- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2000ൽ ഓടിയത് 32000 ബസുകൾ; ഡീസൽ വില 50 കടന്നപ്പോൾ എണ്ണം കുറഞ്ഞ് 12,600 ആയി; കോവിഡിന് ശേഷമുള്ളത് 7600ഉം; സ്വകാര്യ ബസ് വ്യവസായം തകരുമ്പോൾ വീണ്ടും അനിശ്ചിത കാല സമരം; ഇന്നത്തെ സമരം പരീക്ഷാക്കാലത്തെ പ്രതിസന്ധിയിലാക്കും; നിരക്ക് വർദ്ധനവിൽ തീരുമാനം വൈകുമ്പോൾ
തിരുവനന്തപുരം: സ്വകാര്യ ബസുകളുടേത് അതിജീവനത്തിന്റെ സമരമോ? നിരക്കുവർധിപ്പിക്കാമെന്ന് ഉറപ്പു നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിതകാല സമരം. 12,000 സ്വകാര്യ ബസുകളിൽ കോവിഡ് കാലത്തിനു ശേഷം സർവീസിനിറങ്ങിയത് 5500 ബസുകളാണ്. സമരത്തിന്റെ ഭാഗമായി ഈ ബസുകൾ നിരത്തിലിറക്കില്ലെന്നു ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജോൺസൺ പയ്യപ്പിള്ളിയും സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബുവും പറഞ്ഞു. അതുകൊണ്ട് തന്നെ തിരുവനന്തപുരം നഗരം ഒഴികെയുള്ള എല്ലായിടത്തും ജനജീവിതം ദുസഹമാകും.
തിരുവനന്തപുരം സിറ്റിയിലും സമീപത്തും കെ എസ് ആർ ടി സിയാണ് കൂടുതൽ പ്രാദേശിക സർവ്വീസ് നടത്തുന്നത്. കേരളത്തിന്റെ മറ്റിടങ്ങളിൽ സ്വകാര്യ ബസുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ കേരളത്തിന്റെ ബഹുഭൂരിഭാഗം സ്ഥലത്തും യാത്രാക്ലേശം ശക്തമാകും. അതിനിടെ യാത്രാനിരക്കു വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചതാണെന്നും എന്നു മുതൽ കൂട്ടണം എന്നു മാത്രമാണ് ഇനി തീരുമാനിക്കേണ്ടതെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. ജനത്തെ ബുദ്ധിമുട്ടിക്കാതെ സമരത്തിൽ നിന്നു പിന്മാറണമെന്നു മന്ത്രി ആവശ്യപ്പെട്ടു. പരീക്ഷാ കാലത്ത് ബസ് സമരം വിദ്യാർത്ഥികളേയും ബാധിക്കും.
ബസ്, ഓട്ടോ, ടാക്സി നിരക്കുവർധന എൽഡിഎഫിലെ ഉന്നത നേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷം നടപ്പാക്കുമെന്നാണ് സൂചന. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ഇതു പരിഗണിച്ചില്ല. സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ ഈ ചർച്ചയ്ക്കു സാധ്യതയുണ്ട്. ധാരണയിലെത്തിയാൽ അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും. അടുത്ത എൽഡിഎഫ് യോഗം 30ന് ആണ്. മന്ത്രിസഭാ യോഗവും അന്നു ചേരുന്ന സാഹചര്യത്തിലാണ് എൽഡിഎഫിനു മുൻപ് ഉന്നത നേതാക്കളുമായി ചർച്ച നടത്തി ധാരണയിലെത്താൻ ശ്രമിക്കുന്നത്. അതുവരെ സമരം തുടർന്നാൽ ജനജീവിതം ദുസ്സഹമാകും. രണ്ട് ദിവസം പൊതു പണിമുടക്കുണ്ട്. 28നും 29നും. അതിന് ശേഷമേ പ്രശ്‌ന പരിഹാരം ഉണ്ടാകൂവെന്നാണ് സൂചന.
ബസിന്റെ മിനിമം ചാർജ് 10 രൂപയാക്കി ഉയർത്താനാണു ധാരണ. കിലോമീറ്റർ നിരക്കിലും വർധനയുണ്ടാകും. ഓട്ടോയുടെ മിനിമം ചാർജ് 30 രൂപയും കിലോമീറ്റർ നിരക്ക് 15 രൂപയുമായി ഉയർത്താനാണു കമ്മിഷന്റെ നിർദ്ദേശം. ടാക്സി നിരക്കിലും കാര്യമായ വർധനയുണ്ട്. ഫയൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫിസിനു ഗതാഗത വകുപ്പു കൈമാറിയിരുന്നു. ബസ് ചാർജ് വർധന തത്വത്തിൽ സർക്കാർ അംഗീകരിച്ചെന്നും ഉടൻ നടപ്പാക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ചെറിയ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിൽ ഒരു ദിവസം കയറിയിറങ്ങുന്നത് ഏതാണ്ട് ആയിരം പേരാണ്. ദീർഘ ദൂര സർവീസുകളിൽ ഇത് 400 ആയി ചുരുങ്ങും. ശരാശരി 800 പേർ ഒരു ബസിനെ ആശ്രയിക്കുന്നു എന്നു കണക്കാക്കിയാൽതന്നെ 60 ലക്ഷം യാത്രക്കാർ ഒരു ദിവസം സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നുണ്ട്. 2000ത്തിൽ കേരളത്തിൽ ഉണ്ടായിരുന്നത് ഏകദേശം 32,000 സ്വകാര്യബസുകൾ. അതായിരുന്നു സ്വകാര്യബസുകളുടെ ഏറ്റവും നല്ലകാലം. ഡീസലിന് അന്ന് ലീറ്ററിന് 20 രൂപയോടടുത്തായിരുന്നു വില. അന്നത്തെ നിയമമനുസരിച്ച് ധാരാളം പെർമിറ്റുകളും അനുവദിച്ചു. ഒരുപക്ഷേ കേരളത്തിന്റെ പൊതുഗതാഗതം ഏറ്റവുമധികം വികസിച്ച വർഷങ്ങൾ കൂടിയാണത്.
ഡീസൽവില 50 രൂപയ്ക്കു മുകളിലായതോടെ പ്രതിസന്ധി തുടങ്ങി. സ്‌പെയർപാർട്ട് വിലയും കുതിച്ചതോടെ സ്വകാര്യബസ് വ്യവസായം തകർന്നു. 2020 കോവിഡിന് തൊട്ടുമുൻപ്. കേരളത്തിൽ ഉണ്ടായിരുന്നത് 12,600 സ്വകാര്യബസുകൾ മാത്രം. ഏതാണ്ട് 20,000 ബസുകൾ 20 വർഷം കൊണ്ട് ഇല്ലാതായി. ഇന്ന് കേരളത്തിൽ ഓടുന്നത് 7600 ബസുകൾ മാത്രം. രണ്ടു വർഷത്തിനിടെ ഇല്ലാതായത് ഒന്നും രണ്ടുമല്ല 5000 ബസുകൾ. ഇതാണ് പ്രതിസന്ധിയുടെ ആഴം. നിരക്കു വർധന മാത്രമല്ല പ്രശ്‌നമെന്നതാണ് യാഥാർത്ഥ്യം.
2021 നവംബറിലാണ് ബസുടമകൾ സമരം പ്രഖ്യാപിക്കുന്നത്. സമരം തുടങ്ങുന്നതിന് ഒരു ദിവസം മുൻപ് ബസുടമകളുടെ ആവശ്യങ്ങളെല്ലാം ന്യായമാണെന്നും അത് ഉടൻ പരിഗണിക്കുമെന്നും അധികൃതർ അറിയിക്കുകയായിരുന്നു. അതോടെ സമരം പിൻവലിച്ചു. എന്നാൽ അതുകഴിഞ്ഞ് മാസങ്ങളായെങ്കിലും ഒരു തീരുമാനവും ഉണ്ടായില്ല. ഇതാണ് സമരത്തിന് സാഹചര്യമൊരുക്കിയത്.
ഡീസൽ വിലവർധവിന്റെ അടിസ്ഥാനത്തിൽ ബസിലെ മിനിമം ചാർജ് 12 രൂപയും കിലോമീറ്റർ നിരക്ക് ഒരു രൂപ പത്തു പൈസയുമാക്കി നിശ്ചയിക്കുക മിനിമം ചാർജ് 10 രൂപയും കിലോമീറ്ററിന് 90 പൈസയും ആക്കിക്കിട്ടാൻ വേണ്ടി അൽപം കൂടിയ ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ബസുടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ കൂട്ടണമെന്നും അവർ ആവശ്യപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ