പട്ടിക്കാട്: അപ്രതീക്ഷിതമായി ഒന്ന് ബസ്സ് മുതലാളിയായാലോ... കേൾക്കുമ്പോൾ ഒരാഗ്രഹമൊക്കെ തോന്നുമെങ്കിലും, സംഗതി പുലിവാലാണ്, അങ്ങനെ താൻ മനസാ വാചാ അറിയാതെ ഒന്ന് ബസ് മുതലാളിയായി മാറിയതിന്റെ ദുരിതം പേറുകയാണ് കീഴാറ്റൂർ തച്ചിങ്ങനാടത്തെ പുളിക്കൽ അബ്ദുൽ കരീം. മറ്റാരുടെയോ ബസിന്റെ പേരിൽ ഒന്നരലക്ഷം രൂപ റോഡ് നികുതി അടയ്ക്കേണ്ട ഗതികേടിലാണ് കരീമിപ്പോൾ.

ഒന്നരലക്ഷത്തിന്റെ നികുതി നോട്ടീസാണ് കഴിഞ്ഞദിവസം അബ്ദുൾ കരീമിനെ തേടിയെത്തിയത്. ബസിന്റെ ഉടമസ്ഥാവകാശം തന്റെ പേരിൽനിന്ന് മാറ്റിക്കിട്ടാൻ രണ്ടു വർഷമായി ഇയാൾ ഓഫീസുകൾ കയറിയിറങ്ങുകയാണ്. സ്വന്തമായി അഞ്ച് സെന്റുപോലുമില്ലാത്ത അബ്ദുൾ കരീം ഇപ്പോൾ പിടിച്ചിരിക്കുന്നത് ഒരു പുലിവാലും. .

താൻ ഒരു 'ബസ് മുതലാളി'യാണെന്ന് കരീം അറിയുന്നത് 2020 സെപ്റ്റംബറിലാണ്. അന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് അപകടത്തിൽപ്പെട്ട് യാത്രക്കാരിക്ക് പരിക്കുപറ്റിയെന്നുകാട്ടി ഇൻഷുറൻസ് കമ്പനി അയച്ച സമൻസ് വീട്ടിലെത്തിയപ്പോഴായിരുന്നു ഇത്. കെ.എൽ.-10 യു 1933 എന്ന നമ്പറിലുള്ള അറഫ ബസിന്റെ മുതലാളിയായി അങ്ങനെ രേഖകളിൽ കരീം മാറി.

തുടർന്ന് ബസ് തന്റേതല്ലെന്നു കാണിച്ച് മേലാറ്റൂർ പൊലീസ്, ജില്ലാ പൊലീസ് മേധാവി, ആർ.ടി.ഒ. എന്നിവർക്ക് കരീം പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. 2020 സെപ്റ്റംബർ 25-ന് ആർ.ടി.ഒ. ഓഫീസിൽ നടത്തിയ അദാലത്തിൽ പ്രശ്നം ഉന്നയിച്ചെങ്കിലും യഥാർത്ഥ ഉടമകൾ ഹാജരാകാത്തതിനാൽ അതും വെറുതെയായി.
പിന്നീട് പലതവണ സമൻസുകളും നോട്ടീസുകളും വന്നതോടെ 'തന്റെ പേരിലുള്ള' ബസ് കണ്ടെത്താൻ കോഴിക്കോട് നഗരം മുഴുവൻ ഇയാൾ ചുറ്റി. എന്നിട്ടും കാര്യമുണ്ടായില്ല.

അവിചാരിതമായി കൂട്ടിലങ്ങാടി-പള്ളിപ്പുറം ഭാഗത്ത് കൂടി യാത്ര ചെയ്തപ്പോൾ സർവീസ് നിർത്തിവെച്ചനിലയിൽ ഈ ബസ് അബ്ദുൾ കരീം കണ്ടു. അറഫ എന്ന പേരിൽ ഏതാനും ബസുകളുള്ള ഒരു ഗ്രൂപ്പ് ഇവിടെയുണ്ടെന്ന് മനസ്സിലായെങ്കിലും ഉടമയെ കണ്ടെത്താനും കഴിഞ്ഞില്ല. ഫോട്ടോ സഹിതം വീണ്ടും ആർ.ടി.ഒ.യ്ക്ക് ഇയാൾ പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. തുടർന്നാണ് ഇപ്പോൾ മാർച്ച് 30-ന്് കരീമിനെ തേടി ഒന്നരലക്ഷത്തിന്റെ നികുതി നോട്ടീസെത്തുന്നത്.

ഓട്ടോ ഡ്രൈവറായ കരീം ഇല്ലാത്ത കാശ് മുടക്കി ആർ ഡി ഒ ഓഫീസ് കയറിയിറങ്ങിയും, പൊലീസ് സ്റ്റേഷൻ വഴി പരാതി കൊടുത്തും മടുത്തു. പെരിന്തൽമണ്ണ ആർ.ടി. ഓഫീസിലെത്തി മുൻവർഷത്തെ രേഖകൾ നോക്കിയപ്പോൾ ഏതോ അബ്ദുൽ കരീമിന്റെ പേരിലാണ് ബസ് എന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ല. ബാക്കി വിലാസമെല്ലാം ഈ അബ്ദുൽ കരീമിന്റെതാണന്ന് പറഞ്ഞ് ആ ർ ഡി ഒ ഒഴുക്കന്മട്ടിൽ ഇയാളെ പറഞ്ഞ് വിട്ടു. എന്നാൽ ഈ മറിമായത്തിന് ഉത്തരവാദികളെ കണ്ടെത്താൻ ആർ.ടി.ഒ. അധികൃതർ സഹകരിക്കുന്നില്ലെന്നും കരീം പരാതിപ്പെടുന്നു.