ബീഡ് (മഹാരാഷ്ട്ര): ഏറെത്തിരക്കുള്ള റോഡിന് സമീപം അപകടത്തിൽപ്പെട്ട മനുഷ്യൻ പച്ചയ്ക്ക് കത്തിയെരിയുമ്പോൾ ഒന്നും അറിയാത്തതുപോലും ശ്രദ്ധിക്കാതെ ധൃതിയിൽ കടന്നു പോകുന്ന മനുഷ്യർ. ഏവരെയും ഞെട്ടിക്കുന്ന ദൃശ്യമാണിത്. സംഭവം നടന്നത് ഇന്ത്യയിലാണെന്ന് കൂടി അറിയുമ്പോൾ നാം ശരിക്കും ഞെട്ടും.

 

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ദേശീയപാതയിലാണ് അപകടത്തിൽപ്പെട്ട് തീപിടിച്ച ബൈക്കിനൊപ്പം ബൈക്ക് യാത്രികനും ജനക്കൂട്ടത്തിനു മുന്നിൽ കത്തിയെരിഞ്ഞത്. ഹൈവെയിലൂടെ കടന്നുപോയ വാഹനങ്ങളിൽ ഒന്നുപോലും നിർത്തുകയോ സഹായിക്കുകയോ ചെയ്തില്ല. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ കാമറയിൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.

രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തീപിടിച്ച ബൈക്കിനടിയിൽ കുടുങ്ങിപ്പോയ യാത്രികന് രക്ഷപെടാനായില്ല. ബൈക്കിനൊപ്പം അയാളും തീയിൽപ്പെട്ട് കത്തിയമർന്നു. അപകടത്തിൽപ്പെട്ട ഇയാൾ സഹായമഭ്യർഥിക്കുകയോ നിലവിളിക്കുകയോ ചെയ്തില്ലെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഇയാളുടെ ബോധം നശിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.

പൊലീസെത്തി തീകെടുത്തിയപ്പോഴേക്കും തിരിച്ചറിയാനാവാത്ത വിധം ഇയാളുടെ ശരീരം കത്തിക്കരിഞ്ഞിരുന്നു. ബൈക്കിന്റെ നമ്പർപ്ലേറ്റ് അടക്കം കത്തിപ്പോയതിനാൽ മരണപ്പെട്ട ആളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.