പാരീസ്: ഐസിസിന്റെ രക്തരൂക്ഷിതമായ ആക്രമണങ്ങളിൽ പെട്ടുഴലുന്ന ഫ്രാൻസ് ഭീകരതയ്‌ക്കെതിരെ ശക്തമായ മുൻകരുതൽ നടപടികളാണ് ഇപ്പോൾ അനുവർത്തിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി ബുർഖ ധരിക്കുന്ന മുസ്ലിം സ്ത്രീകൾക്കെതിരെ കർക്കശമായ നടപടികളാണ് പൊലീസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഫ്രാൻസിലെ വിവിധ ബീച്ചുകളിലിരുന്ന നിരവധി മുസ്ലിം സ്ത്രീകളുടെ ബുർഖയാണ് പൊലീസ് നിർബന്ധിപ്പിച്ച് അഴിച്ചുമാറ്റി പിഴ ചുമത്തിയിരിക്കുന്നത്. ഇത്തരത്തിൽ ശിരോവസ്ത്രത്തെ ഭീകരതയുടെ ചിഹ്നമായി കരുതുന്ന അധികൃതരുടെ നിലപാടിനെതിരെ ഫ്രാൻസിൽ ജനരോഷം ശക്തമായെന്നും റിപ്പോർട്ടുണ്ട്.

ഇന്നലെ നൈസിലെ പ്രൊമനേഡ് ഡെസ് ആൻഗ്ലയിസ് ബീച്ചിൽ ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബാസ്റ്റില്ലെ ദിവസത്തെ ലോറി ആക്രമണത്തിലൂടെ ഐസിസ് നിരവധി പേരെ കൂട്ടക്കുരിതി നടത്തിയ സ്ഥലത്തു നിന്നും ഏതാനും യാർഡുകൾ മാത്രമേ ഈ ബീച്ചിലേക്കുള്ളൂ. ഇവിടെ മുസ്ലിം രീതിയിലുള്ള വസ്ത്രം ധരിച്ച് ബീച്ചിൽ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ ബുർഖ പൊലീസ് നിർബന്ധിച്ച് അഴിച്ച് മാറ്റുകയായിരുന്നു.

മുസ്ലിം രീതിയിലുള്ള വസ്ത്രം ധരിച്ച് കിടന്നുറങ്ങുന്ന സ്ത്രീയെ കണ്ട സായുധ പൊലീസ് അവരെ സമീപിക്കുന്നതും ബുർഖ അഴിച്ച് മാറ്റിക്കുന്നതും വ്യക്തമാക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ബീച്ചുകളിലെ ഡ്രസ് കോഡിനെ കുറിച്ച് പൊലീസ് അവർക്ക് മുന്നറിയിപ്പ് നൽകുകയും അത് തെറ്റിച്ചതിന് അവിടെ വച്ച് തന്നെ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ കാനെസിലെ ഒരു ബീച്ചിൽ ലളിതമായ ശിരോവസ്ത്രം ധരിച്ചെത്തിയ മുസ്ലിം സ്ത്രീയിൽ നിന്നും പിഴ ഈടാക്കിയതായും റിപ്പോർട്ടുണ്ട്.

ഇവിടെ മൂന്ന് സായുധ പൊലീസ് ഓഫീസർ സ്ത്രീയെ സമീപിക്കുകയും 34 വയസുകാരിയുടെ മുഖത്ത് പെപ്പർ സ്‌പ്രേ അടിക്കുയായിരുന്നു. തുടർന്ന് ബീച്ചിലെ വസ്ത്ര നിയമം അവർ ലംഘിച്ചെന്ന് ഓർമപ്പെടുത്തുകയും പിഴ ഈടാക്കുകയുമായിരുന്നു.വംശീയവാദിയായ പൊലീസ് ഓഫീസർ തന്റെ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും മുന്നിൽ വച്ച് തന്നെ അപമാനിക്കുകയായിരുന്നുവെന്നാണ് സ്ത്രീ പരാതിപ്പെട്ടിരിക്കുന്നത്.

ഫ്രാൻസിന്റെ തെക്കൻ പ്രദേശങ്ങളിൽ അരങ്ങേറിയ ഈ ഗണത്തിൽ പെട്ട ഒരു കൂട്ടം സംഭവങ്ങളിൽ അവസാനത്തേതാണ് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുന്നത്. നൈസിന് സമീപത്തുള്ള ഒരു ബീച്ചിലേക്കുള്ള വഴിയിൽ സായുധ പൊലീസ് തമ്പടിക്കുകയും ബീച്ചിലേക്ക് വരുകയും അവിടെ നിന്ന് പോവുകയും ചെയ്യുന്ന മുസ്ലിം സ്ത്രീകളെ നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ഇതിന് മുമ്പ് പുറത്ത് വന്നിരുന്നു. ഇവിടെ ശിരോവസ്ത്രം ധരിച്ചവരെ പൊലീസ് കർക്കശമായ ഭാഷയിൽ താക്കീത് നൽകുന്നതും കാണാം.

ഇതിന് പുറമെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബുർഖ ധരിച്ച് കാനെസ് ബീച്ചിലെത്തിയ നാല് മുസ്ലിം സ്ത്രീകളിൽ നിന്നും 38 യൂറോയാണ് പൊലീസ് പിഴയായി ഈടാക്കിയിരുന്നത്. കാനെസിന് തീവ്രവാദവുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇവിടെ ബുർഖ നിരോധിച്ചിരിക്കുകയാണ്. ബീച്ച് വെയർ ധരിക്കുകയാണെങ്കിൽ അത് മുഖത്തെ മറയ്ക്കില്ല. സാധാരണയായി മുസ്ലീങ്ങളല്ലാത്തവരാണ് ബീച്ചിലെത്തുമ്പോൾ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ബീച്ച് വെയർ പോലുള്ള വസ്ത്രങ്ങൾ വളരെ പ്രകോപനാത്മകമാണെന്നാണ് വിമർശകർ ആരോപിക്കുന്നത്.

ഫ്രാൻസിൽ ബുർഖ നിരോധിച്ചിരിക്കുന്നത് നൈസിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ്. ഇതിനെ ചോദ്യം ചെയ്ത് രണ്ട് മനുഷ്യാവകാശ ഗ്രൂപ്പുകൾ രംഗത്തെത്തിയിട്ടുണ്ട്. മുഖത്തെ പൂർണമായും മറയ്ക്കാത്ത വസ്ത്രം നിരോധിച്ചതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും ഇത് മുസ്ലിംസ്ത്രീകൾക്കെതിരെ വംശീയ വിദ്വേഷം പടർത്താൻ മാത്രമേ ഉപകരിക്കൂ എന്നും ഈ ഗ്രൂപ്പുകൾ ആരോപിക്കുന്നു. എന്നാൽ ഇത് ഭീകരതയ്‌ക്കെതിരെയുള്ള മുൻകരുതലാണെന്നും തീർത്തും അനുയോജ്യമാണെന്നുമാണ് ജഡ്ജുമാർ വാദിക്കുന്നത്.ലോയേർസ് ഫോർ ദി ഹ്യൂമൻ റൈറ്റ്‌സ് ലീഗ്, ദി കളക്ടീവ് എഗെയിൻസ്റ്റ് ഇസ്ലാമോഫോബിയ ഇൻ ഫ്രാൻസ് എന്നിവർ നൈസിലെ ബുർഖ നിരോധനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ചോദ്യം ചെയ്ത് അവർ കൗൺസിൽ ഓഫ് സ്റ്റേറ്റിൽ അപ്പീൽ സമർപ്പിച്ചിട്ടുമുണ്ട്. ഫ്രാൻസിലെ ഉയർന്ന അഡ്‌മിനിസ്‌ട്രേറ്റീവ് കോടതിയാണിത്. ഈ സമ്മറിൽ ബുർഖ ധരിച്ച ഏതാണ്ട് പത്തോളം സ്ത്രീകളുടെ മേൽ ഫ്രാൻസിലെ ബീച്ചുകളിൽ ക്രിമിനൽ കുറ്റം ചുമത്തിയിരുന്നു.