ണ്ടനിൽ നിന്നും ജമൈക്കയിലേക്കുള്ള ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ ബിസിനസ് ക്ലാസ് സീറ്റ് ഒഴിഞ്ഞ് കിടക്കുന്നത് കണ്ടായിരുന്നു കാൻസർ രോഗിയും കറുത്ത വർഗക്കാരനുമായ ക്വാമെ ബന്റു(65) അതിൽ ഇരുന്നത്. എന്നാൽ അത് അദ്ദേഹത്തിന് കടുത്ത ദുരനുഭവമാണുണ്ടാക്കിയിരിക്കുന്നത്. ബിസിനസ് ക്ലാസ് സീറ്റിൽ ബന്റു ഇരിക്കുന്നതിനെ ചൊല്ലി കാബിൻ ക്രൂവും ഇയാളും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് വിമാനം പോർട്ടുഗീസ് ദ്വീപായ ടെർസെയ്റയിലേക്ക് അടിയന്തിരമായി തിരിച്ച് വിടുകയും ഇയാളെ പൊലീസിന്റെ സഹായത്തോടെ നീക്കം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇയാളെ കൈയാമം വച്ച് അടിമയെപ്പോലെ വലിച്ചിഴച്ചാണ് പുറത്തിറക്കുകയായിരുന്നു. ഇയാളെ സഹായിക്കാൻ ശ്രമിച്ച ഇംഗ്ലീഷുകാരിയെയും വിമാനത്തിന് പുറത്താക്കിയിട്ടുണ്ട്. ക്യാൻസർ രോഗിയായ ബന്റുവിനോട് കാണിച്ച ഈ മനുഷ്യത്വരഹിതമായ നടപടിയിൽ പ്രതിഷേധിച്ച ബ്രിട്ടീഷ് എയർവേസിനെതിരെ കടുത്ത വിമർശനമാണുയർന്നിരിക്കുന്നത്. ബ്രിട്ടീഷ് പൗരനും ജമൈക്കയിൽ ജനിച്ചയാളുമായ ബന്റു ജമൈക്കയിലെ തന്റെ ബന്ധുക്കളെ സന്ദർശിക്കാൻ വേണ്ടി നടത്തിയ യാത്രക്കിടയിലാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. താൻ ക്യാൻസർ, പ്രമേഹം എന്നീ അസുഖങ്ങളാൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നയാളാണെന്നും അതിനാൽ കാൽ നീട്ടി വച്ചിരിക്കാൻ ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്ത് നൽകണമെന്നും കാബിൻ ക്രൂവിനോട് അപേക്ഷിച്ചുവെങ്കിലും അവർ അത് നിഷേധിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

എന്നാൽ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ ബന്റു കാബിൻക്രൂവിനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ച് വിട്ട് അടിയന്തിരമായി നിലത്തിറക്കി ഇയാളെ നീക്കം ചെയ്യേണ്ടി വന്നതെന്നാണ് ബ്രിട്ടീഷ് എയർവേസ് സംഭവത്തെ ന്യായീകരിച്ചിരിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യത്താൽ എക്കണോമി ക്ലാസിൽ നിന്നും ബിസിനസ് ക്ലാസിലെത്തിയ വയോധികനെ ഇവിടെ നിന്നും ബലം പ്രയോഗിച്ച് ആറ് കാബിൻക്രൂ അംഗങ്ങൾ എക്കണോമി ക്ലാസിലേക്ക് തന്നെ തിരിച്ചയക്കാൻ ശ്രമിച്ചിരുന്നുവെന്നും അതിനെ തുടർന്നാണ ഇയാൾ അത് പ്രതിരോധിച്ച് വാക്കേറ്റം നടത്തിയതെന്നും സൂചനയുണ്ട്.

ഈ നിർണായക അവസരത്തിൽ ബന്റുവിനെ അനുകൂലിച്ച് സംസാരിക്കുകയും സഹായിക്കുകയും ചെയ്തുവെന്നതിന്റെ പേരിൽ യോർക്ക്ഷെയറിൽ നിന്നുമുള്ള ബിസിനസുകാരിയായ ജോയ് സ്റ്റോണിയെയും പോർട്ടുഗീസ് ദ്വീപായ ടെർസെയ്റയിൽ ഇറക്കി വിട്ടുവെന്ന് ആരോപണമുണ്ട്. ഇരുവരെയും നിലവിൽ യുകെയിലേക്ക് തിരിച്ചയക്കാൻ ശ്രമം നടന്ന് വരുന്നുമുണ്ട്. താൻ അസുഖബാധിതനാണെന്നും ടോയ്ലറ്റ് സൗകര്യം വേണമെന്നും ബന്റു ബോധിപ്പിച്ചിട്ടും ബ്രിട്ടീഷ് എയർവേസിലെ കാബിൻക്രൂ അത് ചെവിക്കൊണ്ടില്ലെന്നും വയോധികനോട് ക്രൂരമായി പെരുമാറുകയായിരുന്നുവെന്നും അത് കണ്ടിട്ടാണ് താൻ ഇടപെട്ടതെന്നും സ്റ്റോണി വെളിപ്പെടുത്തുന്നു. താനിതിൽ ഇടപെട്ടതിനെ തുടർന്ന് താൻ ബന്റുവിന്റെ ഭാര്യയാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നുവെന്നും ഈ സ്ത്രീ പറയുന്നു.