കൊച്ചി: ഇരിങ്ങാലക്കുടയിൽ ഡിസ്റ്റിലറി അനുവദിച്ചുകിട്ടിയ ശ്രീചക്ര ഡിസ്റ്റിലറീസ് എന്ന കടലാസുസ്ഥാപനത്തിനുപിന്നിൽ സിനിമ, സീരിയൽ രംഗത്തെ നടനും ഗോവയിൽനിന്നുള്ള നിക്ഷേപവുമെന്നു സൂചനയെന്ന് റിപ്പോർട്ട്. സിപിഎമ്മിന്റെ 2 ഉന്നത നേതാക്കളുമായി വ്യക്തി ബന്ധമുള്ള നടനു ശ്രീചക്ര ഉടമകളുമായും അടുത്ത ബന്ധമാണുള്ളതെന്ന് റിപ്പോർട്ട് ചെയ്യുന്നത് മനോരമയാണ്. ഗോവയിൽനിന്നു വില കുറഞ്ഞ മദ്യം കേരളത്തിലേക്കു കടത്തിയ കേസിൽ നടനെതിരെ എക്‌സൈസ് അന്വേഷണം നടത്തിയിരുന്നുവെന്നും മനോരമയിൽ ജയൻ മേനോൻ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ വിവാദങ്ങൾക്ക് പുതിയ മുഖം വരികെയാണ്. സിപിഎമ്മിനോട് അടുപ്പമുള്ളവരുടെ ബിനാമി കമ്പനിയാണ് ശ്രീചക്രയെന്ന വാദമാണ് മനോരമ വാർത്ത സജീവമാക്കുന്നത്.

ചാലക്കുടിപ്പുഴയുടെ തീരത്താണു ഡിസ്റ്റിലറിക്കുള്ള ഭൂമി കണ്ടെത്തിയതെന്നാണു സൂചന. ശ്രീചക്രയ്ക്കു ലഭിച്ച അനുമതി വിവാദങ്ങളെ തുടർന്നു കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അപേക്ഷകനു ഭൂമിയുണ്ടോ എന്നതുപോലും പരിശോധിക്കാതെ തൃശൂർ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ ശ്രീചക്രയ്ക്ക് അനുകൂല റിപ്പോർട്ട് നൽകിയത് ഉന്നത രാഷ്ട്രീയസമ്മർദത്തെ തുടർന്നാണെന്ന് ആരോപണമുണ്ട്. വിദേശത്തേക്കു മദ്യം കയറ്റുമതി ചെയ്യാൻ ഡിസ്റ്റിലറി തുടങ്ങാനായിരുന്നു ശ്രീചക്രയുടെ അപേക്ഷ. ഗോവയിൽ ഇവർക്കു ഡിസ്റ്റിലറി ഉണ്ടെന്നും അവിടെനിന്നുള്ള മദ്യമാണ് ഇപ്പോൾ കയറ്റുമതി ചെയ്യുന്നതെന്നുമാണ് എക്‌സൈസ് കമ്മിഷണർ ഫയലിൽ കുറിച്ചത്. ബവ്‌റിജസ് കോർപറേഷനിലെ മുൻ ഉദ്യോഗസ്ഥനാണു ശ്രീചക്രയുടെ തലപ്പത്ത്. ഗോവയിൽനിന്ന് എത്തിക്കുന്ന വിലകുറഞ്ഞ മദ്യം ഇടകലർത്തി വിൽപന നടത്തിയ സംഭവത്തിൽ ഇയാൾക്കു പങ്കുള്ളതായി ആരോപണമുയർന്നിരുന്നു.

സർക്കാരിനു പേരുദോഷം വരുമെന്നതിനാൽ അന്നത്തെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തെ കുറിച്ചുള്ള തുടരന്വേഷണത്തിലാണു നടന്റെ തൃശൂരിലെ വീട്ടിൽനിന്നു വില കുറഞ്ഞ ഗോവൻ ബ്രാൻഡി എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ഈ കേസും പിന്നീടു പലവിധ സമ്മർദങ്ങൾ കൊണ്ട് എങ്ങുമെത്തിയില്ല. ഗോവയിലെ ഡിസ്റ്റിലറി ലോബിയുടെ പണമാണ് ഇരിങ്ങാലക്കുട പദ്ധതിക്കു പിന്നിലെന്നാണു സൂചനയെന്നും മനോരമ പറയുന്നു. ഇതോടെ ബ്രൂവറി ചലഞ്ചിന് പുതിയ രൂപം കൈവരികയാണ്. ബ്രൂവറികൾ അനുവദിച്ചത് സർക്കാർ വിവാദത്തെ തുടർന്ന് റദ്ദ് ചെയ്തിരുന്നു. അപ്പോഴും ബ്രൂവറിയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് കടുപ്പിക്കുകയാണ്. ഇതിനിടെയാണ് പുതിയ ആരോപണവുമായി മനോരമ എത്തുന്നതും. ഈ സിനിമാ-സീരിയൽ നടനെ കുറിച്ച് മറുനാടനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യക്തമായ തെളിവുകൾ കിട്ടിയാല് പേര് പുറത്തുവിടുകയും ചെയ്യും. 

ശ്രീചക്രയ്ക്കുള്ളത് പരേതനായ എംഡിയാണെന്നും ബ്രൂവറിക്ക് അപേക്ഷ നൽകിയ പുളിക്കൽ കുടുംബത്തെ പെരുമ്പാവൂരിൽ കേൾക്കുന്നത് പറഞ്ഞു കേട്ട വീരവാദങ്ങൾ മാത്രമാണെന്നും മറുനാടൻ നേരത്തെ നടത്തിയ അന്വേഷണത്തിലും വ്യക്തമായിരുന്നു. കുലം സിനിമയുടെ നിർമ്മാതാവ് വി എസ് ഗംഗാധരനും പങ്കാളിയെന്ന് അഭ്യൂഹവുമെത്തി.; ഇരിങ്ങാലക്കുടയിൽ ഡിസ്റ്റലറി തുടങ്ങാൻ പിണറായി സർക്കാർ അനുമതി നൽകിയത് ദുരൂഹതകൾ നിറഞ്ഞ കമ്പനിക്ക് തന്നെയെന്നാണ് മനോരമ വാർത്തയും പറയുന്നത്. ഡിസ്റ്റിലറിയുടെ ഓഫീസ് പെരുംമ്പാവൂർ ക്ലാസിക് ടവറിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് ഇവിടെ മറുനാടൻ പ്രതിനിധി എത്തിയത്. താഴെ നിന്നും നോക്കിയപ്പോൾ ഷട്ടർ തുറന്ന നിലയിലായിരുന്നു. മുൻവശം ഗ്ലാസ്സുകൊണ്ട് മറച്ചിട്ടുണ്ട്. ഉൾവശം കാണാൻ കഴിയാത്തവണ്ണം കർട്ടനും സ്ഥാപിച്ചിട്ടുണ്ട്.

ഗ്ലാസിൽ ഒരു ഭാഗത്ത് ശ്രീചക്ര ഡിസ്റ്റലറീസ് എന്ന ബോർഡും കണ്ടു. ഓഫീസിൽ ആരെങ്കിലും ഉണ്ടാവുമെന്നുറപ്പിച്ച് മുകളിൽ ചെന്ന് പരിശോധിച്ചപ്പോൾ ഗ്ലാസ്് ഡോർ പൂട്ടിയ നിലയിൽ. അടുത്ത സ്ഥാപനത്തിൽ അന്വേഷിച്ചപ്പോൾ ജോലിക്കാരായി ഇതുവരെ ആരെയും ഇവിടെ കണ്ടിട്ടില്ലന്നും മുറി തുറക്കുന്ന ആളെക്കുറിച്ച് അറിയില്ലെന്നും ജീവനക്കാരി പറഞ്ഞു. വീണ്ടും താഴെ എത്തി അന്വേഷണം നടത്തിയപ്പോൾ സുദർശൻ ,പത്മകുമാർ ,സജീവൻ എന്നിവർ ഇടയ്‌ക്കൊക്കെ സ്ഥാപനത്തിൽ എത്താറുണ്ടെന്നും ഏതെങ്കിലും ഒരു സമയത്ത് വന്ന് കുറച്ച് സമയം ഇവിടെ ചിലവഴിച്ച് മടങ്ങാറാണ് പതിവെന്നും ഏതാനും വ്യാപാരികൾ അറിയിച്ചു. പേരുവിവരങ്ങൾ അല്ലാതെ മറ്റ് വിവരങ്ങൾ അറിയില്ലെന്നും ഇവർ വ്യക്തമാക്കി. ലൈസൻസി പത്മകുമാറിന്റെ പിതാവ് കുമാരനാണ് ഇവിടെ ആദ്യം മുറിവാടകയ്‌ക്കെടുക്കുന്നതെന്നും ആദ്യഘട്ടത്തിൽ ധനകാര്യസ്ഥാപനമാണ് മുറിയിൽ പ്രവർത്തിച്ചിരുന്നതെന്നുമാണ് ഇവരിൽ ചിലരുടെ ഓർമ്മ. കുമാരനാണ് ശ്രീചക്രയുടെ പ്രധാന ഉടമ. കുമാരൻ മരിച്ചുവെന്നാണ് സൂചന. എങ്കിലും ഇപ്പോഴും കമ്പനിയുടെ ഡയറക്ടർമാരിൽ കുമാരനും ഉണ്ട്.

1997-ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കുലം സിനിമയുടെ നിർമ്മാണവുമായി കുടുംബത്തിന് ബന്ധമുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുള്ളവരും ഏറെയാണ്. നിർമ്മിച്ചിട്ടുള്ളത് വി എസ് ഗംഗാധരൻ ആണെന്നാണ് പോസ്റ്ററുകളിലും മറ്റ് പരസ്യങ്ങളിലും വ്യക്തമാക്കിയിട്ടുള്ളത്. ഡിസ്റ്റലറിയുടെ പങ്കാളികളിലും വി എസ് ഗംഗാധരൻ എന്ന പേരുണ്ട്. ഗോവയിൽ ഡിസ്റ്റലറിയുണ്ടെന്നും ഇവിടെ നിന്നും വിദേശത്തേയ്ക്ക് മദ്യം കയറ്റി അയക്കുന്നുണ്ടെന്നും ഇതിന് പുറമേ മൂന്നാറിൽ റിസോർട്ട് ഉണ്ടൈന്നും മൈസൂരിൽ എസ്റ്റേറ്റ് ഉണ്ടെന്നും നാട്ടിൽ അങ്ങിങ്ങായി സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും മറ്റുമുള്ള ഒരു പിടി വിവരങ്ങളും ശ്രീചക്ര ഉടമകളെ ചൂറ്റിപ്പറ്റി പ്രചാരത്തിലുണ്ട്. എന്നാൽ ഇതൊന്നും കണ്ടവരായി ആരുമില്ല.

ബ്രൂവറി, ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ടി.പി.രാമകൃഷ്ണൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാമതും ഗവർണർ പി.സദാശിവത്തിനു കത്തു നൽകിയിട്ടുണ്ട്. അനുമതി റദ്ദാക്കിയാലും മുഖ്യമന്ത്രിക്കും മന്ത്രിക്കും എതിരെ കേസ് എടുക്കാമെന്ന് അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 15ൽ പറയുന്നുവെന്നു ചെന്നിത്തല ഗവർണറെ അറിയിച്ചു. കുറ്റം ചെയ്താൽ മാത്രമല്ല, കുറ്റം ചെയ്യാനുള്ള ശ്രമം നടന്നുവെന്നു ബോധ്യപ്പെട്ടാലും കേസ് എടുക്കാം. അഴിമതി നിരോധന നിയമപ്രകാരം രണ്ടു വർഷത്തിൽ കുറയാത്ത തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. അതോടൊപ്പം ക്രിമിനൽ ഗൂഢാലോചന വകുപ്പ് അനുസരിച്ചും ഇരുവർക്കുമെതിരെ കേസ് എടുക്കാം.

ബ്രൂവറി (ബീയർ നിർമ്മാണശാല) അനുമതിക്കു പവർ ഇൻഫ്രാടെക് വ്യാജ മേൽവിലാസമാണ് അപേക്ഷയിൽ കാണിച്ചിരിക്കുന്നതെന്നു ഗവർണറെ ചെന്നിത്തല അറിയിച്ചു. ഈ കമ്പനിക്ക് എറണാളം കിൻഫ്ര പാർക്കിൽ 10 ഏക്കർ ഭൂമി നൽകാനുള്ള തിരുമാനത്തിനു പിന്നിലും ക്രമക്കേടുണ്ട്. തൃശൂരിൽ ഡിസ്റ്റിലറി സ്ഥാപിക്കാൻ അനുമതി ലഭിച്ച ശ്രീചക്ര കമ്പനിക്കു 10,000 രൂപ മൂലധനം മാത്രമാണുള്ളത്. ഇവർക്കു രജിസ്റ്റ്രേഷനുമില്ല. യാതൊരു സാമ്പത്തിക പശ്ചാത്തലവും ഇല്ലാത്ത രണ്ടു കമ്പനികളുടെ ഉടമകൾ ആര് എന്നതിനെക്കുറിച്ചു വലിയ ദുരൂഹത ഉണ്ടെന്നും കത്തിൽ പറയുന്നു. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമെത്തുന്നത്.