തിരുവനന്തപുരം: നാടകീയതകളോ 'അത്ഭുത' പ്രഖ്യാപനങ്ങളോ ഇല്ലാതെ കൃത്യം ഒരുമണിക്കൂർ കൊണ്ട് വസ്തുതകൾ മാത്രം അവതരിപ്പിച്ചായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ കന്നി ബജറ്റ്.കോവിഡിന്റെ രണ്ടാംതരംഗത്തെ അതിജീവിക്കുന്നതിനും മുന്നാംതരംഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നൽനൽകിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ ബജറ്റിന്റെ കൂട്ടിച്ചേർക്കലായാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.

ബജറ്റ് പൂർത്തിയായതിന് പിന്നാലെ രണ്ടാം എൽഡിഎഫ് സർക്കാറിന്റെ ആദ്യ ബജറ്റിനെക്കുറിച്ച് പ്രതികരണങ്ങളുമായി നേതാക്കൾ രംഗത്ത് എത്തി.സംസ്ഥാന ബജറ്റിൽ വ്യാപാരികളെ പരിഗണിച്ചില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. നികുതി പിരിക്കാനുള്ളവരായി മാത്രം വ്യാപാരികളെ സർക്കാർ കണ്ടു. പ്രളയ ദുരിതാശ്വാസ കാലത്ത് വ്യാപാരികൾ നൽകിയ സംഭാവനകൾ പരിഗണിച്ച് വ്യാപാരികളെ സഹായിച്ചില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ ആരോപിച്ചു.

വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ല ഇത്തവണത്തേത്. വ്യാപാരികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. വ്യാപാര മേഖലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ധതികൾ ബജറ്റിലില്ല. കോവിഡ് കാലത്ത് വ്യാപാരികൾ കടകളടച്ച് സർക്കാരിനെ പൂർണമായും സഹായിച്ചു. പക്ഷേ, തങ്ങൾക്ക് യാതൊരു സഹായവും ബജറ്റിൽ ഇല്ലെന്നും നസിറുദ്ദീൻ കൂട്ടിച്ചേർത്തു.

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പ്രതികരിച്ചു.ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായി പോയി. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിനും ഇതിൽ തുടർച്ചയില്ലാതായി കൊവിഡിന്റെ മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്യുന്നില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മുൻ കേന്ദ്രമന്ത്രി കെ വി തോമസിന്റെ പ്രതികരണം.എന്നാൽപദ്ധതികൾ നടപ്പാക്കുന്നതിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്നത് വ്യക്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കടം വാങ്ങി മാത്രം ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകാൻ കഴിയില്ല. തീരദേശ ഹൈവേ നിർമ്മാണം നടപ്പാക്കുന്നത് തീരദേശവാസികളെ വിശ്വാസത്തിലെടുത്തു വേണം. അവരുടെ ജീവനോപാധിയും കിടപ്പാടവും സംരക്ഷിച്ചു വേണം ഹൈവേ നിർമ്മിക്കാൻ. ഇക്കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും കെ വി തോമസ് പ്രതികരിച്ചു.