ഫ്രാൻസിലെ മൂന്ന് പ്രധാന നഗരങ്ങളിലും (കാൻ, കോഴ്‌സിക, ലെ തൂഖിത്) പതിനഞ്ചിലധികം റിസോർട്ടുകളിലും ഉടലും തലമുടിയും മറയ്ക്കുന്ന നീന്തൽ വസ്ത്രമായ 'ബുർഖിനി' നിരോധിച്ച ഉത്തരവ് സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ്. നിരോധത്തിന്റെ ഭാഗമായി കാൻ നഗരത്തിൽ ബുർഖിനി ധരിച്ച മൂന്ന് സ്ത്രീകളിൽനിന്ന് 38 യൂറോ പിഴയീടാക്കി. ജർമൻ നഗരമായ റോഷൻബർഗിലും സമാനനിയമം നടപ്പാക്കിയിട്ടുണ്ട്. 'സ്‌മൈൽ 13' എന്ന സ്ത്രീസംഘടന ഫ്രഞ്ച് നഗരമായ മാഴ്‌സേയിലെ ഒരു സ്വകാര്യ സ്പീഡ്വാട്ടർ പാർക്കിൽ 'ബുർഖിനി ഡേ' സംഘടിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം. കൂടുതൽ മുസ്ലിംസ്ത്രീകളെ ആകർഷിക്കാൻ ഫേസ്‌ബുക്കിലൂടെ പരിപാടി പ്രചരിപ്പിച്ചതോടെ ഫ്രാൻസിലെ വലതുപക്ഷ /മതേതരവാദികൾ പരിപാടിക്കെതിരെ പ്രതിഷേധവുമായി രംഗത്തത്തെി. സംഘാടകരുടെ ജീവന് ഭീഷണിയുയർന്നതിനാൽ പരിപാടി നിർത്തേണ്ടിവന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ അടയാളം, ഫ്രഞ്ച് മതേതരത്വത്തിനും പൊതുസാമൂഹിക ക്രമത്തിനും സുരക്ഷക്കും ഭീഷണി, ആരോഗ്യപരം, സ്ത്രീശരീരത്തിന്റെ ശുദ്ധി തുടങ്ങിയ കാരണങ്ങളാണ് നിരോധത്തെ അനുകൂലിക്കുന്നവരും ഔദ്യോഗിക ഭരണകൂടവൃത്തങ്ങളും വിശദീകരിക്കുന്നത്.

എന്നാൽ, ഫ്രാൻസിലെ പൊതുഇടങ്ങളിൽ 2004 മാർച്ചിൽ ഹിജാബും 2010 ഒക്ടോബറിൽ മുഖംമറയ്ക്കുന്ന നിഖാബും നിരോധിച്ചതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ 'ബുർഖിനി' നിരോധവും കൂട്ടിവായിക്കേണ്ടത്. മാത്രമല്ല, കഴിഞ്ഞ ആഴ്ച ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെർണാഡ് കാസിനൂഫ് 20 സലഫി മസ്ജിദുകൾ പൂട്ടിക്കുകയും ഡസൻ കണക്കിന് ഇമാമുമാരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും നൂറിലധികം പള്ളികൾ കൂടി അദ്ദേഹത്തിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ട് എന്നാണ് റിപ്പോർട്ട്. സലഫി പ്രത്യയശാസ്ത്രവുമായി ബന്ധമുണ്ട് എന്നതാണ് കാരണമായി അദ്ദേഹം പറയുന്നത്. മുൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ നികളസ് സാർകോസി എല്ലാ ഇസ്ലാമിക ചിഹ്നങ്ങളും നിരോധിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബുർഖിനിയും ബിക്കിനിയും

2006ൽ ആസ്‌ട്രേലിയയിലെ ലൈഫ് ഗാഡ് അസോസിയേഷൻ ന്യൂനപക്ഷവിഭാഗത്തിൽനിന്നുള്ളവരെ, പ്രത്യേകിച്ചും മുസ്ലിംകളെ കടലിലിറങ്ങിയുള്ള രക്ഷാപ്രവർത്തനത്തിന് സന്നദ്ധപ്രവർത്തകരായി നിയമിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി മുസ്ലിം സ്ത്രീകൾക്ക് വിശ്വാസാചാരം പരിഗണിച്ചുള്ള യൂനിഫോം രൂപകൽപനചെയ്യാൻ ഒരു ലബനാനി വനിതയെ ഏൽപിച്ചു. അവർ നിർമ്മി ച്ച നീന്തൽവസ്ത്രത്തിനു നൽകിയ പേരാണ് 'ബുർഖിനി'. ഇന്ന് മറ്റു പല ബ്രാൻഡുകളിലും ഇത് കമ്പോളത്തിൽ ലഭ്യമാണ്.

കമ്പോളത്തിന്റെ ഭാഗമായതോടെ മുസ്ലിം ഇതര വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകളും ബുർഖിനി ഉപയോഗിച്ചുതുടങ്ങി. സ്വന്തം ശരീരം തുറന്നുകാട്ടാൻ താൽപര്യമില്ലാത്തവരും ചർമത്തിന് അസുഖമുള്ളവരും മറ്റു ആരോഗ്യകാരണങ്ങളാലും നീന്തൽ വസ്ത്രമായി ബുർഖിനി തെരഞ്ഞെടുക്കുന്നുണ്ട്. അതിലൊരാളാണ് ബ്രിട്ടനിലെ സെലിബ്രിറ്റി ഷെഫ് ആയ നിഗല്ല ലോസൺ. പിന്നീട് ഒളിമ്പിക്‌സിലും പല കായികതാരങ്ങളും ബുർഖിനി മോഡൽ വസ്ത്രം ധരിക്കാൻ തുടങ്ങി. ഇത് ധരിക്കുന്നത് ആരും വലിയ പ്രശ്‌നമായി കണ്ടില്ല. 2012 വരെ വോളിബാൾ താരങ്ങൾക്ക് ബിക്കിനി ഡ്രസ് കോഡ് ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയൊരു നിയമമില്ല. സിഡ്‌നി ഒളിമ്പിക്‌സിൽ മുസ്ലിം അല്ലാത്ത, ആസ്‌ട്രേലിയയുടെ കാത്തി ഫ്രീമാൻ തലമുടി അടക്കം മറച്ചാണ് മത്സരത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ബിക്കിനി-ബുർഖിനി എന്ന സമവാക്യത്തിലൂടെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായി ഇതിനെ ചുരുക്കിക്കാട്ടുന്ന വാദങ്ങളെ പുനപ്പരിശോധിക്കേണ്ടിയിരിക്കുന്നു.

കൊളോണിയൽ രാഷ്ട്രീയത്തിന്റെ തുടർച്ച

ഫ്രാൻസിന്റെ കോളനിരാഷ്ട്രീയം അൽജീരിയ അടക്കമുള്ള കോളനികളിൽ അധിനിവേശ രാഷ്ട്രീയത്തെ ന്യായീകരിച്ചിരുന്നത് അധിനിവേശിത സ്ത്രീകളെ സംരക്ഷിക്കാനുള്ള ഒരു നാഗരികപദ്ധതിയെ മുൻനിർത്തിയായിരുന്നുവെന്നു അനേകം ഫെമിനിസ്റ്റ് ഗവേഷകർ (മലിക് Aevsfue, ജോൺസ്‌കോട്ട് തുടങ്ങിയവർ ഉദാഹരണം) എഴുതിയിട്ടുണ്ട്. ഇതേ മാതൃകയിൽ ഫ്രാൻസിലെ കുടിയേറ്റ സമുദായങ്ങളുടെ ദേശീയോദ്‌ഗ്രഥനത്തിന്റെ മുന്നുപാധി മുസ്ലിം സ്ത്രീകളുടെ സാംസ്‌കാരിക സങ്കലനമാണെന്ന കൊളോണിയൽ കാഴ്ചപ്പാട് ഇപ്പോഴും ശക്തമാണ്. സാംസ്‌കാരിക സങ്കലനം സാധ്യമാക്കാനാണ് ബുർഖിനി പോലുള്ള വസ്ത്രങ്ങൾ നിരോധിച്ച് ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകുന്നത്.

ഇത്തരം നടപടികൾവഴി, വെളുത്ത/ഉപരിവർഗ സാംസ്‌കാരിക മേൽക്കോയ്മ സ്ഥാപിക്കാൻ, താഴ്ന്നവർഗത്തിലുള്ള അറബ്/കുടിയേറ്റ മുസ്ലിം സ്ത്രീ ജീവിതങ്ങളുടെ സാംസ്‌കാരികത ഇല്ലാതാക്കുന്നതിലൂടെ ഫ്രഞ്ചുകാർക്ക് സാധ്യമാവുന്നു. ഇസ്ലാമിക സങ്കൽപത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചതുകൊണ്ടുമാത്രം അധമമാവുന്ന ഒരു ജനസമൂഹത്തെ സ്വന്തം രാഷ്ട്രത്തിനകത്ത് അപരരായി മാറ്റാനും അങ്ങനെ തങ്ങളുടെ സാംസ്‌കാരിക മേൽക്കോയ്മ നിരന്തരം നിർമ്മിച്ചെടുക്കാനും അവർക്ക് കഴിയുന്നു. ഈ സാംസ്‌കാരിക ഭിന്നതകളെ രാഷ്ട്രീയ ആയുധമാക്കിയാണ് കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി ഫ്രാൻസിലെ ലിബറൽ രാഷ്ട്രീയം നിലനിന്നുപോരുന്നതെന്ന ഗ്യാരി യുങ്ങിനെപ്പോലുള്ളവരുടെ നിരീക്ഷണങ്ങൾ ഇവിടെ ശ്രദ്ധേയമാണ്.

മതേതരത്വവും ഫെമിനിസവും

ന്ന് ഫ്രഞ്ച് മുസ്ലിം വസ്ത്രവിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന പഠനങ്ങൾ മതേതരത്വം ഒരു ആധുനിക അധികാരമെന്ന നിലയിൽ കാണണമെന്ന നിർദേശമാണ് മുന്നോട്ടുവെക്കുന്നത്. മതേതരത്വത്തിന്റെ ഇടപെടലുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അന്വേഷണങ്ങളാണ് ഇപ്പോൾ വികസിച്ചുവരുന്നത്. രണ്ട് കാര്യങ്ങൾ ഇത്തരം പഠനങ്ങളിൽനിന്ന് മനസ്സിലാവുന്നു. ഒന്ന്, മുസ്ലിം സ്ത്രീയുടെ വസ്ത്രം വിലക്കുന്ന ഫ്രഞ്ച് സെക്കുലറിസം മുസ്ലിം സ്ത്രീയുടെ ശരീരത്തെ സെക്കുലറിസത്തിന്റെ പേരിൽ പ്രത്യേകമായി നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്ത്രീശരീരത്തിന്റെ ആവിഷ്‌കാരനിയന്ത്രണവും സ്വാതന്ത്ര്യത്തിന്റെ നിർവചനവും സെക്കുലർ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന നിരീക്ഷണം പുതിയ പഠനങ്ങളിൽ കാണാം. രണ്ട്) സെക്കുലർ ഇടങ്ങളിലെ പുരുഷ മേൽക്കോയ്മയും ഇതിനോടൊപ്പം കാണണം. സ്ത്രീകൾക്ക് അധികം സ്വാധീനമില്ലാത്ത, വലിയ ശതമാനം ഫ്രഞ്ച് പുരുഷന്മാർ നേതൃത്വം നൽകുന്ന മതേതര നിയമനിർമ്മാണ സഭകൾതന്നെയാണ് മുസ്ലിം സ്ത്രീകളുടെ ശരീരത്തിനുമേലെയും ജീവിതാഭിരുചികൾക്ക് മേലെയും തീരുമാനങ്ങളെടുക്കുന്നത്. പക്ഷേ, ബുർഖിനി നിരോധത്തെ കുറിച്ചുള്ള ഒരുവിഭാഗം സെക്കുലർ ഫെമിനിസ്റ്റ് നിലപാടുകൾ സ്വന്തം സമുദായത്തിലെ പുരുഷഹിംസകളെ സെക്കുലറിസത്തിന്റെ പേരിൽ ന്യായീകരിക്കുന്നത് കാണാം. മതേതര ഇടങ്ങളിൽ സ്ത്രീകൾക്കുനേരെ കൈയേറ്റങ്ങൾ ഉണ്ടാവില്‌ളെന്നും അങ്ങനെ സംഭവിച്ചാൽതന്നെ അത് മതത്തിന്റെയോ പൂർവാധുനിക സംസ്‌കാരങ്ങളുടെയോ കടന്നുകയറ്റമായി വ്യാഖ്യാനിച്ച് മതേതരത്വത്തിന്റെ ആദിമ വിശുദ്ധി സംരക്ഷിക്കാൻ കഴിയുമെന്നും അവർ വിചാരിക്കുന്നു. എന്നാൽ, ഈ വിമർശങ്ങൾ സെക്കുലർ അധികാരത്തിന്റെ പരിധികളെ കണ്ടില്‌ളെന്നു നടിക്കുകയും ഫെമിനിസത്തിന്റെ പേരിൽ നടക്കുന്ന സെക്കുലർ ഹിംസകളെ മറച്ചുപിടിക്കുകയും ചെയ്യുന്നു. ഫ്രഞ്ച് സെക്കുലർ/ലിബറൽ/പുരുഷ ഭരണകൂടമാവട്ടെ, തങ്ങളുടെ രാഷ്ട്രീയത്തെ സെക്കുലർ ഫെമിനിസം ഉപയോഗിച്ചുതന്നെ ന്യായീകരിക്കുകയും ചെയ്യുന്നു.

വെള്ളവും വംശീയ കലർപ്പുകളും

വെള്ളത്തിലൂടെ വായുവിലൂടെയുള്ളതിനെക്കാൾ ശാരീരിക സാമീപ്യവും അടുപ്പവും കൈവരാൻ സാധ്യതയുണ്ടെന്ന നിഗമനം ചരിത്രപരമായി വംശീയ രാഷ്ട്രീയത്തെ സ്വാധീനിച്ചിട്ടുണ്ട്. വെള്ളത്തിലൂടെ പകരുന്ന അഴുക്കാണ് ഫ്രാൻസിലെ ഈ നിരോധത്തെ സ്ത്രീശരീരത്തിന്റെ ശുദ്ധിയുടെ പ്രശ്‌നമായി ന്യായീകരിക്കാൻ ഒരു കാരണമായി ഫ്രഞ്ച് അധികാരികൾ പറയുന്നത്. ബുർഖിനി ധരിച്ച സ്ത്രീകൾ ബിക്കിനി ധരിച്ച സ്ത്രീകളെക്കാൾ ശരീരത്തിൽ കൂടുതൽ അഴുക്കുപേറുന്നുവെന്നും പൊതുകുളിയിടങ്ങളിൽ കൂടുതൽ രോഗങ്ങൾ കൊണ്ടുവരുന്നുവെന്നും അവർ വാദിക്കുന്നു. പൊതു ഇടത്തിലേക്ക് മുസ്ലിം സ്ത്രീകൾ കൊണ്ടുവരുന്ന അഴുക്കിനെയും യൂറോപ്യനല്ലാത്ത ശരീരത്തിന്റെ ശുദ്ധിക്കുറവിനെയും കുറിച്ചുള്ള ഈ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നത് വംശീയതയുടെ പുതിയ ഭൂമിശാസ്ത്രമാണ്.

കഴിഞ്ഞ ഓഗസ്റ്റ് 11ന് നടന്ന റിയോ ഒളിമ്പിക്‌സിൽ 100 മിറ്റർ ഫ്രീസ്‌റ്റൈലിൽ സ്വർണം നേടിയ സൈമൺ മാനുവൽ എന്ന ആഫ്രോ അമേരിക്കൻ കായികതാരം വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യത്തെ കറുത്ത നീന്തൽതാരമാണ്. തന്റെ വിജയത്തിനൊടുവിൽ മാനുവൽ നൽകിയ അഭിമുഖത്തിൽ എങ്ങനെയാണ് അമേരിക്കയിൽ വെളുത്ത വംശീയ രാഷ്ട്രീയം പൊതു നീന്തൽസ്ഥലങ്ങളിൽ നിരോധനം ഏർപ്പെടുത്തിയതെന്നും അതെങ്ങനെയാണ് ആഫ്രോ-അമേരിക്കൻ കായികതാരങ്ങളെ മത്സരങ്ങളിൽനിന്ന് ചരിത്രപരമായിതന്നെ തടഞ്ഞുനിർത്തിയതെന്നും സൂചന നൽകിയിരുന്നു. അമേരിക്കൻ ഐക്യനാടുകളിലും മറ്റും പൊതുവായ കുളിയിടങ്ങൾ വളരെ നേരത്തേതന്നെ വംശീയരാഷ്ട്രീയത്തിന്റെ പരീക്ഷണസ്ഥലങ്ങളായി മാറിയിരുന്നുവെന്നാണ് മാനുവലിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.

സമാനമായ വംശീയത നിലനിൽക്കുന്ന ഫ്രാൻസിലെ ബുർഖിനി നിരോധനം ഫ്രഞ്ച് സമൂഹത്തിൽ വളരെനാളായി വേരോടിയ വംശീയരാഷ്ട്രീയത്തിന്റെ പുതിയ അധ്യായമാണ്. ഇത് മുസ്ലിംസ്ത്രീകൾക്കു നേരെയുള്ള കടന്നുകയറ്റം എന്നതോടൊപ്പം തന്നെ ഫ്രാൻസിലെ വംശീയരാഷ്ട്രീയത്തിന്റെ നൂതനാവിഷ്‌കാരമായിതന്നെ കാണണം.

(ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ ഗവേഷകയാണ് ലേഖിക)

കടപ്പാട്: മാദ്ധ്യമം