തിരുവനന്തപുരം: ആലപ്പുഴയുടെ ചുവന്ന മണ്ണിൽ രാഷ്ട്രീയം തുടങ്ങി അവിടെ തന്നെ വി എസ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണോ? സിപിഐ(എം) സംസ്ഥാന സമ്മേളനത്തിലെ വേദിയിൽ നിന്നും സമ്മേളന പ്രതിനിധികളുടെ രൂക്ഷമായ ശകാരം കേട്ടുനിൽക്കാൻ വയ്യാതെ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ ഇറങ്ങിപ്പോയപ്പാൾ പലരും ചോദിച്ചത് ഇങ്ങനെയാണ്. പാർട്ടി വിരുദ്ധ പത്രത്തിന് കത്ത് ചോർത്തി നൽകിയെന്ന ആരോപണം പരസ്യമായി ഉന്നയിച്ച് വി എസ് പാർട്ടി വിരുദ്ധനെന്ന് പിണറായി വിജയൻ പറഞ്ഞതും സമാപന സമ്മേളനത്തിൽ നിന്നും അടക്കം ഉയർന്ന കുത്തുവാക്കുകൾ കൂടി കേട്ടതോടെ വി എസ് ആരാധകർ കടുത്ത വേദനയിലായിരുന്നു. തങ്ങളുടെ പ്രിയനേതാവിനെ പാർട്ടി കൈവിടുന്നു എന്ന തോന്നലായിരുന്നു വി എസ് ആരാധകർക്കും അനുയായികൾക്കുമുണ്ടായത്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നടക്കം വിഎസിനെ നീക്കിയേക്കുമെന്നുള്ള വാർത്തകൾ ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ ഒടുങ്ങാത്ത പോരാട്ടവീര്യവുമായി വി എസ് ശക്തനായി തിരികെ എത്തുന്ന കാഴ്‌ച്ചയാണ് പോയവാരം കേരളം കണ്ടത്.

പാർട്ടി വിരുദ്ധനെന്ന മുദ്രുകുത്തപ്പെട്ട വി എസ് അച്യുതാനന്ദൻ കൂടുതൽ ശക്തമായി തിരികെ എത്തുമ്പോൾ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന അദ്ദേഹത്തിന്റെ ആരാധകർ നന്ദി പറയുന്നത് ധനമന്ത്രി കെ എം മാണിക്കും ബാർകോഴ വിവാദത്തിനുമാണ്. മുഖ്യമന്ത്രിയേക്കാൾ വി എസ് എന്നും ശോഭിച്ചിരുന്നത് പ്രതിപക്ഷ നേതാവിന്റെ റോളിലായിരുന്നു. ബാർകോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രിയുടെ ബജറ്റ് തടയുമെന്ന പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം നടത്താൻ നിയോഗിതനായ വി എസ് ശരിക്കും ഈ അവസരം തന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിന് ഉപയോഗിക്കുകയായിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ ഇതുവരെ നടന്ന ദിവസങ്ങളിൽ സഭയിൽ ശരിക്കും താരമായത് വി എസ് അച്യുതാനന്ദനായിരുന്നു.

മാണിയെ സഭയിൽ ബഹിഷ്‌ക്കരിക്കുമെന്ന ഇടതുതന്ത്രം നിലനിൽക്കേ തന്നെ ബൈബിൾ വാചകം ഉദ്ധരിച്ചു വി എസ് നടത്തിയ പ്രസംഗം ഇടത് അണികൾ ആവേശത്തോടെ തന്നെയായിരുന്നു സ്വീകരിച്ചത്. കത്തോലിക്കാ വിശ്വാസിയായ കെ എം മാണിയെ ബൈബിൾ വചനം ഉദ്ധരിച്ച് തടയുക എന്ന തന്ത്രം ശരിക്കും കുറിക്കുകൊള്ളുന്നതായിരുന്നു. തന്റെ നീട്ടിയും കുറുക്കിയുമുള്ള തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള വിഎസിന്റെ പ്രസംഗം എംഎൽഎമാർക്കിടയിൽ തന്നെ അദ്ദേഹത്തിന് ആരാധകരെ സൃഷ്ടിക്കുകയുണ്ടായി. മാണിയെ രൂക്ഷമായി വിമർശിച്ച് നരകത്തെ ഓർമ്മിപ്പിച്ച് നടത്തിയ പ്രസംഗം ചിരിയടക്കാൻ പാടുപെട്ടാണ് പലരും കേട്ടിരുന്നത്.

രാഷ്ട്രീയ എതിരാളിയെ ദാക്ഷിണ്യമില്ലാതെ ആക്രമിക്കുന്ന ഈ ശൈലി തുടരാൻ കഴിയുന്ന മറ്റാരും സഭയിലും ഉണ്ടായിരുന്നില്ല. പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും പ്രതിപക്ഷ ഉപനേതാവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ പിന്തുണയും വിഎസിനുണ്ടായിരുന്നു. കൂടാതെ മാണിയെ നേരിടാൻ വിഎസിനെ കഴിയൂ എന്ന തിരിച്ചറിവിൽ സിപിഐ(എം) എംഎൽഎമാരുടെ അകമഴിഞ്ഞ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷ എംഎൽമാർക്കൊപ്പം സഭയിൽ തങ്ങിയും വാർദ്ധക്യത്തിന്റെ ക്ഷീണം തന്റെ രാഷ്ട്രീയ പ്രവർത്തനത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് തെളിയിച്ചും അദ്ദേഹം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് എത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിഎസിന്റെ വയസിനെ ചൂണ്ടിയാണ് ആക്രമിച്ചത്. അതേ രാഹുൽ ഗാന്ധി എൻഡിഎ സർക്കാറിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ബഹിഷ്‌ക്കരിച്ച് ഒളിവിൽ പോയ വേളയിൽ തന്നെയാണ് എന്തിനും പോന്ന കരുത്തോടെ വി എസ് മാണിയുടെ ബജറ്റ് തടയാനായി എത്തിയത്. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാതെ തടയാനായി മടിച്ചു നിന്ന എംഎൽഎമാരെ മുമ്പിലേക്ക് തള്ളിവിട്ടതും വി എസ് ആയിരുന്നു. ഇതിന് ശേഷം ഓരോ ഘട്ടത്തിലും ഉചിതമായ പ്രസ്താവനകളുമായി വി എസ് എല്ലാ അർത്ഥത്തിലും ഒരു പ്രതിപക്ഷ നേതാവായി മാറി.

സഭയ്ക്ക് പുറത്ത് എൽഡിഎഫ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചും അണികളുടെ വികാരത്തിനൊപ്പം നിൽക്കാൻ വിഎസിനായി. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കോടിയേരി ബാലകൃഷ്ണൻ മുന്നിൽ നിന്നു നയിച്ച് സമരം കൂടിയായിരുന്നു മാണിയുടെ ബജറ്റ് തടയുക എന്നത്. ഇതിൽ കോടിയേരിയും വിജയിച്ചു എന്നുതന്നെ പറയേണ്ടി വരും.

നിയമസഭയ്ക്ക് അകത്തും പുറത്തും നടന്ന സംഭവങ്ങളിൽ എൽഡിഎഫിനും സിപിഎമ്മിനും അഡ്ജസ്റ്റ്‌മെന്റ് സമരം എന്ന പാപഭാരത്തിൽ നിന്നും കരകയറാനും സാധിച്ചിട്ടുണ്ട്. മുന്നണിയുടെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിനൊപ്പം സമ്മേളന വേദിയിൽ ഉണ്ടായ സംഭവങ്ങളെ താൽക്കാലികമായി മറയ്ക്കാനും ബാർകോഴ കേസും മാണിയുടെ ബജറ്റും ഉപകരിച്ചു. ഗവർണറുടെ ഇടപെടൽപോലും രാഷ്ട്രീയ ധാർമികതയെക്കുറിച്ച് തങ്ങൾ ഉയർത്തിയ സംവാദം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.