- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോൺ സൈറ്റുകളുടെ അടിമ; മുസ്ലിം സ്ത്രീകളോട് അഭിനിവേശം; സഹോദരിക്ക് പ്രവേശനം നിഷേധിച്ച സ്കൂളിന്റെ വെബ് സൈറ്റ് ഹാക്ക് ചെയത് ആദ്യ ഹാക്കിങ്; 21കാരന് ഉണ്ടായിരുന്നത് തന്നേക്കാൾ പ്രായമുള്ള സ്ത്രീകളോട് വിചിത്രമായ രീതിയിലുള്ള താൽപര്യങ്ങൾ; 'ബുള്ളി ബായ്' ആപ്ലിക്കേഷനു പിന്നിൽ നീരജിന്റെ മനോവൈകൃതങ്ങൾ
ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ അവഹേളിക്കാനായി നിർമ്മിച്ച 'ബുള്ളി ബായ്' ആപ്ലിക്കേഷനു പിന്നിലെ കഥ കൂടുതൽ വ്യക്തം. ചെറുപ്പകാലത്തു തന്നെ ഇയാൾ ഹാക്കിങിൽ വിദഗ്ധനായിരുന്നു. താൻ 15 വയസ്സ് മുതൽ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നുണ്ടെന്ന് ആപ്പിന്റെ പ്രധാന സൂത്രധാരൻ അസം സ്വദേശി നീരജ് ബിഷ്ണോയി (21) സമ്മതിക്കുന്നു. ആപ്ലിക്കേഷൻ ഉണ്ടാക്കിയത് നീരജ് ബിഷ്ണോയി ആണ്.
നീരജ് എപ്പോഴും കംപ്യൂട്ടറിന്റെ മുന്നിലായിരുന്നുവെന്ന് പിതാവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. നീരജ് എന്താണ് ചെയ്യുന്നതെന്ന് കുടുംബാംഗങ്ങൾക്ക് അറിയില്ലായിരുന്നു. വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി നീരജ് അവകാശപ്പെടുന്നുണ്ട്. നീരജിന് അഞ്ച് ട്വിറ്റർ അക്കൗണ്ടുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിൽ ഒരു അക്കൗണ്ട് സൗത്ത് വെസ്റ്റ് ഡൽഹിയിലെ കിഷൻഗഡ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു എഫ്ഐആറുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മറ്റൊരു അക്കൗണ്ടുവഴി സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന ട്വീറ്റുകളും കമന്റുകളും പോസ്റ്റു ചെയ്തിരുന്നു.
നീരജ് അശ്ലീല സൈറ്റുകളുടെ അടിമയായിരുന്നു. 153ഓളം പോൺ ചിത്രങ്ങളായിരുന്നു ഈ ഇരുപതുകാരന്റെ ലാപ്ടോപ്പിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. അശ്ലീല ചിത്രങ്ങളിൽ നിന്നും ലഹരി കണ്ടെത്തുന്ന രീതിയായിരുന്നു നീരജെന്നാണ് റിപ്പോർട്ട്. പ്രായമായ മുസ്ലിം സ്ത്രീകളോട് അസ്വാഭാവികമായ രീതിയിലുള്ള താൽപര്യം ഈ ഇരുപതുകാരനുണ്ടായിരുന്നുവെന്നും പ്രിന്റ് റിപ്പോർട്ട് വിശദമാക്കുന്നു. രാജസ്ഥാൻ സ്വദേശിയായ നീരജ് ബിഷ്ണോയിയെ അസമിലെ ജോർഹാട്ടിലെ വീട്ടിൽ നിന്നുമാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. നേരത്തെ ഏറെ ചർച്ച ചെയ്യപ്പെട്ട സുള്ളി ഡീൽസിലും ഈ ഇരുപതുകാരന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ വർഷം ഏറെ വിവാദമായതായിരുന്നു സുള്ളി ഡീൽസ്. മുസ്ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധത്തിൽ അവരുടെ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ ലേലം ചെയ്യുന്ന ആവശ്യത്തിലേക്കാണ് ബുള്ളി ബായി ആപ്പിൽ അപ്ലോഡ് ചെയ്തത്. ചെറിയ പ്രായത്തിൽ തന്നെ സൈബർ കുറ്റകൃത്യങ്ങളിൽ നീരജ് ബിഷ്ണോയി സജീവമായിരുന്നു. പതിനാറ് വയസിലാണ് നീരജ് ബിഷ്ണോയി ആദ്യമായി ഒരു സൈറ്റ് ഹാക്ക് ചെയ്യുന്നത്. തന്റെ സഹോദരിക്ക് പ്രവേശനം നിഷേധിച്ച സ്കൂളിനോടുള്ള പ്രതികാരം തീർക്കാനായി ആയിരുന്നു ഈ ഹാക്കിങ്.
ഭോപ്പാലിലെ എൻജിനിയറിങ് കോളേജിലെ ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് വിദ്യാർത്ഥിയാണ് ഈ ഇരുപതുകാരൻ. നീരജിന്റെ ലാപ്ടോപ്പിൽ നിന്ന് ബുള്ളി ബായി ആപ്പിന്റെ കോഡ് സ്ക്രിപ്റ്റ് കണ്ടെത്തി. വലിയ ഗ്രാഫിക് കാർഡുകളോട് കൂടിയ ഒരു ഗെയിമിങ് മെഷീന് സമാനമാണ് ലാപ്ടോപ്പിൽ നിന്ന് വീണ്ടെടുക്കാൻ സാധിച്ചിട്ടുള്ള വിവരങ്ങൾ. പോൺ ചിത്രങ്ങൾക്ക് അടിമയാണെന്ന് വിശദമാക്കുന്ന ഇയാൾക്ക് തന്നേക്കാൾ പ്രായമുള്ള സ്ത്രീകളോട് വിചിത്രമായ രീതിയിലുള്ള താൽപര്യങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് ലാപ്ടോപ്പിലെ ഡാറ്റകൾ വിശദമാക്കുന്നത്. ഇതിൽ വലിയൊരു ഭാഗവും മുസ്ലിം സ്ത്രീകളോടാണെന്നും നീരജിന്റെ സെർച്ചിൽ നിന്ന് വിശദമാണ്.
വെർച്വൽ ലോകത്ത് സജീവമായ നീരജിന് കാര്യമായ സുഹൃത് വലയവുമില്ല. അറസ്റ്റിന് പിന്നാലെ നിരവധി തവണയാണ് നീരജ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നും പൊലീസ് വിശദമാക്കുന്നു. ഭക്ഷണം കഴിക്കാൻ ഇയാൾ വിമുഖത കാണിക്കുന്നതായും പൊലീസ് വിശദമാക്കുന്നു. ആത്മഹത്യ ഭീഷണിയുടെ സാഹചര്യത്തിൽ ഇയാൾക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്. താൻ ചെയ്തത് ശരിയായ കാര്യം മാത്രമാണെന്നാണ് കുറ്റകൃത്യത്തേക്കുറിച്ച് ഇയാളുടെ പ്രതികരണം. സുള്ളി ഡീൽസ് ആപ്പിന്റെ നിർമ്മാതാക്കളെ തനിക്ക് അറിയാമെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് പറയുന്നു. മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത ഉത്തരാഖണ്ഡ് സ്വദേശിനിയുടെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചിരുന്നത് നീരജ് ആണെന്നും പറയുന്നു.
ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിടെക് വിദ്യാർത്ഥിയാണ് നീരജ് ബിഷ്ണോയ്. ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിൽ മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ച വിദ്വേഷ കാമ്പയിൻ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ മുഖ്യപ്രതികളായ യുവതിയേയും എഞ്ചിനീയറിങ് വിദ്യാർത്ഥിയേയും മുംബൈ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പതിനെട്ടുകാരിയായ ശ്വേതാ സിങ്ങിനെ ഉത്തരാഖണ്ഡിൽനിന്നും എഞ്ചിനീയറിങ് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ (21) ബെംഗളൂരുവിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യംചെയ്യലിനായി വിശാൽകുമാറിനെ ജനുവരി 10-വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ശ്വേതാ സിങ്ങാണ് കേസിലെ പ്രധാന പ്രതി എന്ന് മുംബൈ പൊലീസ് പറയുന്നു.
ഡിസംബർ അവസാന ആഴ്ചയിലാണ് ഇന്ത്യയിലെ ട്വിറ്റർ ഫീഡുകളിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വാളുകളിലും നിരവധി സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ 'നിങ്ങളുടെ ഇന്നത്തെ ബുള്ളി ബായി ഇതാണ്' ( 'Your Bulli Bai of the day is....'' ) എന്ന ക്യാപ്ഷനോടെ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. #BulliBai #BulliDeals, #SulliDeals എന്നീ ഹാഷ്ടാഗുകളും ഉപയോഗിക്കപ്പെട്ടിരുന്നു. പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ബുള്ളി ബായ് എന്ന ആപ്പ് നടത്തി വന്നത്. ശക്തമായ പ്രതിഷേധമുയർന്നതിനെത്തുടർന്ന് ഈ ആപ്പ് കേന്ദ്രസർക്കാർ ഇടപെട്ട് പിൻവലിച്ചിരുന്നു.
ജെഎൻയുവിൽ നിന്ന് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ , ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രചാരണം. നവംബറിലാണ് ആപ്പ് നിർമ്മിച്ചതെന്നും ഡിസംബർ 31 നാണ് അത് പുറത്തുവിട്ടതെന്നും ചോദ്യം ചെയ്യലിനിടെ ബിഷ്ണോയ് പൊലീസിനോട് പറഞ്ഞു. മുംബൈ പൊലീസിനെ പരിഹസിക്കാനായി @giyu44 എന്ന ഒരു ട്വിറ്റർ അക്കൗണ്ടും ഇയാൾ സൃഷ്ടിച്ചിരുന്നു. നേരത്തെ നടന്ന മൂന്ന് അറസ്റ്റുകൾ പുറത്തുവന്നപ്പോൾ 'ചേരി പൊലീസ്' എന്നാണ് ഇയാൾ പരിഹസിച്ചത്.
'തെറ്റായ ആളെയാണ് നിങ്ങൾ അറസ്റ്റ് ചെയ്തിരിക്കുന്നത് ചേരി പൊലീസ് ..ഞാനാണ് ബുള്ളി ബായ് ആപ്പിന്റെ നിർമ്മാതാവ്. നിങ്ങൾ അറസ്റ്റ് ചെയ്ത രണ്ട് നിഷ്കളങ്കരായ ആളുകളെക്കൊണ്ട് ഒന്നും ചെയ്യാനാവില്ല, അവരെ എത്രയും പെട്ടന്ന് വിട്ടയക്കണം...'-ബിഷ്ണോയ് ട്വീറ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ