കൊച്ചി: ഒരു കൊച്ചു ഭൂമി കുലുക്കം വന്ന് നമ്മുടെ വീടോ കെട്ടിടമോ കുറച്ച് താഴ്ന്നു പോയാൽ എന്ത് ചെയ്യും? അതിന് ഭൂമികുലുക്കം തന്നെ വരണമെന്നില്ലല്ലോ? കൃത്യമായ അടിത്തറയില്ലാത്ത എല്ലാ കെട്ടിടങ്ങൾക്കും ഇത് സംഭവിക്കാം. കൊച്ചിയിലെ ബലം കുറഞ്ഞ ചതുപ്പിലാണ് അടിത്തറ ശക്തമല്ലാതെ വീട് വച്ചതെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ.

മുൻപാണെങ്കിൽ പഴയ കെട്ടിടം പൊളിച്ച് മാറ്റി പുതിയൊരെണ്ണം അതിലേറെ ചെലവിൽ നിർമ്മിക്കുക എന്ന ഒരു മാർഗ്ഗമേ ഉള്ളൂ. എന്നാൽ അതെല്ലാം പഴങ്കഥ മാത്രമാണെന്നാണ് കൊച്ചിയിലെ പുതിയ കാഴ്ചകൾ നമ്മോട് പറയുന്നത്. ഭൂമിയിൽ താഴ്ന്നതും, ചരിഞ്ഞതുമായ ഏത് കെട്ടിടവും ഉയർത്തിവെക്കാമെന്ന കണ്ടുപിടുത്തം നമ്മുടെ ഇന്ത്യയിൽ നിന്നാണെന്ന് കേട്ടാൽ ആരും അത്ഭുതപ്പെട്ട് പോകും. അതിലേറെ അഭിമാനിക്കാനും വകയുണ്ട്. 1991ൽ ഉത്തരേന്ത്യയിലാണ് ഈ പരീക്ഷണം ആദ്യം നടത്തിയത്.

അമിത നഗരവൽക്കരണത്തിന്റെ ഭാഗമായി അടിത്തറയില്ലാതെ പണിത കെട്ടിടങ്ങൾ ഭൂമിയിൽ താഴ്ന്നു പോകാനും, ചെറുതും, വലുമായ ചരിവുകൾ വരാനും തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവിധാനം പരീക്ഷിക്കാൻ കാരണമെന്ന് കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി വീട് ഉയർത്തുന്ന പണി കരാറടിസ്ഥാനത്തിൽ ചെയ്തുകൊടുക്കുന്ന ഇ.ഡി.എസ്.എസ്. എന്ന കമ്പനി ഉടമ ജോസ് ഫ്രാൻസിസ്‌ പറയുന്നു. എത്ര ചരിവോ ഭൂമിയിൽ താഴ്ന്നതോ ആയ കെട്ടിടങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്നും ഈ രംഗ ത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

സിമന്റ്കട്ടയും, പ്രത്യേകതരം ജാക്കിയും ഉപയോഗിച്ചാണ് കെട്ടിടം ഉയർത്തി കൊടുക്കുന്ന ജോലി ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ താഴത്തെ നിലയിലെ തറയ്ക്ക് മാത്രമേ കേട് വരികയുള്ളൂ എന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. താഴത്തെ തറ ടൈലോ, ഗ്രാനൈറ്റോ ആണെങ്കിൽ അത് പൂർണ്ണമായും മാറ്റേണ്ടി വരും. ഇന്ത്യൻ നിർമ്മിതമായ പ്രത്യേക ജാക്കികൾ ഉപയോഗിച്ചാണ് കെട്ടിടം ഉയർത്തുന്നത് .ഉയർത്തിയതിന് ശേഷം ഇഷ്ടികയോളം വലിപ്പമുള്ള സിമന്റ്കട്ട ഉപയോഗിച്ചാണ് അടിത്തറ ബലപ്പെടുത്തുന്നത്. പൂർണ്ണമായും ഉത്തരേന്ത്യൻ തൊഴിലാളികളാണ് ''ബിൽഡിഗ് ലിഫ്റ്റ്''ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.

ആദ്യമൊന്നും കേരളത്തിൽ ഈ പദ്ധതിയെ കുറിച്ച് വേണ്ടത്ര പ്രചരണം നൽകിയില്ലായിരുന്നുവെങ്കിലും ഇപ്പോൾ ഇവിടെ മാത്രം എട്ടോളം ''കമ്പനികൾ ബിൽഡിങ്ങ് ലിഫ്റ്റ്'' രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഒരു ആയിരം സ്‌ക്വയർ ഫീറ്റ് വീടാണ് ഉയർത്തേണ്ടേതെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ വരുന്ന ചെലവിന്റെ മൂന്നിൽ ഒരു സംഖ്യ മാത്രമേ ഇവർ ഈടാക്കുന്നുള്ളൂ. കെട്ടിടത്തിന്റെ വലിപ്പത്തിനനുസരിച്ച് തുകയും കൂടും. എത്ര നിലവരെയുള്ള ഭീമൻ കെട്ടിടങ്ങളും ഈ പ്രക്രിയയിലൂടെ ഉയർത്താമെന്നാണ് മറ്റൊരു പ്രത്യേകത.

പുതിയവീട് വയ്ക്കാനുള്ള തുക ഒരു പരിധിവരെ ലാഭിക്കാനും ഇതിലൂടെ കഴിയും. ഇതുകൂടാതെ 25 വർഷത്തെ വാറണ്ടിയും കമ്പനി കെട്ടിടങ്ങൾക്ക് നൽകുന്നുണ്ട്.കേരളത്തിന്റെ പുതിയ റോഡുകളുടെ തകർച്ചമൂലം വീടുകളിലേക്കു വെള്ളം കയറുന്നത് തടയാനും ഒരു പരിധിവരെ ഈ കെട്ടിടമുയർത്തുന്ന സംവിധാനം കൊണ്ടാകുന്നുവെന്നും അനുഭവസ്ഥർ പറയുന്നു. അടിത്തറക്കു പകരം സിമന്റു തൂൺ കെട്ടി കെട്ടിടം പൊക്കിവയ്ക്കണമെങ്കിലും ഇത് പ്രകാരം കഴിയും. അതിന് തുക അൽപ്പം കൂടിമെന്നുമാത്രം. എന്തായാലും ഉത്തരേന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച ബിൽഡിങ്ങ് ലിഫ്റ്റ്' പ്രക്രിയ കേരളത്തിലും വൻ വിജയമായിത്തന്നെയാണ് മുന്നേറുന്നത്.