തിരൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി വെള്ളൂർ ഷൈജു (42) ആണ് അറസ്റ്റിലായത്. തിരൂർ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 13നാണ് സംഭവം. തൃശൂർ - കുറ്റിപ്പുറം റൂട്ടിൽ ഓടുന്ന ബെൽവിൻ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ കണ്ടക്ടറാണ് അറസ്റ്റിലായ ഷൈജു. കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് ദിവസവും ഒരു ഷെഡ്യൂൾ ഉണ്ട്. ഈ യാത്രയിലാണ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചത്. 13 വയസ് പ്രായമാണ് പീഡനത്തിനിരയായ ആൺകുട്ടിക്ക്.

കുറ്റിപ്പുറം സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി സംഭവ ദിവസം പരീക്ഷ കഴിഞ്ഞ് വൈകിട്ട് 3.20നാണ് ഈ ബസിൽ തിരൂരിലേക്ക് കയറിയത്. ഈ സമയം മുൻ സീറ്റുകളിൽ നാല് സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ തൊട്ടടുത്ത സ്റ്റോപ്പുകളിൽ ഇറങ്ങുകയും ചെയ്തു. ഈ സമയം ടിക്കറ്റ് നൽകാനെന്നു പറഞ്ഞ് കണ്ടക്ടർ കുട്ടിയെ ബസിന്റെ പിൻസീറ്റിലേക്ക് വിളിച്ചു വരുത്തി. പിന്നീട് ബാഗ് മാറ്റി വെയ്ക്കാൻ ആവശ്യപ്പെടുകയും കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ബാക്ക് സീറ്റിൽ വച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

സംഭവ ദിവസം വീട്ടിലെത്തിയ കുട്ടി ഉമ്മയോട് വിവരം പറഞ്ഞു. ശേഷം ജില്ലാ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബസിൽ വെച്ച് പീഡനം നടക്കാനുള്ള സാഹചര്യം ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി മഫ്തിയിൽ പൊലീസ് ഈ ബസിൽ മൂന്ന് ദിവസം കയറി നോക്കിയിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ആയതിനാൽ കുറ്റിപ്പുറം മുതൽ തിരൂർ വരെ വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സി.ഐ ഷാജി പറഞ്ഞു. ഇന്നലെ ബസ് തിരൂർ ബസ്റ്റാന്റിൽ എത്തിയപ്പോൾ കണ്ടക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതോടെ വൈകിട്ട് 6.30ന് അറസ്റ്റ് രേഖപ്പെടുത്തി.

ഇതിനിടെ ഡ്രൈവറെയും ചോദ്യം ചെയ്തു വിട്ടയച്ചു. പ്രതി ഷൈജു കുറ്റം സമ്മതിച്ചതായും വേറെയും കുട്ടികളെ ഇയാൾ പീഡിപ്പിച്ചതായി സൂചന കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസുകാരായ പ്രമോദ്, ജയപ്രകാശ്, ഇഖ്ബാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട്, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പീഡനം നടന്ന ബെൽവിൻ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് തിരൂർ കോടതിയിൽ ഹാജരാക്കും.