കോഴിക്കോട്: ജീവനക്കാരുടെ ആവശ്യത്തിനൊടുവിൽ സഹകരണവകുപ്പിന്റെ അധീനതയിൽ കോഴിക്കോട് പുതിയറയിലുള്ള അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു നീക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. അഞ്ചു നിലകളുള്ള കെട്ടിടം ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നാണ് സഹകരണ സംഘം ജോ. രജിസ്ട്രാർക്ക് (ജനറൽ) നൽകിയ ഉത്തരവിൽ പറയുന്നത്. കെട്ടിടത്തിന്റെ അപകടാവസ്ഥ വ്യക്തമാക്കിക്കൊണ്ട് മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു.

കോഴിക്കോട് താലൂക്ക് വാർഡ് 60 ൽ പുതിയറയിലെ സഹകരണ വകുപ്പിന്റെ അധീനതയിൽ വരുന്ന അഞ്ചു നില കോൺക്രീറ്റ് കെട്ടിടം മുപ്പത് ദിവസത്തിനകം പൊളിച്ചു നീക്കുന്നതിന് കെട്ടിട ഉടമസ്ഥരായ ജോയിന്റ് രജിസ്ട്രാർ (ജനറൽ) സഹകരണ സംഘം കോഴിക്കോടിനെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു. ഈ ഉത്തരവ് യഥാവിധി നടപ്പിൽ വരുത്തി എന്നത് കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയർ ഉറപ്പുവരുത്തേണ്ടതും വിവരം ഓഫീസിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.

ഉത്തരവ് പാലിക്കപ്പെടാത്ത പക്ഷം ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന എല്ലാ നാശനഷ്ടങ്ങൾക്കും ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഉത്തരവാദിയായിരിക്കുമെന്നാണ് കലക്ടർ എസ് സാംബശിവറാവു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

പുതിയറയിലെ കെട്ടിടത്തിൽ കോഴിക്കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ), കോഴിക്കോട് സഹകരണ ആഡിറ്റ് ജോയിന്റ് ഡയരക്ടർ, കോഴിക്കോട് താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ), താലൂക്ക് സഹകരണ സംഘം അസി. ഡയരക്ടർ (ആഡിറ്റ്), സർക്കിൾ സഹകരണ യൂണിയൻ എന്നീ അഞ്ചു ഓഫീസുകളായിരുന്നു പ്രവർത്തിച്ചുവന്നിരുന്നത്. നിലവിൽ തൊട്ടടുത്ത താത്ക്കാലിക കെട്ടിടത്തിലേക്ക് ജീവനക്കാരെ മാറ്റിയെങ്കിലും ഈ കെട്ടിടം തകർന്നാൽ ജീവനക്കാർക്കും അപകടം സംഭവിക്കും എന്നുറപ്പാണ്.

1994 ൽ പൊതുമരാമത്ത് കെട്ടിട വിഭാഗം നിർമ്മിച്ചു നൽകിയ നാലു നിലകളോടു കൂടിയ കെട്ടിടം 2003 ആകുമ്പോഴേക്കും തകർന്നു തുടങ്ങിയിരുന്നു. മേൽക്കൂര ചോരുകയും കെട്ടിടത്തിന് വിള്ളലുണ്ടാവുകയും സീലിങ് അടർന്നു വീഴുകയും ചെയ്തതോടെ പല തവണ അറ്റകുറ്റപ്പണികൾ നടത്തി. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിച്ചിരുന്നെങ്കിലും കെട്ടിടത്തിന് കുലുക്കം അനുഭവപ്പെട്ടതിനാൽ പ്രവർത്തനം തുടങ്ങിയ ദിവസം തന്നെ നിർത്തിവെക്കുകയാണ് ഉണ്ടായത്. 2011 ആയപ്പോഴേക്കും കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം നടത്താൻ സാധിക്കാത്ത വിധം തകർന്നു. കെട്ടിടം ഉപയോഗയോഗ്യമല്ല എന്ന സർട്ടിഫിക്കറ്റ് അനുവദിച്ചുതരുവാൻ പൊതുമരാമത്ത് വകുപ്പിനോട് അപേക്ഷിച്ചുവെങ്കിലും അനുവദിച്ചുകിട്ടിയിരുന്നില്ല.

പിന്നീട് ഓഫീസുകൾ ഇവിടെ നിന്നും മാറ്റി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവെങ്കിലും വാടക കുടിശ്ശികയായതിനെ തുടർന്ന് അവിടെ നിന്നും മാറേണ്ടിവന്നു. പിന്നീട് സഹകരണ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയെ തുടർന്ന് പഴയ കെട്ടിടത്തിന് സമീപത്തായി താൽക്കാലിക കെട്ടിടം നിർമ്മിച്ച് ഓഫീസുകൾ അവിടേക്ക് മാറി. 2015 മുതൽ ഇവിടെയാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. അഞ്ചു ഓഫീസുകളിലായി 150 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തുവരുന്നത്.

കൂടാതെ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും വായ്പാ പരാതിക്കാരും ഉൾപ്പെടെ നിരവധി പേർ വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്താറുണ്ട്. തകർന്നു തുടങ്ങിയ പഴയ കെട്ടിടത്തിന് തൊട്ടടുത്ത് തന്നെയാണ് ഇപ്പോഴുള്ള താൽക്കാലിക ഓഫീസ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടം തകർന്നാൽ തൊട്ടുചേർന്നുള്ള താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും അപകടം സംഭവിക്കും. കെട്ടിടത്തിന് സമീപത്തായി വിവിധ സർക്കാർ ഓഫീസുകളും സ്വകാര്യ കെട്ടിടങ്ങളും രണ്ട് ഭാഗത്തായി റോഡുകളും സ്ഥിതി ചെയ്യുന്നുണ്ട്.

ഈ സാഹചര്യത്തിൽ കെട്ടിടം പൊളിച്ചു നീക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തെത്തുടർന്നാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ കലക്ടറുടെ ഉത്തരവ് വന്നത്.