തിരുവനന്തപുരം: ഗതാഗത മേഖലയ്ക്ക് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി വയ്ക്കുന്ന പുത്തൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ മുഖം മാറ്റുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. 100 കോടി രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ പ്രകൃതി സൗഹാർദമാക്കുന്നതിനായുള്ള പദ്ധതികൾ കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്ക് പുത്തൻ മാനങ്ങൾ നൽകും.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതൽ ബസുകൾ സിഎൻജിയിലേയ്ക്ക് മാറ്റും. നിലവിൽ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന 3000 ബസുകളാണ് സി.എൻ.ജിയിലേക്ക് മാറ്റുന്നത്. ഇത് കെഎസ്ആർടിസിയുടെ ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറവുള്ള സിഎൻജി എൻജിൻ വാഹനങ്ങൾ നിരത്തിൽ എത്തിക്കുന്നതിലൂടെ പ്രകൃതി സൗഹാർദ വാഹനങ്ങൾ എന്ന സന്ദേശവും ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കഴിയും. ഇതിനായി 300 കോടി രൂപയുടെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന് പുറമെ ഗ്രീൻ മൊബിലിറ്റി എന്ന ആശയത്തിന് കൂടുതൽ കരുത്തേകുന്നതിനായി ഹൈഡ്രജൻ ബസുകളും നിരത്തുകളിൽ എത്തിക്കാൻ കെഎസ്ആർടിസിക്ക് ബജറ്റിൽ അനുമതി നൽകിയിട്ടുണ്ട്. ആദ്യ ചുവടുവയ്‌പ്പായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, സിയാൽ എന്നിവയുടെ സഹകരണത്തോടെ 10 ഹൈഡ്രജൻ ഫ്യുവൽ ബസുകളാണ് എത്തുന്നത്. ഇതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

പ്രകൃതി സൗഹൃദ വാഹനങ്ങൾ നിരത്തിലെത്തിക്കാൻ കൂടുതൽ ഫണ്ടുകളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. പൊതുമേഖലയിൽ കെഎസ്ആർടിസിക്ക് ഇത്തരത്തിലുള്ള വാഹനങ്ങൾ എത്തിക്കുന്നതിന് പുറമെ സ്വകാര്യ മേഖലകളിലും ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കാനും ബജറ്റിൽ പദ്ധതികളുണ്ട്. കൂടുതൽ പേർക്ക് ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങാനുള്ള സൗകര്യങ്ങൾ സർക്കാർ ചെയ്തുകൊടുക്കും. ഇതിന് വേണ്ടി വായ്പകൾ നൽകി ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോൽസാഹിപ്പിക്കും.

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം തൊഴിൽ ശക്തിപ്പെടുത്തുന്നതിനും കൂട്ടായ പദ്ധതിയാണ് ഒരുക്കുന്നത്. ഫുഡ് ഡെലിവറി, പത്രവിതരണം, തുടങ്ങിയുള്ള ജോലികൾ ചെയ്യുന്നവർക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളും ഇലക്ട്രിക് ഓട്ടോയും നൽകുന്നതിനുള്ള വയ്പാ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം.

2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും നിരത്തുകളിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 200 കോടി രൂപയുടെ വായ്പ പദ്ധതിയാണ് ഒരുക്കുന്നത്. ഇത്തരം വായ്പാ പലിശയുടെ ഒരുഭാഗം സർക്കാർ വഹിക്കും. പലിശ ഇളവ് ഒരുക്കുന്നതിനായി 15 കോടി രൂപയും വകയിരുത്തും.

പുതുക്കാട് കെ.എസ്.ആർ.ടി.സിയുടെ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്റ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.. കിഫ്ബിയുമായി ചേർന്നായിരിക്കും കെഎസ്ആർടിസിയുടെ ഈ രണ്ട് പദ്ധതികളും നടപ്പാക്കുന്നത്. കെഎസ്ആർടിസിയുടെയും കേരളത്തിന്റെ ആകെ ഗതാഗതരംഗത്തും സമൂലമായ മാറ്റങ്ങളുണ്ടാകുന്ന നാളുകളായിരിക്കും വരാൻ പോകുന്നതെന്ന സൂചനയാണ് ഈ ബജറ്റ് നൽകുന്നത്.