- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുറേവിയുടെ ശക്തി കുറഞ്ഞു; അതിതീവ്ര ന്യൂനമർദ്ദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് ന്യൂനമർദ്ദമായി മാറി കേരളത്തിലേക്ക് പ്രവേശിക്കും; പ്രതീക്ഷിക്കുന്ന വേഗത 30-40 കിലോമീറ്റർ; ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി; റെഡ് അലർട്ട് പിൻവലിച്ചു; ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് മാത്രം
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ഒരു അതിതീവ്ര ന്യൂനമർദമായതായി (Deep Depression) കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാന്നാർ കടലിടുക്കിൽ, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി. ഇന്ന് അർധരാത്രിയോടെ രാമനാഥപുരത്ത് കൂടി കരയിൽ പ്രവേശിക്കും. ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30-40 കിലോമീറ്റർ വേഗതയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ മഴയ്ക്ക് സാധ്യതയുണ്ട്. റെഡ് അലർട്ട് പിൻവലിച്ചു. ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് മാത്രം. ബുറേവി നാളെ പുലർച്ചയോടെ കൂടുതൽ ദുർബലമാകും
അതിതീവ്ര ,ന്യൂനമർദം ഡിസംബർ 3 ന് രാത്രിയോട് കൂടി രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലേക്ക് പ്രവേശിക്കും. കരയിലേക്ക് പ്രവേശിക്കുമ്പോൾ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിനുള്ള മുന്നറിയിപ്പ്
അതിതീവ്ര ന്യൂനമർദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുർബലമായി ഒരു ന്യൂനമർദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും.കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.
ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളിൽ വരുന്ന മാറ്റങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്. ചുഴലിക്കാറ്റിന്റെ നിലവിലെ സ്ഥാനവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥവും ഇതോടൊപ്പം നൽകുന്നു.
അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി
ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി.ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.
വെള്ളിയാഴ്ച കെഎസ്ആർടിസി 5 ജില്ലകളിൽ സർവ്വീസ് നടത്തുക അവശ്യ സർവ്വീസുകൾക്ക് മാത്രം
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതു അവധി കെ.എസ്.ആർ.ടി.സി യ്ക്കും ബാധകമായിരിക്കും എന്ന് ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.
ദുരന്തനിവാരണ പ്രവർത്തനക്കൾക്കും അവശ്യ സർവ്വീസ് നടത്തിപ്പിനുമായി മാത്രമാകും സർവ്വീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവർമാരും സജ്ജമാക്കി നിർത്താൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
മറുനാടന് ഡെസ്ക്