മെൽബൺ: സൗത്ത് ഓസ്‌ട്രേലിയയിലും വിക്ടോറിയയിലും കാട്ടുതീ പരക്കെ നാശം സൃഷ്ടിക്കുന്നു. സൗത്ത് ഓസ്‌ട്രേലിയയിലെ സാംപ്‌സൺ ഫഌറ്റ്, ടാന്റനൂല എന്നിവിടങ്ങളിൽ പടർന്നിരിക്കുന്ന തീയണയ്ക്കാൻ പാടുപെടുകയാണ് അഗ്നിശമനസേനാംഗങ്ങൾ. വിക്ടോറിയയിൽ മേസ്‌റ്റോൺ, റോക്കി പോയിന്റ്, വില്യൂറ നോർത്ത് എന്നിവിടങ്ങളിൽ എമർജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിക്ടോറിയയിലെയും സൗത്ത് ഓസ്‌ട്രേലിയയിലേയും മിക്ക മേഖലകളിലും ഫയർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ച വരെ ഇവിടങ്ങളിലെ സ്ഥിതി മോശകരമായി തന്നെ തുടരാനാണ് സാധ്യത. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ ആഞ്ഞുവീശുന്ന കാറ്റ് വിക്ടോറിയയിലെ സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ശക്തമായി വീശുന്ന കാറ്റിൽ അഡ്‌ലൈഡിലെ അഞ്ചു വീടുകളാണ് അഗ്നിക്കിരയായത്. രാത്രി മുഴുവൻ അധ്വാനിച്ചിട്ടാണ് അഗ്നിശമന സേനാംഗങ്ങൾക്ക് അഡ്‌ലൈഡ് നോർത്ത് ഈസ്റ്റ് മേഖലകളിലെ മൗണ്ട് ലോഫ്റ്റി റേഞ്ചിലെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

സൗത്ത് വെസ്റ്റ്, സൗത്ത്  ഈസ്റ്റ് ചുറ്റളവിലുള്ള താമസക്കാർക്ക് അപകട ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ഫയർ സർവീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം വിക്ടോറിയ ടൗൺ നിവാസികളോട് ഒഴിയാനും സിഎഫ്എസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നും പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ എന്നും ശക്തമായി വീശുന്ന കാറ്റ്  മൂലം തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നില്ലെന്നും അഗ്നി ശമന ഉദ്യോഗസ്ഥർ പറയുന്നു. ഈയവസ്ഥയെക്കെതിരേ നടപടികൾ സ്വീകരിക്കാൻ മിക്കയിടങ്ങളിലും കമ്യൂണിറ്റി മീറ്റിംഗുകൾ നടക്കുന്നുണ്ട്.

വിക്ടോറിയ പട്ടണത്തിലുള്ളവരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെ മെസ്റ്റണിലെ ഒരു വീട് അഗ്നിക്കിരയായി. മറൂനയിലും കാട്ടുതീ ഭീഷണി ഉയർത്തുന്നുണ്ട്. വീടു വിട്ട് മാറിത്താമസിക്കുന്നവർക്കായി ലേക്ക് ബൊലാക്കിൽ റിലീഫ് സെന്റർ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും വിക്ടോറിയയിൽ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ പോകുമെന്നാണ് പ്രവചനം. ഉയർന്ന താപനിലയ്‌ക്കൊപ്പം ശക്തമായി വീശുന്ന കാറ്റും കാലാവസ്ഥ ഏറെ മോശകരമാക്കും.