- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാക്കടയിലും തോക്ക് ചൂണ്ടി മോഷണം; ബധിരയും മൂകയുമായ വൃദ്ധയിൽ നിന്നും ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തിയ സ്വർണം മുക്ക് പണ്ടമോ? പെയിന്റിങ് തൊഴിലാളിയുടെ വീട്ടിൽ പുലർച്ചെ എത്തിയ കള്ളന്മാരെ തേടി വലഞ്ഞ് കാട്ടാക്കട പൊലീസ്
തിരുവനന്തപുരം: കാട്ടാക്കടയിലും തോക്ക്ചൂണ്ടി കവർച്ച. ഇന്ന് രാവിലെ 7 മണിയോടെ മുതിയവിളയിലെ പുല്ലുവിളാകം രതീഷിന്റെ വീട്ടിൽ എത്തിയ കള്ളന്മാർ അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടുകാർ കണ്ടത്. ഗൃഹനാഥനായ രതീഷും ഭാര്യയും രാവിലെ പള്ളിയിൽ പോയിരുന്നതിനാൽ ഭാര്യയുടെ അമ്മയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കള്ളനെ കണ്ട് രതീഷിന്റെ മക്കൾ ബഹളം വെച്ചു.
രതീഷിന്റെ അമ്മായിമ്മ ഊമയും ബധിരയുമാണ്. കുട്ടികളെ പേടിപ്പിച്ച് നിശബ്ദനാക്കിയ കള്ളന്മാർ വൃദ്ധയെ മർദ്ദിച്ചു.വൃദ്ധയുടെ കാതിലെ കമ്മലുകൾ ഊരി വാങ്ങി. തുടർന്ന് വീടിന് പുറകിലൂടെ രക്ഷപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. പിന്നീട് പള്ളിയിൽ നിന്നും രതീഷും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ്‌വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. ഇവർ പള്ളിയിലേക്ക് പോയപ്പോൾ വാതിൽ ചാരിയിരുന്നതേയുള്ളൂ.
തോക്ക് ചൂണ്ടിയുള്ള കവർച്ച ആയതിനാൽ സംഭവം അറിഞ്ഞയുടൻ കാട്ടാക്കട പൊലീസ് എത്തി സ്ഥലം പരിശോധിച്ചു. വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സേവനം തേടി. പെയിന്റിങ് തൊഴിലാളിയായ രതീഷ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.
എന്നാൽ പ്രതികൾ സമീപ പ്രദേശത്തുള്ളവർ ആയിരിക്കുമെന്നാണ് കാട്ടാക്കട പൊലീസിന്റെ നിഗമനം. മുഴുവൻ സിസിടിവി ഫൂട്ടേജും പരിശോധിച്ചുവെങ്കിലും കള്ളന്മാർ കടന്നു പോയതായ ഒരു സൂചനയും കിട്ടിയിട്ടില്ല. രതീഷും കുടുംബവും ഞായറാഴ്ച രാവിലെ പള്ളിയിൽ പോകുന്നത് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കള്ളന്മാർ തോക്ക് ചൂണ്ടി കൈവശപ്പെടുത്തിയ ആഭരണങ്ങൾ മുക്കുപണ്ടമായിരുന്നുവെന്ന് കാട്ടാക്കട എസ് എച്ച് ഒ കിരൺ അറിയിച്ചു. സമീപത്തെ കഞ്ചാവ് മാഫിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്.
അതേ സമയം കഴിഞ്ഞ ജനുവരിയിൽ ഷാഡോ പൊലീസ് സംഘത്തിനുനേരെ കളിത്തോക്ക് ചൂണ്ടിയ നാലംഗ കവർച്ച സംഘം പിടിയിലായിരുന്നു. തൃശൂർ നഗരത്തിലെ ബാർ ഹോട്ടലിൽവച്ചാണ് സംഭവം. തൃശൂർ ഈസ്റ്റ് പൊലീസും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കവർച്ച സംഘം പിടിയിലായത്. നമ്പർ പ്ലേറ്റില്ലാത്ത രണ്ടു ബൈക്കുകളെ സംശയം തോന്നി ഷാഡോ പൊലീസ് പിന്തുടരുകയായിരുന്നു. ഏറെ സമയമായി തങ്ങളെ പിന്തുടരുന്നവർക്ക് നേരെ ബൈക്കിൽ സഞ്ചരിച്ചവർ തോക്ക് ചൂണ്ടുകയായിരുന്നു. തുടർന്ന് ഷാഡോ പൊലീസ് ഈസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ബൈക്കിൽ സഞ്ചരിച്ച നാലംഗ സംഘം ദിവാൻജിമൂലയിലെ ബാറിലേക്ക് കയറിയപ്പോൾ പൊലീസ് സംഘം അവിടം വളയുകയായിരുന്നു.
തൃശൂർ പൂമല സ്വദേശികളായ തെറ്റാലിക്കൽ ജസ്റ്റിൻ ജോസ്, വട്ടോളിക്കൽ സനൽ, അത്താണി സ്വദേശി ആറ്റത്തറയിൽ സുമോദ്, വടക്കാഞ്ചേരി കല്ലമ്ബ്ര സ്വദേശി മണലിപറമ്ബിൽ ഷിബു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒരാൾ പൊലീസ് സംഘത്തെ കണ്ട് ഓടിരക്ഷപെട്ടു. പിടിയിലായവരിൽനിന്ന് ആക്രമണത്തിനുപയോഗിക്കുന്ന കുരുമുളക് സ്പ്രേ, യഥാർത്ഥ തോക്ക് എന്ന് തോന്നുന്ന ഡമ്മി തോക്ക്, വാഹനത്തിന്റെ നമ്ബർ പ്ലേറ്റ് എന്നിവ അന്ന് പൊലീസ് കണ്ടെടുത്തിരുന്നു
രണ്ട് വർഷം മുൻപ് കോഴിക്കോട്, പെട്രോൾപമ്പിൽ തോക്ക് ചൂണ്ടി കവർച്ച നടന്നിരുന്നു' കാട്ടാക്കടയിലെ പോലെ തന്നെ അന്നും പ്രതികളെ പിടിക്കാൻ സി സി ടി വി ദൃശ്യങ്ങൾ തുണച്ചിരുന്നില്ല. അന്ന് കളൻതോട് ഭാരത് പെട്രോളിയത്തിന്റെ എഇകെ ഫ്യൂവൽ സ്റ്റേഷനിൽ രാത്രി പത്തോടെയാണ് കവർച്ച നടന്നത്. ശക്തമായ മഴയെ തുടർന്നു വൈദ്യുതി ബന്ധം തകരാറിലായിരുന്നു.
ഈ സമയത്താണ് മുഖം മറച്ച ഒരാൾ ഓഫീസിലെത്തി തോക്ക് ചൂണ്ടി കവർച്ച നടത്തിയത്. പമ്പിലെ ജീവനക്കാരനായ അർഷിദിന് നേരെ തോക്ക് ചൂണ്ടുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. പമ്പിന്റെ ഉടമസ്ഥ അനീഷയും സ്ഥലത്തുണ്ടായിരുന്നു. പമ്പിലുണ്ടായിരുന്ന 1,08,000 രൂപയാണ് അന്ന് കവർന്നത്. പണവുമായി വീട്ടിലേക്ക് പോവാനിറങ്ങവേയാണ് മോഷ്ടാവ് എത്തി തോക്കു ചൂണ്ടി പണം കവർന്നത്.