ക്ക് അനുവദിച്ച ഇളവ് തുടരും. വായ്പയിൽ ഒന്നരലക്ഷം രൂപ വരെ അനുവദിച്ച ഇളവ് ഒരു വർഷം കൂടി തുടരാനാണ് ബജറ്റ് നിർദ്ദേശം. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളുടെ നികുതി ഓഡിറ്റ് പരിധി ഉയർത്തി. 10 കോടി രൂപ വരെ വിറ്റുവരവുള്ള ഇത്തരം സ്ഥാപനങ്ങളെ ഓഡിറ്റിൽ നിന്ന് ഒഴിവാക്കും. കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയ 400 ലധികം ഇനങ്ങൾ പുനഃപരിശോധിക്കും. ഇതിനായി വിപുലമായ തോതിൽ ചർച്ചകൾ സംഘടിപ്പിക്കും. ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കും. ആത്മനിർഭർ ആരോഗ്യപദ്ധതിയാണ് ബജറ്റിലെ മറ്റൊരു സുപ്രധാന നിർദ്ദേശം. 64,180 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വൻ നിക്ഷേപം നടത്താനും ആരോഗ്യ മേഖലയുടെ ആവശ്യങ്ങൾ പരിഗണിക്കാനുമാണ് ബജറ്റിലൂടെ തീരുമാനിച്ചിരിക്കുന്നതെന്ന് പാർലമെന്റിലെ ബജറ്റ് അവതരണത്തിനു ശേഷം വാർത്താസമ്മേളനത്തിൽ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.
ഇക്കൊല്ലത്തെ ബജറ്റിൽ സമ്പദ്ഘടനയ്ക്ക് വലിയ ഉത്തേജനം നൽകാനാണ് തീരുമാനിച്ചത്. സാമ്പത്തിക മേഖലയിൽ പുരോഗമനപരമായ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ട്. എല്ലാം സുതാര്യമാണ്-നിർമല പറഞ്ഞു.
സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ ഇപ്പോൾ കൂടുതൽ സുതാര്യവും തുറന്നതുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2020 ഫെബ്രുവരിയിലെ 3.5 ശതമാനത്തിൽനിന്ന് ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 9.5 ശതമാനമായി. ധനക്കമ്മി കൈകാര്യം ചെയ്യാൻ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാർഷിക നിയമ വിഷയത്തെ കുറിച്ചും നിർമല പ്രതികരിച്ചു. വിഷയത്തെ കുറിച്ച് കർഷകരുമായി ചർച്ച ചെയ്യാൻ സർക്കാർ മുൻപും ഇപ്പോഴും തയ്യാറാണെന്ന് അവർ പറഞ്ഞു. കാർഷിക നിയമത്തിന്റെ ഓരോ ഭാഗവും എടുത്ത് കർഷകരുമായി ചർച്ച ചെയ്യാൻ കൃഷിമന്ത്രി തയ്യാറാണ്. ചർച്ചകൾ നടക്കുമെന്നാണ് കരുതുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്