- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോണിലെ മന്ത്രിസഭാ തീരുമാനം അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയിൽ; ബഫർ സോണിൽ വനംമന്ത്രി പറഞ്ഞതെല്ലാം കള്ളമോ? നിയമ വകുപ്പും തീരുമാനം എടുത്തിട്ടില്ലെന്ന് സൂചന; സുപ്രീം കോടതിയിൽ ഭേദഗതി ഹർജി നൽകുന്നതും നീളും; സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ തന്നെ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ഇനിയും സർക്കാരിന് വ്യക്തതയില്ല. ബുധനാഴ്ച എടുത്ത മന്ത്രിസഭായോഗ തീരുമാനം അഡ്വക്കറ്റ് ജനറലുമായുള്ള കൂടിയാലോചനകൾക്കു ശേഷമേ ഉത്തരവായി പുറത്തിറങ്ങൂ. നിയമവകുപ്പിന്റെ അംഗീകാരവും ലഭിക്കണം. ഇതിന് ഒരാഴ്ചയോളമെടുക്കും. സാധാരണ മന്ത്രിസഭ തീരുമാനം എടുക്കുന്നത് പരിശോധനകൾക്ക് ശേഷമാണ്. എന്നാൽ ഇക്കാര്യത്തിൽ ഒന്നും നടന്നില്ലെന്നാണ് ലഭിക്കുന്ന സൂചന. ബഫർ സോണിൽ കള്ളക്കളി തുടരുന്നതിന് തെളിവാണ് ഇത്.
സുപ്രീം കോടതിയിൽ ഭേദഗതി ഹർജി നൽകുന്നതും നീളും. സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ വ്യക്തത വരുത്തണമെന്ന് വനം വകുപ്പിനു നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണിത്. എന്തുകൊണ്ട് മന്ത്രിസഭയ്ക്ക് മുമ്പിലെത്തും മുമ്പ് ഇതൊന്നും പരിശോധിച്ചില്ലെന്ന ചോദ്യവും സജീവമാണ്. സംസ്ഥാനത്തെ ക്വാറികൾ തുച്ഛമായ തുകയ്ക്ക് അദാനി പോർട്ടിനും മറ്റും കൈമാറുമ്പോഴാണ് ബഫർസോണിൽ കള്ളക്കളി തുടരുന്നത്.
സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി (ഇഎസ്‌സെഡ് / ബഫർ സോൺ) പ്രഖ്യാപിക്കാൻ 2019 ഒക്ടോബർ 23ന് എടുത്ത മന്ത്രിസഭാ തീരുമാനത്തിൽ ഭേദഗതി വരുത്തിയ ശേഷമാകും ബുധനാഴ്ചത്തെ തീരുമാനം ഉത്തരവായി പുറത്തിറക്കുക. ജനവാസമേഖലകൾ, കൃഷിയിടങ്ങൾ തുടങ്ങിയവ ബഫർ സോണിൽനിന്നു പൂർണമായി ഒഴിവാക്കുന്നത് ഉത്തരവിൽ ഉൾപ്പെടുത്തുമെന്നും വിശദീകരിക്കുന്നു.
ജനവാസ മേഖലകൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടും അതോടൊപ്പം സർക്കാർ, അർദ്ധ സർക്കാർ പൊതു സ്ഥാപനങ്ങളും ഒഴിവാക്കിക്കൊണ്ടും ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കുന്നതിന് വനം വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിരുന്നു. ഇതാണ് ഇനിയും നിയമപരിശോധനകൾക്ക് വിധേയമാക്കുന്നത്.
അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി ഇതിനകം കേന്ദ്ര സർക്കാരിന് സമർപ്പിച്ച് കഴിഞ്ഞ 23 നിർദ്ദേശങ്ങളിൽ 22 എണ്ണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. മതികെട്ടാൻ ഷോല ദേശീയോദ്യാനത്തിന്റെ ഇക്കോ സെൻസിറ്റീവ് സോൺ കേന്ദ്രസർക്കാർ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും രണ്ടെണ്ണം ഒഴികെ മറ്റുള്ളവ കേന്ദ്ര വിദഗ്ദ്ധ സമിതി യോഗം പരിഗണിച്ചിട്ടുള്ളതുമാണ്.
കരട് വിജ്ഞാപനം തയ്യാറാക്കുന്നതിനായി 2019-ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന് ഇനി പ്രസക്തിയില്ലെന്നും മന്ത്രിസഭാ തീരുമാന പ്രകാരം പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതാണ് എന്നും മന്ത്രി അറിയിച്ചിരുന്നു. 2019-ൽ സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രകാരം കേന്ദ്ര സർക്കാർ കരട് വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും അതിന്മേൽ ലഭിച്ച പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷം അന്തിമ വിജ്ഞാപനത്തിനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുള്ളതാണെന്നും വിശദീകരിച്ചു.
വനം വകുപ്പിന്റെ ഈ നടപടിയാണ് മന്ത്രിസഭ അംഗീകരിച്ചിട്ടുള്ളത് എന്നായിരുന്നു അവകാശവാദം. ജനവാസ മേഖലകൾ ഉൾപ്പെടെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാനം ഇതിനകം സമർപ്പിച്ച നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് സുപ്രീം കോടതി വിധി വന്നിട്ടുള്ളത്. സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും നിർബന്ധമായും ഒരു കി.മീ. ഇക്കോ സെൻസിറ്റീവ് സോൺ ഉണ്ടായിരിക്കണമെന്ന വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് ഉൾപ്പെടെ വിധിക്കെതിരെ അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് ഉചിതമായ നിയമ നടപടികൾ സ്വീകരിക്കാൻ വനം-വന്യജീവി വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തിയെന്നും വിശദീകരിച്ചു.
എന്നാൽ ഇപ്പോൾ മന്ത്രിസഭാ യോഗ തീരുമാനം പോലും അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയിലേക്ക് വരുന്നു. അതായത് നിയമപരമായ പ്രശ്‌നങ്ങൾ ഈ വിഷയത്തിൽ ഉണ്ടെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ