തിരുവനന്തപുരം: ക്ഷേമ പെൻഷൻ കൂട്ടുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. വിലക്കയറ്റത്തിന്റെ കാലത്ത് സാധനങ്ങളുടെ വില കൂട്ടാനുമാകില്ല. അതുകൊണ്ട് വാഹനങ്ങളിലും ഭൂമിയിലും കൈവയ്ക്കുകയായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് നിർദ്ദേശ പ്രകാരം നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ല. എന്നാൽ വാഹനങ്ങൾ വാങ്ങുന്നത് ചെലവേറിയതാകും. ഡീസൽ വാഹനങ്ങളെ ഇനി പ്രോത്സാഹിപ്പിക്കുകയുമില്ല.

രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിൾ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി. ഇതോടെ മിക്ക ഇരുചക്ര വാഹനങ്ങൾക്കും വില കൂടും. പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടിയിട്ടുണ്ട്. മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി. നികുതി വർധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. ഭൂമിന്യായവിലയിലെ അപാകതകൾ പരിഹരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഭൂമിയുടെ ന്യായ വിലയിൽ പത്ത് ശതമാനമാണ് ഉയർത്തിയത്.

ഭൂനികുതിയിൽ എല്ലാ സ്ലാബുകളും പരിഷ്‌കരിക്കുമെന്ന് ബജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിച്ചു. ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ന്യായവിലയിലെ അപാകതകൾ പരിശോധിക്കാനും പരിഹരിക്കാനും ഉന്നതതല സമിതി രൂപവത്കരിക്കും. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ പത്തുശതമാനം ഒറ്റത്തവണ വർധനവ് നടപ്പാക്കും. 200 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത്, മുൻസിപ്പിലാറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ 40.476 നു മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്ക് വർധിപ്പിക്കും. ഇതിലൂടെ 80 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിലുള്ള കോമ്പൗണ്ടിങ് പദ്ധതിയും തുടരും. 50 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കാരവാൻ ടൂറിസം പദ്ധതിക്കുള്ള കാരവാനുകളുടെ ത്രിമാസ നികുതി സ്‌ക്വയർ മീറ്ററിന് 1000 രൂപയിൽ നിന്ന് അഞ്ചൂറു രൂപയായി കുറച്ചു.

മോട്ടോർ വാഹന നികുതി കുടിശ്ശിക അടയ്ക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ വർഷവും തുടരും. രണ്ടു കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. പഴയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ സ്രാപ്പിങ് നയം ആവിഷ്‌കരിച്ചത്. ഡീസൽ വാനഹങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയും വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 15 വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങൾക്ക് ഹരിത നികുതി കൂട്ടുന്നത്. മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള മുച്ചക്ര വാഹനങ്ങൾക്കും സ്വകാര്യ മോട്ടോർ വാഹനങ്ങൾക്കും ഇടത്തരം മോട്ടോർ വഹനങ്ങൾക്കും ഹെവി മോട്ടോർ വാഹനങ്ങൾക്കും മറ്റ് ഡീസൽ വാഹനങ്ങൾക്കും നികുതി കൂട്ടും. പത്ത് കോടിയുടെ അധിക വരുമാനം ഇതിലൂടെ ഉണ്ടാകും.

ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിന്റൈ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കുന്നതും വരുമാന വർദ്ധനവിന് വേണ്ടിയാണ്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും 40.47 ആറിന് മുകളിൽ പുതിയ സ്ലാബ് ഏർചപ്പടുത്തി അടിസ്ഥാന ഭൂനികുതിപരിഷ്‌കരിക്കും. എല്ലാ സ്ലാബുകളിലും അടിസ്ഥാന നികുതി കൂട്ടും. 349 കോടി ചെലവിൽ ഡിജിറ്റർ ഭൂ സർവ്വേ പദ്ധതി ഉൾപ്പെടെ ലാൻഡ് റെക്കോർഡ് മാനേജ്‌മെന്റിൽ അത്യാധുനിക സാങ്കേതിക മാറ്റങ്ങൾ കൊണ്ടു വരും.