- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിട നിർമ്മാണത്തിൽ അനമതി കിട്ടാനുള്ള പരമാവധി സമയം 15 ദിവസം മാത്രം; ലൈസൻസി നൽകുന്ന സത്യവാങ്മൂലം തെറ്റിയാൽ പിഴ ഈടാക്കാനും വ്യവസ്ഥ; 7 മീറ്ററിൽ കുറവ് ഉയരമുള്ള പരമാവധി 2 നിലവരെയുള്ള കെട്ടിടങ്ങൾക്ക് വേണ്ടി പുതിയ ഓർഡിനൻസ്
തിരുവനന്തപുരം: കെട്ടിട നിർമ്മാണ അനുമതി സംബന്ധിച്ചു കൊണ്ടുവരുന്ന പുതിയ ഓർഡിനൻസ്് പ്രാബല്യത്തിലായാൽ ലൈസൻസിക്ക് അധികാരവും ഉത്തരവാദിത്തവും കൂടും. സ്ഥലം ഉടമയ്ക്കു സ്വതന്ത്ര അധികാരം നൽകുന്ന വ്യവസ്ഥയാണ് ആദ്യം സർക്കാർ ആലോചിച്ചതെങ്കിലും പിന്നീട് ഇതിലെ സാങ്കേതികത്വം കണക്കിലെടുത്തു ലൈസൻസിക്കും ഉത്തരവാദിത്തം കൂട്ടിച്ചേർക്കുകയായിരുന്നു. കെട്ടിട നിർമ്മാണങ്ങൾക്ക് തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നതു 15 ദിവസമായി കുറച്ചു പഞ്ചായത്ത് -നഗര നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതും അഴിമതി കുറയ്ക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
7 മീറ്ററിൽ കുറവ് ഉയരമുള്ള പരമാവധി 2 നിലവരെയുള്ള കെട്ടിടങ്ങൾക്ക് വേണ്ടിയാണ് പുതിയ നിയമം. 3229 ചതുരശ്ര അടി വരെ (300 ചതുരശ്ര മീറ്ററിൽ കുറവ്) വിസ്തൃതിയുള്ള വീടുകൾ ഇതിന്റെ പരിധിയിൽ വരും. 2152 ചതുര അടി വരെ (200 ചതുരശ്ര മീറ്ററിൽ കുറവ്) വിസ്തൃതിയുമുള്ള ഹോസ്റ്റൽ, അനാഥാലയങ്ങൾ, ഡോർമിറ്ററി, വൃദ്ധസദനം, സെമിനാരി, മതപരമായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കും ആനുകൂല്യം കിട്ടും. 1076 ചതുരശ്ര അടി വരെ(100 ചതുരശ്രമീറ്ററിൽ കുറവ്) വിസ്തൃതിയുമുള്ള വാണിജ്യ കെട്ടിടങ്ങൾ, അപകട സാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങളും ഇതിന്റെ പരിധിയിൽ വരും.
അതുകൊണ്ട് തന്നെ നിരവധി പേർക്ക് ഇതിന്റെ പ്രയോജനം കിട്ടും. പുതിയ ഓർഡിനൻസ് പ്രകാരം സ്ഥലം ഉടമയോ എംപാനൽഡ് ലൈസൻസിയോ ആണ് പ്ലാനിനൊപ്പം സത്യവാങ്മൂലം നൽകേണ്ടത്. ആർക്കിടെക്ട്, എൻജിനീയർ, കെട്ടിടം രൂപകൽപന ചെയ്യുന്ന ആൾ, സൂപ്പർവൈസർ അല്ലെങ്കിൽ ടൗൺ പ്ലാനർ തുടങ്ങിയവരെ എംപാനൽഡ് ലൈസൻസിയായി കണക്കാക്കാം. സ്വയം സാക്ഷ്യപ്പെടുത്തൽ പത്രം നൽകുന്ന ഉടമയോ ലൈസൻസിയോ നൽകുന്ന വിവരങ്ങൾ തെറ്റാണെന്നു പിന്നീടു കണ്ടെത്തിയാൽ പിഴ ചുമത്താനും ലൈസൻസിയുടെ ലൈസൻസ് റദ്ദാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ നിയമ ലംഘനം കുറയുമെന്നാണ് പ്രതീക്ഷ.
100 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടത്തിനു 2 ലക്ഷം രൂപയും 200 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ളതിനു 4 ലക്ഷം രൂപയും 300 ചതുരശ്രമീറ്റർ വരെയുള്ളതിനു 6 ലക്ഷം രൂപയുമാണു പിഴ. കെട്ടിടത്തിന്റെ പ്ലാനും സൈറ്റ് പ്ലാനും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും നിയമാനുസൃതമായ മറ്റ് വ്യവസ്ഥകൾക്കും അനുസൃതമാണെന്നു കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിയും സംയുക്തമായാണു സത്യവാങ്മൂലം നൽകേണ്ടത്. ചതിയിലൂടെ അനുമതി വാങ്ങുന്നത് തടയാനാണ് ഇത്.
മുനിസിപ്പൽ പഞ്ചായത്ത് കെട്ടിടനിർമ്മാണ ചട്ടങ്ങൾ, മലയോരസംരക്ഷണ നിയമം, തീരദേശസംരക്ഷണ നിയമം, ദേശീയപാത അഥോറിറ്റി നിയമം, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം, അതതു നഗരസഭകളിലുള്ള മാസ്റ്റർ പ്ലാനുകളെയും സോണുകളെയും ജില്ലാ വികസന പ്ലാൻ സ്കീമുകളെക്കുറിച്ചുമുള്ള അവബോധം എന്നിവ പ്ലാൻ തയാറാക്കാൻ ആവശ്യമാണ്. കെട്ടിട നിർമ്മാണത്തിന്റെ പ്ലാനും സ്ഥലപരിശോധനയും നടത്തുന്ന തദ്ദേശസ്ഥാപന എൻജിനീയറിങ് വിഭാഗത്തിൽ നിന്നുണ്ടാകുന്ന കാലതാമസം കണക്കിലെടുത്താണ് പുതിയ ഓർഡിനൻസ്. കൂടുതൽ സുതാര്യതയിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ