ഗുരുവായൂർ: ഗുരുവായൂർ തമ്പുരാൻപടിയിൽ സ്വർണവ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. സ്വർണവ്യാപാരി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്നാണ് മൂന്ന് കിലോ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവ്ന്നിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പുഴയ്ക്കൽ ശോഭാ സിറ്റി മാളിൽ ബാലനും കുടുംബവും സിനിമാ കാണാൻ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ പൊളിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നി വീട്ടിൽ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്. ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. വ്യാപാര സംബന്ധമായി വീട്ടിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. കിടപ്പുമുറിയിലെ ലോക്കറിനുള്ളിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്. ഇത് തകർത്താണ് സ്വർണം മോഷ്ടിച്ചിരിക്കുന്നത്.

ഗൾഫിലെ സ്വർണവ്യാപാരിയായിരുന്ന ബാലൻ അവിടത്തെ ബിസിനസ് അവസാനിപ്പിച്ചാണ് നാട്ടിൽ എത്തിയത്. ബാറുകളാക്കിയായിരുന്നു സ്വർണം അലമാരയിൽ സൂക്ഷിച്ചിരുന്നത്. അലമാരയിൽ ഉണ്ടായിരുന്ന സ്വർണം മുഴുവൻ നഷ്ടമായിട്ടുണ്ട്. മോഷണം നടത്തിയത് ഒരാൾ മാത്രമാണ്. ഇയാളുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ മുഖം വ്യക്തമല്ല. മോഷ്ടാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടാൻ സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുത്ത ബന്ധമുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ആ നിലയ്ക്കും അന്വേഷണം പുരോഗമിക്കുകയാണ്.