ത്യാഗ്രഹം മൂത്താൽ കൈയിലുള്ളതും നഷ്ടപ്പെടുമെന്ന കാര്യം മൃഗലോകത്തും പ്രസക്തമാണെന്ന് തെളിയിക്കുകയാണ് ഈ അത്യപൂർവമായ വീഡിയോ. അഞ്ച് സിംഹങ്ങൾ ചേർന്ന് കീഴ്‌പ്പെടുത്തിയ കാട്ടുപോത്ത്, സിംഹങ്ങൾ ഇറച്ചി പങ്കിടുന്നതിനെച്ചൊല്ലി കടിപിടികൂടുന്നതിനിടെ അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യമാണിതിൽ. കാട്ടുപോത്തിന്റെ കാര്യത്തിൽ അത് രണ്ടാം ജന്മമാണെങ്കിൽ, സിംഹങ്ങളെ സംബന്ധിച്ചിടത്തോളം കൈയിൽകിട്ടിയ ഇരയെ തമ്മിൽത്തല്ലി നഷ്ടപ്പെടുത്തലുമായി.

കാട്ടുപോത്തിനെ സംഘം ചേർന്ന് കീഴ്‌പ്പെടുത്തിയ സിംഹങ്ങൾക്കിടയിലേക്ക് പുറത്തുനിന്നൊരു പെൺസിംഹം കടന്നുവന്നതോടെയാണ് കടിപിടി തുടങ്ങിയത്. പുറത്തുനിന്നെത്തിയ സിംഹിയെ തുരത്താനുള്ള നീക്കത്തിനിടെ, പരസ്പരം കടിച്ചുകീറാനും സിംഹങ്ങൾ തയ്യാറായി. ഇതിനിടെ പതുക്കെ എഴുന്നേറ്റ കാട്ടുപോത്ത് മുടന്തി മുടന്തി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റർ ക്രൂഗെർ നാഷണൽ പാർക്കിലുള്ള മാല മാല പ്രൈവറ്റ് ഗെയിം റിസർവിൽനിന്ന് മൈക്ക് കിർക്ക്മാനാണ് ഈ വീഡിയോ പകർത്തിയത്. സന്ദർശകർക്കൊപ്പം പാർക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് പ്രൊഫഷണൽ ഗൈഡ് കൂടിയായ കിർക്ക്മാൻ ഈ ദൃശ്യം പകർത്തിയത്. യു ട്യൂബിൽ ഇതിനകം കാൽക്കോടിയോളം പേരെങ്കിലും ഈ വീഡിയോ കണ്ടുകഴിഞ്ഞു.

രണ്ട് പെൺസിംഹങ്ങളും രണ്ട് ആൺസിംഹങ്ങളും ചേർന്നാണ് കാട്ടുപോത്തിനെ കീഴടക്കിയത്. ഇതിനിടയിലേക്കാണ് മറ്റൊരു പെൺസിംഹമെത്തിയത്. ഇതോടെ, കൂട്ടത്തിലുള്ള പെൺസിംഹങ്ങൾ അതിനുനേരെ തിരിഞ്ഞു. ആൺസിംഹങ്ങൾകൂടി വഴക്കിൽ പങ്കാളികളായതോടെ അവയുടെ ശ്രദ്ധ തെറ്റുകയായിരുന്നു. ഈ ഘട്ടത്തിലാണ് കാട്ടുപോത്ത് അത്ഭുതകരമായി രക്ഷപ്പെട്ടത്.