- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40-ാം നില വരെ തീ പടർന്നു; നിലവിളിയോടെ പ്രാണൻ കാക്കാൻ പ്രാർത്ഥിച്ച് ആളുകൾ ഓടി; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്; അഗ്‌നി പടർന്നപ്പോഴും പതിവ് തെറ്റിക്കാതെ കരിമരുന്ന് വിസ്മയം ഒരുക്കി ബുർജ് ഖലീഫ; പുതുവർഷ പിറവി ആഘോഷം ദുബായ്ക്ക് ദുരന്തമായി മാറിയത് ഇങ്ങനെ
ദുബായ്: പുതുവർഷത്തെ വരവേൽക്കലിൽ ലോക രാഷ്ട്രങ്ങളോട് ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കുന്ന ദുബായ്ക്ക് ഇക്കുറി ദുരന്തത്തിന്റെയും ആശങ്കയുടെയും ആഘോഷമായി മാറി പുതുവത്സര പിറവി. വർണ വിസ്മയത്തിൽ എന്നും റെക്കോർഡ് ഇടുന്ന കരിമരുന്ന് കലാപ്രകടനങ്ങൾക്ക് വേണ്ടി കാതോർത്ത് ലോകം ദുബായിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് ബുർജ് ഖലീഫയുടെ കാഴ്ച മറച
ദുബായ്: പുതുവർഷത്തെ വരവേൽക്കലിൽ ലോക രാഷ്ട്രങ്ങളോട് ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കുന്ന ദുബായ്ക്ക് ഇക്കുറി ദുരന്തത്തിന്റെയും ആശങ്കയുടെയും ആഘോഷമായി മാറി പുതുവത്സര പിറവി. വർണ വിസ്മയത്തിൽ എന്നും റെക്കോർഡ് ഇടുന്ന കരിമരുന്ന് കലാപ്രകടനങ്ങൾക്ക് വേണ്ടി കാതോർത്ത് ലോകം ദുബായിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴാണ് ബുർജ് ഖലീഫയുടെ കാഴ്ച മറച്ച് അഗ്‌നി പടർന്നത്.
ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും ഇടയിലുള്ള ഡൗൺ ടൗൺ എന്ന 63 നിലയുള്ള പഞ്ച നക്ഷത്ര ഹോട്ടലിന്റെ 40ാം നില വരെ പടർന്ന അഗ്‌നി വർണ വിസ്മയങ്ങളെയെല്ലാം അപ്രസക്തമാക്കി. ഇതിനെ തുടർന്ന് നിലവിളിയോടെ പ്രാണൻ കാക്കാൻ പ്രാർത്ഥിച്ച പരക്കം പായുന്ന നിരവധി പേരെ കാണാമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് അറുപതോളം പേർക്ക് പരുക്കേൽക്കുകയുമുണ്ടായി. എന്നാൽ അഗ്‌നി പടർന്നപ്പോഴും പതിവ് തെറ്റിക്കാതെ കരിമരുന്ന് വിസ്മയം ഒരുക്കുന്നതിൽ നിന്ന് ബുർജ് ഖലീഫ പിന്മാറിയില്ലെന്നതാണ് അതിശയകരമായ കാര്യം. ഇത്തരത്തിൽ പുതുവർഷ പിറവി ആഘോഷം ദുബായ്ക്ക് ദുരന്തമായി മാറുകയായിരുന്നു.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്ക് സമീപം ഇത്തരത്തിലുണ്ടായ വൻ അഗ്‌നിബാധ ആയിരങ്ങളെയാണ് ആശങ്കയിലാഴ്‌ത്തിയത്. തുടർന്ന് ആഘോഷങ്ങളിൽ ഭാഗഭാക്കാകാൻ ഇവിടെ സമ്മേളിച്ച ആയിരങ്ങളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയായിരുന്നു. ആ സമയത്ത് ബുർജ് ഖലീഫയ്ക്കു ദൂബായ് മാളിനുമിടയിൽ ലക്ഷക്കണക്കിന് പേർ കരിമരുന്ന് പ്രയോഗം കാണാൻ തടിച്ച് കൂടിയിരുന്നു. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് അഗ്‌നി പടർന്ന് പിടിച്ചത്. അപ്പോൾ ദുബായിലെ സമയം രാത്രി 9.30 ആയിരുന്നു. തീപിടിത്തത്തിന്റെകാരണം ഇനിയും വെളിവായിട്ടില്ലെന്നാണ് റിപ്പോർട്ട്. ബുർജ് ഖലീഫയ്ക്കും ദുബായ് മാളിനും മധ്യത്തിലുള്ള കേളികേട്ട ഫൈവ്സ്റ്റാർ ഹോട്ടൽ സമുച്ചയമാണ് അഡ്രസ് ഡൗൺ ടൗൺ.
എന്നാൽ അപകടത്തിന്റെ പശ്ചാത്തലത്തിലും ബുർജ് ന്യൂ ഇയർ ആഘോഷത്തിന്റെ പ്രധാന ആകർഷണമായ കരിമരുന്ന് പ്രയോഗം തടസമില്ലാതെ അരങ്ങേറുകയും ചെയ്തു. ബുർജ് ഖലീഫയ്ക്കു ദൂബായ് മാളിനുമിടയിൽ തടിച്ച് കൂടിയ ലക്ഷക്കണക്കിന് ആളുകൾക്കിടയിലൂടെ അഗ്‌നിശമന യൂണിറ്റുകൾക്ക് തീപിടിത്ത സ്ഥലത്തേക്ക് എത്താൻ പ്രയാസം നേരിട്ടിരുന്നു. തുടർന്ന് ആളുകളെ ഒഴിപ്പിക്കാൻ പൊലീസ് കുതിച്ചെത്തുകയായിരുന്നു. ആളുകളെ മാറ്റിയതിന് ശേഷമാണ് ഫയർ എൻജിനുകൾ ഇവിടേക്ക് പ്രവേശിച്ചതെന്നും റിപ്പോർട്ടുണ്ട്.പുതവത്സ ആഘോഷത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് പേർ ദുബായ് നഗരത്തിലേക്ക് ഒഴുകിയെത്തിയതിനെ തുടർന്നുണ്ടായ കനത്ത ഗതാഗതക്കുരുക്ക് മൂലം നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നുള്ള ഫയർ എൻജിനുകൾ തീപിടിത്ത സ്ഥലത്തേക്ക് എത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു.
രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ ആളുകൾ മറ്റുള്ളവരെ ചവിട്ടി മെതിച്ച് ഓടാൻ ശ്രമിച്ചതിനെ തുടർന്നാണ് നിരവധി പേർക്ക് പരുക്കേറ്റിരിക്കുന്നത്. ബ്രിട്ടീഷുകാരനായ ഒരാൾ തന്റെ വികലാംഗയായ അമ്മയെ പുറത്ത് കയറ്റി തിക്കിത്തിരക്കി സാഹസികമായി ഓടുന്നത് കാണാമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഒരാൾക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നാണ് ഒഫീഷ്യലുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.200 മുറികളുള്ള ഹോട്ടലിൽ 600 പ്രൈവറ്റ് അപ്പാർട്ട്‌മെന്റുകളുമുണ്ട്. ബുർജ് ഖലീഫയിൽ നടക്കുന്ന കരിമരുന്ന് പ്രയോഗം കാണാൻ ഹോട്ടലിലെ മുറികളിൽ ആളുകൾ തിങ്ങിനിറഞ്ഞ് അക്ഷമയോടെ കാത്തിരിക്കുമ്പോഴാണ് ഹോട്ടിൽ അഗ്‌നിബാധയുണ്ടായത്.
ഡൗൺ ടൗൺ അഡ്രസിൽ നിന്നാൽ ബുർജ് ഖലീഫയുടെ വ്യക്തമായ കാഴ്ച ലഭ്യമാകുമെന്നതിനാലാണ് ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് ഇവിടേയ്ക്ക്ആളുകൾ ഒഴുകിയെത്തിയിരുന്നത്.ഇതിനിടെ ഹോട്ടലിന്റെ 20ാമത്തെ നിലയിൽ നിന്നും തീ പടരുന്നത് കണ്ട് കെട്ടിടത്തിലുള്ള ആയിരക്കണക്കിന് പേർ പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയിട്ടും ഒറ്റയാൾ പോലും മരിച്ചിട്ടില്ലെന്നത് അത്ഭുതകരമായ സത്യമായി അവശേഷിക്കുന്നു.തീ തൊട്ടടുത്തെത്തിയതിന്റെ ഫലമായുണ്ടായ കടുത്ത ചൂടിൽ നിന്നും രക്ഷപ്പെടാൻ പലരും ജീവനും കൊണ്ട് പലായനം ചെയ്യുകയായിരുന്നു.300 മീറ്റർ ഉയരമുള്ള കെട്ടിടത്തിൽ നിന്നും ഏവരെയും ഒഴിപ്പിക്കാൻ സാധിച്ചുവെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്.
തീപിടിത്തമുണ്ടായെങ്കിലും ഹോട്ടലിൽ നിന്ന് വെറും 500 യാർഡ്‌സ് അകലെയുള്ള ബുർജ് ഖലീഫയിൽ പതിവ് പോലെ വെടിക്കെട്ട് അരങ്ങേറുകയായിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്നും കരിമരുന്ന് പ്രയോഗം തുടങ്ങി മിനുററുകൾക്ക് ശേഷവും പൊട്ടിത്തെറികൾ കേട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.ഇതിന് പുറമെ കറുത്ത പുക കെട്ടിടത്തിൽ നിന്നും ഉയരുന്നുമുണ്ടായിരുന്നു. പൊട്ടിത്തെറിയുടെ കാരണങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.ഹോട്ടിലിലുണ്ടായ തീപിടിത്തത്തിന്റെ 65 ശതമാനവും നിയന്ത്രിക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നാമ് ദുബായിലെ സിവിൽ ഡിഫെൻസായ അലി അൽ മുട് വ 7ഡേസ് യുഎഇയോട് വെളിപ്പെടുത്തിയിരിക്കുന്നത്.ദുബായ് നഗരത്തിൽ ന്യൂഇയർ ആഘോഷത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട മൂന്ന് ഫയർ ഡിസ്‌പ്ലേകളാണ് നടത്താറുള്ളത്. അതിൽ ആദ്യത്തേത് ബുർജ് ഖലീഫയിലാണ് നടക്കാറുള്ളത്.
ഇതിനായി നാല് ലക്ഷം എൽഇഡി ലൈറ്റുകളാണ് ഇവിടെ ഘടിപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഈ ഡിസ്‌പ്ലേയ്ക്കായി 1.6 ടൺ ഫയർ വർക്‌സാണ് ഉപയോഗിക്കുന്നത്. 2015ൽ രണ്ടാം തവണയാണ് ദുബായിൽ തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 21ന് മരിന ടോർച്ച് ടവറിലാണ് ആദ്യത്തെ അഗ്‌നിബാധയുണ്ടായിരുന്നത്. തുടർന്ന് നൂറുകണക്കിന് പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ബിൽഡിംഗുകളിലൊന്നാണിത്.