കാസർകോട്: പാണത്തൂർ ബസപകടത്തിന് ഇടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് റിപ്പോർട്ട്. ടോപ് ഗിയറിൽ വാഹനമിറക്കിയത് അപകടത്തിനിടയാക്കി. ചെങ്കുത്തായ ഇറക്കത്തിൽ വളവ് എത്തും മുൻപ് ബസ് നിയന്ത്രണം വിട്ടിരുന്നുവെന്നും മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇറക്കം ഇറങ്ങി വരുന്ന വഴി നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ആൾ താമസമില്ലാത്ത വീടിനു മുകളിലേക്ക് മറിയുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിനുമുകളിലേക്ക് മറിയുകയായിരുന്നു, അപകടത്തിൽ 3 കുട്ടികളുൾപ്പെടെ 7 പേർ മരിച്ചു. മൃതദേഹങ്ങൾ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ചിലരുടെ നില ഗുരുതരമാണ്. കേരള അതിർത്തിയോടു ചേർന്നുള്ള കർണാടകയിലെ ഈശ്വരമംഗലത്തുനിന്നു കർണാടകയിലെ തന്നെ ചെത്തുകയത്തേക്കു പോകുകയായിരുന്നു ബസ്. അതിർത്തി കടന്ന് കേരളത്തിലേക്കു പ്രവേശിച്ച് പാണത്തൂർ എത്തുന്നതിന് 3 കിലോമീറ്റർ മുൻപാണ് അപകടം. ഒട്ടേറെ പേർക്ക് പരുക്കുണ്ട്.

സുള്ള്യയിൽനിന്നും പാണത്തൂർ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിനുവന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ഭാസ്‌കരൻ എന്നയാളുടെ വീടിന് മുകളിലേക്കാണ് ബസ് വീണത്. വീട് ഭാഗികമായി തകർന്നു. ബസിൽ ആകെ എഴുപതോളം പേരാണ് ഉണ്ടായിരുന്നത്. അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കലക്ടർ അന്വേഷിക്കും

ഗുരുതരാവസ്ഥയിലുള്ള 11 പേരെ മംഗലാപുരത്തെ ആശുപത്രികളിലേക്കും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. കുറ്റിക്കോൽ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ബസ് അപകടത്തിൽ പരിക്കേറ്റവർക്ക് കാസർകോട് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും മതിയായ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർദ്ദേശം നൽകി.