- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന് ഉത്തരവിട്ടത് പിണറായി സർക്കാർ; അനുകൂലമായി സുപ്രീംകോടതി ഉത്തരവു വന്നപ്പോൾ ബോധ്യമായത് പണി പാളിയെന്ന്; കർഷക രോഷം ശക്തമായതോടെ തീരുമാനം തിരുത്താൻ തീരുമാനിച്ചെങ്കിലും ഉത്തരവ് റദ്ദാക്കിയില്ല; സുപ്രീം കോടതി ഉത്തരവിനെതിരെ 2 ദിവസത്തിനകം ഭേദഗതി ഹർജി
തിരുവനന്തപുരം: പിണറായി സർക്കാർ എത്രത്തോളം വീണ്ടുവിചാരമില്ലെതായാണ് പ്രവർത്തിക്കുന്നത് എന്ന ആരോപണം ശക്തമാക്കുന്നതാണ് ബഫർസോൺ വിഷയത്തിലെ സർക്കാർ നിലപാട്. സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും ബഫർസോൺ വേണമെന്ന തീരുമാനം സംസ്ഥാന സർക്കാറിന്റേത് തന്നെയായിരുന്നു. ഇത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനവും കൈക്കൊണ്ടിരുന്നു. പിന്നാലെയാണ് ഇക്കാര്യം ശരിവെക്കുന്ന വിധത്തിൽ സുപ്രീംകോടതി വിധിയും വന്നത്. വിധി വന്നതിന് ശേഷമാണ് ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സർക്കാറിന് ബോധോദയം ഉണ്ടായത്. കർഷകർ കടുത്തപ്രതിഷേധവുമായി രംഗത്തുവന്നതോടെ സർക്കാറിന് എങ്ങനെയെങ്കിലും യുടേൺ അടിച്ചാൽ മതിയെന്നാണ്. ആ ശ്രമത്തിൻ ഒടുവിൽ നടന്ന തടിയൂരൽ ശ്രമമാണ് ഇന്നലെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത്.
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല (ഇഎസ്സെഡ് / ബഫർ സോൺ) വേണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ 2 ദിവസത്തിനകം ഭേദഗതി ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 23 വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, സർക്കാർ / അർധ സർക്കാർ / പൊതുസ്ഥാപനങ്ങൾ എന്നിവയെ ബഫർ സോൺ പരിധിയിൽനിന്ന് ഒഴിവാക്കാൻ വനംവകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾക്കു മന്ത്രിസഭായോഗം അംഗീകാരം നൽകി.
പരിസ്ഥിതി ലോല മേഖല സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇത്തരത്തിലാക്കാൻ വനം വകുപ്പ് കേന്ദ്ര സർക്കാരിനു സമർപ്പിച്ച നിർദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു. അതേസമയം, സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിക്കാൻ 2019 ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെടുത്ത മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കിയിട്ടില്ലെന്നതും ശ്രദ്ദേയമാണ്. ഇന്നലത്തെ തീരുമാനത്തോടെ പഴയത് അപ്രസക്തമായെന്നാണു വനം വകുപ്പിന്റെ വാദം. പുതിയ ഉത്തരവ് ഉടൻ ഇറക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
എന്നാൽ, മന്ത്രിസഭാ തീരുമാനം സർക്കാർ തന്നെ റദ്ദാക്കേണ്ടതാണ് എന്നിരിക്കെ, അപ്രസക്തമാകുമെന്ന വാദം എങ്ങനെ ശരിയാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. അന്നത്തെ ഉത്തരവ് വിവാദം ഭയന്നാണ് സർക്കാർ രഹസ്യമാക്കിവച്ചതെന്ന് ആരോപണമുണ്ട്. ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്നു കഴിഞ്ഞമാസം സുപ്രീം കോടതി ഉത്തരവിട്ടതോടെ കർഷകർക്കിടയിലും മറ്റും ഇതുസംബന്ധിച്ച ആശങ്കകൾ വ്യാപക ചർച്ചയായി. ജനവികാരം കണക്കിലെടുത്ത് ഭേദഗതി ഹർജിക്കു സർക്കാർ തയ്യാറെടുക്കുന്നതിനിടെയാണ് 2019 ലെ സ്വന്തം ഉത്തരവു തിരിഞ്ഞുകൊത്തുമോയെന്ന് ആശങ്ക ഉയർന്നത്. ഇതു റദ്ദാക്കുമെന്നു മന്ത്രി ശശീന്ദ്രൻ നിയമസഭയിൽ ഉറപ്പുനൽകിയതുമാണ്.
2019 ഒക്ടോബർ 23 ലെ മന്ത്രിസഭായോഗ തീരുമാനം ഇങ്ങനെയാണ്: ''...സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ദുർബല മേഖലയായി നിശ്ചയിച്ചു കരടു വിജ്ഞാപന നിർദേശങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.
സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.
ഇതിനായി തുറന്ന കോടതിയിൽ തന്നെ ഹർജി എത്തുന്ന തരത്തിൽ നീങ്ങാനായിരുന്നു തീരുമാനം. നിലവിൽ ഇളവ് ആവശ്യപ്പെട്ടുള്ള മോദിഫിക്കേഷൻ പെറ്റീഷനാണ് കേരളം നൽകാൻ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാൽ നിയമനിർമ്മാണ് സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം. എന്നാൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് കേരളം.
മറുനാടന് മലയാളി ബ്യൂറോ