ബെൽജിയത്തിനും ഫ്രാൻസിനും പിന്നാലെ ഹോളണ്ടും മുഖംമറച്ചുകൊണ്ടുള്ള ബുർഖയ്ക്ക് വിലക്കേർപ്പെടുത്താനൊരുങ്ങുന്നു. നിയമം നടപ്പിലായാൽ സ്‌കൂൾ, ആശുപത്രി, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയിൽ ശിരോവസ്ത്രം അണിയുന്നത് നിയമവിരുദ്ധമാകും. മുഖം മറയ്ക്കുന്ന തരത്തിലുള്ള നിക്കാബുകൾ അണിയുന്നത് വളരെക്കുറിച്ചുപേരേ ഉള്ളൂവെങ്കിലും ഹോളണ്ടിൽ അത് വിലക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.

മതവസ്ത്രങ്ങൾക്ക് സമ്പൂർണ നിരോധനമല്ല ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി റൊണാൾഡ് പ്ലാസ്റ്റേർക്ക് വ്യക്തമാക്കി. മതനിരപേക്ഷ രാജ്യമാണ് ഹോളണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തെരുവിലൂടെ മുഖംമുഴുവൻ മറച്ചുനടക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് പ്ലേസ്റ്റേർക്കിന്റെ പക്ഷം. സ്വതന്ത്ര രാജ്യമാകയാൽ, മുഖം മറച്ചുകൊണ്ടുള്ള വസ്ത്രം ധരിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, സ്‌കൂളുകളിലും ആശുപത്രികളിലും ആളുകൾക്ക് പരസ്പരം മുഖം കാണാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്കാബ് വിലക്കുന്നത് സംബന്ധിച്ച് വോട്ടെടുപ്പ് നടക്കുമോ എന്ന് വ്യക്തമല്ല. പാർലമെന്റിന്റെ അധോസഭയിൽ ബിൽ പാസ്സാവുകയാണെങ്കിൽ, അത് നിയമമാകുന്നതിന് സെനറ്റിന്റെ അംഗീകാരം കൂടി വേണം. സ്ത്രീകളെ അടിച്ചമർത്തുന്ന വസ്ത്രമാണ് ബുർഖയെന്ന് പാർലമെന്റിലെ സ്വതന്ത്രാംഗമായ ജാക്ക് മൊണാഷിന്റെ അഭിപ്രായപ്പെടുന്നു. എന്നാൽ, ഇപ്പോൾത്തന്നെ പല സ്ഥാപനങ്ങളിലും ബുർഖ ധരിക്കുന്നതിന് വിലക്കുള്ളതിനാൽ ഇത്തരമൊരു നിയമത്തിന്റെ ആവശ്യമില്ലെന്ന് ഈ ചർച്ചയെ എതിർക്കുന്ന ഫാത്മ കോസെർ കായ അഭിപ്രായപ്പെടുന്നു.