ചെന്നൈ: ബുറേവി ചുഴലിക്കാറ്റ് ദുർബ്ബലമായെങ്കിലും തമിഴ്‌നാട്ടിൽ മഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 മരണമാണ് ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വ്യാപക കൃഷി നാശവും ചെന്നൈ നഗരത്തിൽ പലയിടങ്ങളിലായി വെള്ളക്കെട്ടും രൂപപ്പെട്ടു.

രാമനാഥപുരത്തിനടുത്ത് മാന്നാർ കടലിടുക്കിൽ ബുറേവി ചുഴലിക്കാറ്റ് ദുർബ്ബലമായെങ്കിലും തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുകയാണ്. ഒഴുക്കിൽപ്പെട്ടും കെട്ടിങ്ങൾ തകർന്നും മരിച്ചവരുടെ എണ്ണം 17 ആയി. രാമനാഥപുരം, കടലൂർ, തഞ്ചാവൂർ, കാഞ്ചീപുരം പ്രദേശങ്ങളിലാണ് വ്യാപക നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.

കന്യാകുമാരി, തെങ്കാശി, കടലൂർ, സേലം എന്നിവിടങ്ങളിലും പുതുച്ചേരിയിലും ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നീരൊഴുക്കു കൂടിയതോടെ ചെന്നൈ ചെമ്പരപ്പാക്കം അണക്കെട്ടിൽനിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ വെള്ളക്കെട്ട് കൂടുതൽ രൂക്ഷമാകും.