ദുരഭിമാനക്കൊലപാകതങ്ങൾ വർധിച്ചുവരുന്ന കാലമാണത്. പ്രേമിച്ച് വിവാഹം കഴിച്ച 18-കാരിയായ മകളെ പാക്കിസ്ഥാനിലെ ഒരമ്മ പിടിച്ചുകെട്ടി ചുട്ടുകൊന്നു. മകളെ കട്ടിലിൽകെട്ടിയിട്ട് തീകൊളുത്തിയശേഷം പുറത്തിറങ്ങി അതേക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കാനും ഇവർ തയ്യാറായി. ലോകത്തൊരമ്മയും കാണിക്കാനിടയില്ലാത്ത ക്രൂരത കാട്ടിയ ഇവരെ പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

ലാഹോറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജൂണിൽ വീട്ടുകാരെ ലംഘിച്ച് പ്രേമിച്ച പുരുഷനെ വിവാഹം കഴിച്ച സീനത്ത് റഫീഖാണ് കൊല്ലപ്പെട്ടത്. ഹസൻ ഖാനെ വിവാഹം ചെയ്ത് ഒരാഴ്ച തികയും മുമ്പ് സീനത്ത് ദാരുണമായി കൊല്ലപ്പെട്ടു. വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്ന മകളെ കട്ടിലിൽ കെട്ടിയിട്ട ശേഷം അമ്മ പർവീൺ ബീബി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സീനത്തിന്റെ സഹോദരന്റെ സഹായത്തോടെയായിരുന്നു ഈ ക്രൂരകൃത്യം.

മകൾ മരിച്ചെന്ന് ഉറപ്പാക്കിയശേഷം പുറത്തിറങ്ങിയ ഇവർ നാട്ടുകാരോടൊക്കെ വീരകൃത്യം പോലെ അത് വിസ്തരിക്കുകയും ചെയ്തു. കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയ മകളെ ചുട്ടുകൊന്നുവെന്നായിരുന്നു വീരസ്യം പറച്ചിൽ. പൊലീസ് അറസ്റ്റ് ചെയ്ത പർവീണിനെ ലാഹോർ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. കൊലപാതകത്തിന് കൂട്ടുനിന്ന സഹോദരന് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.

കൊലപാതകത്തിൽ സഹോദരന് യാതൊരു പങ്കുമില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പഷ്ത്തൂൺ വിഭാഗക്കാരനായ ഹസൻ ഖാനെ വിവാഹം ചെയ്തതാണ് പർവീണിനെ പ്രകോപിപ്പിച്ചതെന്ന് അന്വേഷണദ്യോഗസ്ഥർ കോടതിയെ ധരിപ്പിച്ചു. പഞ്ചാബി വിഭാഗക്കാരാണ് സീനത്തും കുടുംബവും.