തിരുവനന്തപുരം: പ്രതിസന്ധിയിലാണ് സിനിമാ മേഖല. ഈ വർഷം ഇതുവരെ ഒരു സിനിമ പോലും ബോക്‌സ് ഓഫീസിൽ ചലനമുണ്ടാക്കിയില്ല. അങ്ങനെ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ഇരുട്ടടി പോലെ ബജറ്റ് പ്രഖ്യാപനം. സിനിമാ മേഖലയിലെ പകർപ്പവകാശങ്ങൾക്ക് അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്താൻ ബജറ്റിൽ നിർദ്ദേശം. ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സിനിമാ പ്രവർത്തകർ. കടുത്ത നിലപാടുകളിലേക്കും അവർ പോകും. സർക്കാരുമായുള്ള സഹകരണം അവസാനിപ്പിക്കാനാണ് സിനിമാക്കാരുടെ തീരുമാനം.

സിനിമാ വ്യവസായത്തെ രക്ഷിക്കാൻ കൂടുതൽ ഇളവുകൾ അനുവദിക്കണമെന്ന അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കാതെ കൂടുതൽ നികുതി ഭാരം അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇതിന് പിന്നിലുള് കാരണവും സിനിമാക്കാർക്ക് വ്യക്തമല്ല. തകർച്ചയിലേക്ക് കൂപ്പു കുത്തുന്ന സിനിമയ്ക്ക് ഒരു കൈ സഹായം നൽകാതെ കുഴിയിലേക്ക് പിടിച്ചു തള്ളുകയാണ് ഈ തീരുമാനത്തിലൂടെ എന്നാണ് വിലയിരുത്തൽ.

സിനിമുയടെ ഡിസ്ട്രിബ്യൂഷൻ , വിഡീയോ ഓഡിയോ റൈറ്റ് , സാറ്റ് ലൈറ്റ് റൈറ്റ് എന്നിവകൾക്ക് അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്താനാണ് ബജറ്റിലെ നിർദ്ദേശം. ഇപ്പോൾ ഇടാക്കുന്ന 14 ശതമാനം സേവന നികുതിക്ക് പുറമെയാണ് ഇത്. ഇതോടെ നികുതി 19 ശതമാനമായി ഉയരും. പ്രതിസന്ധിയിലുള്ള സിനിമാ വ്യവസായത്തെ തീരുമാനം കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്നാണ് സിനിമാ സംഘടനകളുടെ വാദം. തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്താനാണ് സിനിമാ മേഖലയിലെ സംഘടനകളുടെ തീരുമാനം. വിവിധ സംഘടനകളുടെ പ്രതിനിധികൾ തമ്മിൽ ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തി. കാരുണ്യ ലോട്ടറിയുടെ പരസ്യത്തിലടക്കം ഒന്നിലും ഇനി താരങ്ങളെത്താൻ സാധ്യതയില്ല.

ഒരു സിനിമയുടെ പകർപ്പവകാശ വിൽപ്പനയ്ക്ക് കേന്ദ്രസർക്കാർ സർവീസ് ടാക്‌സ് ഈടാക്കുന്ന സാഹചര്യത്തിൽ വാറ്റിന്റെ പരിധിയിൽ ഉൾപ്പെടുത്തത് ഇരട്ടനികുതിയാകും. സിനിമയുടെ ഡിസ്ട്രിബ്യൂഷൻ , വിഡീയോ ഓഡിയോ വിതരണാവകാശം , സാറ്റലൈറ്റ് അവകാശം ഇവയ്‌ക്കെല്ലാം വാറ്റ് ഈടാക്കുന്ന സാഹചര്യത്തിൽ സർക്കാർ പരസ്യങ്ങളിൽ താരങ്ങളും ചലച്ചിത്രമേഖലയിലുള്ളവരും പിന്മാറി പ്രതിഷേധിക്കാനാണ് ചലച്ചിത്രസംഘടനകളുടെ നീക്കം. സർക്കാർ പരിപാടികളുമായി നിസ്സഹകരിക്കാനും ആലോചനയുണ്ട്. സർക്കാരിനെതിരെ കടുത്ത നിലപാട് എടുക്കുമെന്ന് ഇന്ത്യൻ ഫിലിം എംപ്‌ളോയീസ് ഫെഡറേഷൻ പ്രസിഡന്റും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണിക്കൃഷ്ണൻ പ്രതികരിച്ചു.

സാറ്റലൈറ്റ് റൈറ്റ്‌സ് വിൽക്കുമ്പോൾ നിർമ്മാതാവ് 14% സർവീസ് റ്റാക്‌സ് അടയ്ക്കണം. സർവീസ് റ്റാക്‌സ് കൃത്യമായി നിർമ്മാതാവിന് കൊടുക്കുന്നത്, ഒരു ചാനൽ മാത്രമാണ്. മറ്റ് ചാനലുകൾ, സറ്റലൈറ്റ് ഇടപാടിനെ വിൽപ്പനയായി കണക്കാക്കുന്നതിനാൽ, സർവിസ് റ്റാക്‌സ് കൊടുക്കുവാൻ വിസ്സമിതിക്കുകയാണ്. എന്നാൽ, ബന്ധപ്പെട്ട അധികാരികൾ ആ വാദം കണക്കിലെടുക്കാത്തതുകൊണ്ട്, നിർമ്മാതലവിന്, സറ്റലൈറ്റ് വിൽപ്പനയിൽ നിന്ന് കിട്ടുന്ന തുകയിൽനിന്ന് 14% സർവിസ് റ്റാക്‌സ് ആയി അടക്കേണ്ടിവരുന്നു. അതിനും പുറമെയാണ്, ഇന്നത്തെ ബഡ്ജറ്റിൽ 5% വാറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്-ഉണ്ണിക്കൃഷ്ണൻ വിശദീകരിക്കുന്നു.

അങ്ങനെ,നിർമ്മാതവിന് , പകർപ്പവകാശ വിൽപ്പനയിൽ നിന്ന് കിട്ടുന്ന തുകയിൽനിന്നും 19% നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവുന്നു. തന്നെയുമ്മല്ല, ഒരു ഉത്പന്നകൈമാറ്റത്തെ, സർവീസായി കേന്ദ്രസർക്കാർ കണക്കാക്കി, സർവീസ് റ്റാക്‌സ് ചുമത്തുമ്പോൾ, അതെ ഉത്പന്നകൈമാറ്റത്തെ വിൽപനയായി കണ്ട്, സംസ്ഥാന സർക്കാർ വാറ്റ് ഏർപ്പെടുത്തുന്ന അതിവിചിത്രമായ സാഹചര്യമാണ് നിലവിൽ വരുന്നത്. ഡബിൾ റ്റാക്‌സേഷൻ നിയമപരമായി നിലനിൽക്കുന്നതല്ല'' നമ്മുടെ സിനിമാ വ്യവസായത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത്, ഈ നികുതിനിർദ്ദേശം സർക്കാർ പിൻവലികുമെന്ന് പ്രത്യാശിക്കുന്നതായും ബി ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു. എങ്കിൽ മാത്രമേ സർക്കാരുമായി ഇനി സിനിമാ പ്രവർത്തകർ സഹകരിക്കൂ എന്നാണ് സൂചന.