തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. കേന്ദ്രം നൽകുന്ന ജിഎസ്ടി നഷ്ടപരിഹാരം ജൂണിൽ അവസാനിക്കുന്ന ഘട്ടത്തിലാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. വരുമാനം കുറയുകയും കടം കൂടുകയും ചെയ്യുന്ന കടുത്ത പ്രതിസന്ധി.

നിയമം അനുസരിച്ച് ജൂണിനുശേഷം കേന്ദ്രത്തിന് ജിഎസ്ടി നഷ്ടപരിഹാരം നൽകേണ്ടതില്ലാത്തതിനാൽ 9,000 കോടിരൂപയുടെ നഷ്ടം ഒൻപതു മാസത്തിനിടെ സംസ്ഥാനത്തിനുണ്ടാകും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ 11,000 കോടിയിലധികം രൂപയാണ് സംസ്ഥാനം കടമെടുത്തിരിക്കുന്നത്. ധനകമ്മി ഉയർന്ന് ട്രഷറി പൂട്ടൽ അടക്കമുള്ള വലിയ പ്രതിസന്ധിയും മുന്നിലുണ്ട്.

ജനങ്ങളുടെ കയ്യിൽ പണം എത്തിച്ച് വിപണി സജീവമാക്കണം, അതിന് സർക്കാരിന്റെ കയ്യിൽ പണം വേണം. ആശയങ്ങൾ പലതുണ്ടെങ്കിലും സർക്കാരിന്റെ കയ്യിൽ ഇല്ലാത്തത് പണമാണ്. ഭൂനികുതിയും വിവിധ സേവനങ്ങളുടെ നികുതിയും കൂട്ടി ജനങ്ങളെ ബാധിക്കാത്ത തരത്തിൽ വരുമാനം ഉയർത്താനാകും സർക്കാർ നീക്കം.

കേരളം കണ്ട വലിയ സാമ്പത്തിക പ്രതിസന്ധിയാണിപ്പോൾ ധനമന്ത്രി ബാലഗോപാൽ നേരിടുന്നത്. ഇനിയും കടംമേടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിന്റെ കടം. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടുകൂടി കേരളത്തിന്റെ കടം 3.36 ലക്ഷം കോടിയാകും. ഇത് മുതലിന്റെ കണക്കു മാത്രമാണ്, പലിശ വേറെയും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ചു സംസ്ഥാനം വിപണിയിൽനിന്ന് 'സ്റ്റേറ്റ് ഡവലപ്‌മെന്റ് ലോണു'കളായി മാത്രം 1.87 ലക്ഷം കോടി (1,86,658 കോടി) കടമെടുത്തിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ബജറ്റിൽ വരുമാനം കണ്ടെത്താൻ നീക്കമുണ്ടാകും. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ചിലയിനം ഫീസുകൾ വർധിപ്പിച്ചേക്കും. ഭൂമിയുടെ ന്യായവില അടക്കം ചില മേഖലകളിൽ പരിഷ്‌ക്കരണം ആവശ്യമാണെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ന്യായവിലയിൽ 10 ശതമാനത്തിലധികം വർധനവാണ് പ്രതീക്ഷിക്കുന്നത്. ന്യായവില കൂടുന്നതോടെ ഭൂമിവിലയും കുറഞ്ഞേക്കും.

ജിഎസ്ടിയിൽ 14% വരുമാന വളർച്ച ഇല്ലെങ്കിൽ ബാക്കി കേന്ദ്രം നഷ്ടപരിഹാരമായി തരുമെന്നാണ് ജിഎസ്ടി രൂപീകരണ സമയത്തെ കരാർ. നഷ്ടപരിഹാരത്തിന്റെ കാലാവധി ജൂണിൽ അവസാനിക്കും. അതുകൊണ്ട് തന്നെ വരുമാനം കുറയും. കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ ജിഎസ്ടി വരുമാനത്തിന്റെ വളർച്ച 14 ശതമാനത്തോട് അടുത്തെത്തിയ സാഹചര്യം ആശാവഹമാണ്. ജിഎസ്ടി വരുമാനം തുടർന്നും ലഭിക്കുമെന്ന് കണക്കാക്കിയുള്ള വരുമാനമാകും ബജറ്റ് എസ്റ്റിമേറ്റിൽ ധനമന്ത്രി ഉൾക്കൊള്ളിക്കുക.

5 വർഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിയിലൂടെ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇപ്പോൾ കിഫ്ബി ഏറ്റെടുത്തിരിക്കുന്നത് 70,000 കോടിരൂപയുടെ പദ്ധതികൾ. മോട്ടർ വാഹന നികുതിയുടെ പകുതിയും ഇന്ധന സെസുമാണ് കിഫ്ബിയുടെ വായ്പാ തിരിച്ചടവിനുള്ള മാർഗം. എന്നാൽ, ഈ നികുതി വരുമാനം കുറയുന്നത് തിരിച്ചടവ് തെറ്റുമോയെന്ന ആശങ്കയ്ക്കു കാരണമാകുന്നു. ഇതിനു പുറമേയാണ് കെ റെയിൽ എന്ന വലിയ മുതൽമുടക്കുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഇതോടെ കടം കുത്തനെ ഉയരും.

കോവിഡ് ഒഴിയുന്ന സാഹചര്യത്തിൽ സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. നികുതി വരുമാനത്തിൽ 15 ശതമാനം വളർച്ചയുള്ളതും പ്രതീക്ഷ പകരുന്നു. വൻകിട പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതിനാൽ പിപിപി മാതൃകയിലുള്ള പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകിയേക്കാം. സിഎജിയുടെ വിമർശനത്തിന്റെ സാഹചര്യത്തിൽ കിഫ്ബിയുടെ കണക്കുകൾ ബജറ്റിന്റെ ഭാഗമാക്കാനും സാധ്യതയുണ്ട്.