പാലക്കാട്. ഇന്ധനവിലയിൽ വൻകുറവ് വന്നിട്ടും സർക്കാർചെലവിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന ബസുടമകളുടെ ഏർപ്പാടു തുടരുന്നു.കർണ്ണാടകയിൽ അഞ്ചു രൂപയും തമിഴ്‌നാട്ടിൽ മൂന്നുരൂപയുമാണ് ബസ്സുകളുടെ മിനിമം ചാർജെങ്കിൽ കേരളത്തിൽ അത് ഏഴുരൂപയാണ്. ഇതും മതിയാവാതെ വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ കൺസൻഷൻ 25 ശതമാനമായി ഉയർത്തണമെന്നാണ് ആവശ്യം

നേരത്തെ ഡീസലിന്റെ വില കൂടിയാൽ ബസ് വ്യവസായത്തെ ബാധിക്കുമെന്നു പറഞ്ഞ് അനിശ്ചിതകാല സമരം നടത്തി സർക്കാറിനെക്കൊണ്ട് ചാർജ് വർദ്ധിപ്പിക്കുന്ന ബസ്സുടമകൾ ഇപ്പോൾ പറയുന്നത് ഡീസൽ വില വർദ്ധനയേക്കാൾ നികുതി ഭാരമാണ് വ്യവസായത്തെ ബാധിക്കുന്നതെന്നാണ്. ബസ് നടത്തിപ്പിൽ ഡീസലിന്റെ പങ്ക് വെറും 40 ശതമാനം മാത്രമാണെന്നാണ് പുതിയ വാദം.ഡീസൽ ചാർജ് എത്ര കുറഞ്ഞാലും ചാർജ് കുറക്കുന്ന കാര്യം പരിഗണിക്കാനാവില്ലെന്നും നികുതിഭാരം എടുത്തുമാറ്റിയാലേ ബസ് വ്യവസായം നഷ്ടമില്ലാതാകൂ എന്നുമാണ് വാദം. ജനസേവനം മുൻനിറുത്തി ഇപ്പോഴും നഷ്ടം സഹിച്ചാണ് കേരളത്തിലെ സ്വകാര്യ ബസ്സുകാർ സർവ്വീസ് നടത്തുന്നതെന്ന് സാരം.

ഇന്ധനവില വർദ്ധന ചൂണ്ടിക്കാട്ടിയാണ് എല്ലാകാലത്തും ബസ്, ലോറി, ഓട്ടോ, ടാക്‌സി നിരക്കുകൾ നിശ്ചയിക്കുന്നത്. നാലരമാസത്തിനിടെ പെട്രോളിന് 13 രൂപയും ഡീസലിന് 10 രൂപയും കുറഞ്ഞു. ഡീസലിന് ഒരു രൂപയിൽ അധികം വർദ്ധന വന്നാൽ തന്നെ സംസ്ഥാനത്ത് മോട്ടോർവാഹനപണിമുടക്ക് നടത്തുന്നത് ഒരു പതിവായിരുന്നു. പിന്നീട് ഉടൻ തന്നെ യാത്രാ നിരക്കുകൾ കൂട്ടുകയും ചെയ്യും.എന്നാൽ പത്തുരൂപ കുറഞ്ഞിട്ടും ജനങ്ങളെ കൊള്ളയടിക്കുന്ന ഓട്ടോ, ബസ് നിരക്കുകൾ കുറയ്ക്കണമെന്ന് സർക്കാറിന് തോന്നിയിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് പ്രതിപക്ഷവും ഒരക്ഷരം മിണ്ടിയിട്ടില്ല.

2014 ഓഗസ്റ്റ് 31 ന് ഒരു ലിറ്റർ ഡീസലിന് 63.32 രൂപയായിരുന്നു വില. ഇപ്പോൾ ഇത് 53.35 ആയി കുറഞ്ഞിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ ഏഴുതവണ ഇന്ധനവില കുറഞ്ഞു.ഒരു ദിവസം 100 ലിറ്റർ ഡീസൽ അടിക്കുന്ന ബസ്സുകൾക്ക് ഇന്ധനവിലയിൽ മാത്രം 1000 രൂപ ലാഭമുണ്ട്. 2014 മെയ്‌ 20 മുതലാണ് പുതിയ ബസ് നിരക്ക് നിലവിൽ വന്നത്. അതിനു മുമ്പ് തന്നെ ചെറിയ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ പ്രതിദിനം 1000 രൂപ എല്ലാ ചെലവും കഴിച്ച് മാറ്റിവയ്ക്കാറുണ്ടെന്ന് ബസ്സിലെ കണ്ടക്ടർമാർ പറയുന്നു. ഇപ്പോളിത് നാലിരട്ടിയായി വർദ്ധിച്ചതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വർഷം മേയിൽ പുതുക്കിയ നിരക്ക് വന്നപ്പോൾ മിനിമം ചാർജ് ആറിൽ നിന്ന് ഏഴായി മാറി. ഇത് പത്തു രൂപയാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. കിലോമീറ്റർ ചാർജ് 58 പൈസയിൽ നിന്ന് 64 ആക്കുകയും ചെയ്തു. ഇതിനു മുമ്പ് 2012 സെപ്റ്റംബറിൽ ചാർജ് കൂട്ടിയപ്പോൾ ഇന്ധനവില ഇടക്കിടെ വർദ്ധിക്കുന്ന സാഹചര്യം പരിഗണിച്ച് ഭാവിയിലെ വിലവർദ്ധന കൂടി കണക്കിലെടുത്താണ് നിരക്ക് വർദ്ധന വരുത്തിയത്. അന്ന് മുതലേ ജനങ്ങൾ കൂടിയ നിരക്കാണ് കൊടുത്തു വരുന്നത്.

ഇപ്പോഴത്തെ അവസ്ഥയിൽ മിനിമം നിരക്ക് 4 രൂപയാക്കി കുറച്ചാലും ബസ്സുകാർക്ക് ലാഭമാണ്. ഫെയർ സ്റ്റേജ് നിർണയത്തിലെ അപാകതകൾ കൊണ്ട് യാത്രക്കാർ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കണക്കിലാണ് ഇത് ശരിയാകുന്നത്. മിനിമം ചാർജ് നിരക്കിൽ 5 കിലോ മീറ്റർ ദൂരം സഞ്ചരിക്കാമെന്നിരിക്കെ പലയിടത്തും അര കിലേമീറ്റർ ദൂരം പോലും ഏഴ് രൂപ കൊണ്ട് സഞ്ചരിക്കാനാവില്ല. ഇറങ്ങാനുള്ള തൊട്ടടുത്ത സ്റ്റോപ്പ് അര കിലോമീറ്റർ അകലെ അടുത്ത ഫെയർ സ്റ്റേജായി കണക്കാക്കുന്ന സ്റ്റോപ്പാണെങ്കിൽ നിരക്ക് ഏഴിൽ നിന്ന് ഒമ്പതായി മാറും. മിനിമം ചാർജ് യാത്രക്കാർക്ക് കയറുന്ന സ്റ്റോപ്പിൽ നിന്ന് 5 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ അനുവദിക്കാത്തിടത്തോളം കാലം യാത്രക്കാർക്ക് ഗുണമുണ്ടാവില്ല.

കെ.എസ്.ആർ.ടി.സി നഷ്ടത്തിലായതിനാൽ നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കാനാവില്ലെന്ന നിലപാടാണ് ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണന്റേത്. കഴിഞ്ഞ വർഷം മേയിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിന് മന്ത്രി പറഞ്ഞ ന്യായം സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം നഷ്ടത്തിലാകുന്നതിനെ പറ്റിയായിരുന്നു. ബസ് മുതലാളിമാരെക്കാളും ഇക്കാര്യത്തിൽ മന്ത്രി ഉത്കണ്ഠ കാണിച്ചിരുന്നു. ഇപ്പോൾ കെ.എസ്.ആർ.ടി.സി പേരിൽ ബസ് മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടിലാണ് മന്ത്രി. ഇന്ധനവില കുറഞ്ഞപ്പോൾ 4.5 ലക്ഷം ലിറ്റർ ഡീസൽ ഉപയോഗിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന ലാഭം 45 ലക്ഷം രൂപയുണ്ട്. 13.5 കോടിയാണ് ഈ ഇനത്തിൽ പ്രതിമാസ ലാഭം.

വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കാൻ മാത്രമാണ് ഇത്രയും കാലം ഒരു സർക്കാറിനും ബസ് മുതലാളിമാർക്കും കഴിയാതെ പോയത്. നിരക്ക് കൂട്ടിയാൽ വിദ്യാർത്ഥികളുടെ സംഘടനാ ശക്തിക്ക് മുമ്പിൽ അടിയറവ് പറയേണ്ടി വന്ന ചരിത്രമാണ് മുമ്പ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. ബസ്, ഓട്ടോ യാത്രക്കാർക്കിടയിൽ ഇങ്ങനെയൊരു സംഘടനാശേഷി ഇല്ലെന്നത് കാര്യങ്ങൾ സർക്കാറിനും ബസ് മുതലാളിമാർക്കും എളുപ്പമാക്കുന്നു.

വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കാൻ ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചതിലും ഗൂഢാലോചനയുണ്ട്. കോടതി മുഖേന നിരക്ക് വർദ്ധന വന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് കൈമലർത്താം. ബസാ ചാർജ് കുറയ്ക്കാൻ വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്ന സാഹചര്യം വന്നാൽ നിരക്ക് കുറക്കുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്ന കാര്യം പറഞ്ഞ സർക്കാറിനു കൈമലർത്താം. എന്തായാലും യാത്രക്കാർക്ക് വേണ്ടി ശബ്ദമുയർത്തേണ്ടി വരുന്ന കാര്യം വരുമ്പോൾ എല്ലാവരും ബധിര മൂകരാണ്.