മുഖം മുഴുവൻ മറച്ചുകൊണ്ടുള്ള ശിരോവസ്ത്രമണിയുന്നതിന് ബെൽജിയം കോടതി ഏർപ്പെടുത്തിയ വിലക്ക് യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ കോടതിയും അംഗീകരിച്ചു. ജനാധിപത്യ സമൂഹത്തിൽ ഇത്തരം നിയന്ത്രണങ്ങൾ ആവശ്യമാണെന്നും മറ്റുള്ളവരുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും അത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

2011-ലാണ് മുഖം മറയ്ക്കുന്ന തരത്തിലുള്ള ബുർഖ ബെൽജിയം നിരോധിച്ചത്. മുഖം പൂർണമായോ ഭാഗീകമായോ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രവിധാനം പൊതുസ്ഥലത്ത് ഉപയോഗിക്കുന്നതിനാണ് വിലക്കുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത തരത്തിൽ മുഖം മറയ്ക്കുന്നതിനായിരുന്നു വിലക്ക്. ഇത് ലംഘിക്കുന്നവർക്ക് പിഴയും ഏഴുദിവസംവരെ തടവും വിധിച്ചിരുന്നു. ഇതിനെതിരേയാണ് ഒരുവിഭാഗം മനുഷ്യാവകാശ കോടതിയെ സമീപിച്ചത്.

മുഖം മറച്ചുകൊണ്ടുള്ള ബുർഖ ആദ്യം നിരോധിക്കുന്നത് ഫ്രാൻസാണ്. 2011 ഏപ്രിലിലാണ് ഫ്രാൻസിൽ വിലക്ക് വന്നത്. ഇതിനെതിരെ ചിലർ മനുഷ്യാവകാശ കോടതിയെ സമീപിച്ചിരുന്നെങ്കിലും 2014-ൽ ഫ്രഞ്ച് നിയമം കോടതി ശരിവെക്കുകയായിരുന്നു. വിലക്ക് എന്ത് വസ്ത്രം ധരിക്കണമെന്നുള്ള മനുഷ്യാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മതപരമായ സ്വാതന്ത്ര്യം ഹനിക്കലാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചില്ല.

ബെൽജിയം സർക്കാർ കൊണ്ടുവന്ന ബുർഖ വിലക്കിനെതിരെ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ബെൽജിയംകാരിയായ സമിയ ബെൽകാസെമിയും മൊറോക്കോക്കാരിയായ യാമിന ഔസെറും. സ്വന്തം വിശ്വാസപ്രകാരമാണ് ബുർഖ ധരിക്കുന്നതെന്ന് ഇരുവരും കോടതിയിൽ വാദിച്ചു. ബുർഖ നിരോധിച്ച നിയമം വിവേചരപരമാണെന്നും അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും അവർ വാദിച്ചു.

ബെൽജിയം വിലക്ക് കൊണ്ടുവന്നതിനുശേഷവും സമിയ ബുർഖ ധരിച്ചിരുന്നു. എന്നാൽ, സമൂഹത്തിൽനിന്നുള്ള സമ്മർദമേറിയതും ഫൈൻ അടയ്‌ക്കേണ്ടിവരുമെന്നതും അവരെ ഇതിൽനിന്ന് പിന്തിരിപ്പിച്ചു. പിന്നീടാണവർ കോടതിയിലേക്ക് പോയത്. വിലക്ക് വന്നതോടെ, താൻ വീട്ടിൽനിന്ന് പുറത്തിറങ്ങാതായി എന്നാണ് യാമിന കോടതിയിൽ പറഞ്ഞത്.

ബെൽജിയത്തിന്റെ തീരുമാനത്തിനും കോടതി അംഗീകാരം നൽകിയതോടെ, കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ ബുർഖ നിരോധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾക്കെതിരെ വിവിധ രാജ്യങ്ങളിൽ എതിർപ്പ് ശക്തമായത്.