മുംബൈ: എയർഇന്ത്യയുടെ ന്യൂയോർക്ക് വിമാനത്തിൽ യാത്രയ്ക്കിടെ സഹയാത്രികയെ കയറിപ്പിടിച്ച യാത്രക്കാരനെ പൊലീസ് പിടികൂടി. ന്യൂയോർക്കിലാണ് ഇയാൾ പൊലീസ് പിടിയാലായത്. മുംബൈയിൽ നിന്നുള്ള യാത്രക്കാരനെ വിസ റദ്ദാക്കി നാട്ടിലേക്ക് മടക്കി അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചതായാണ് റിപ്പോർട്ട്. 

ബിസിനസ് ക്ലാസ് യാത്രക്കാരനെ സീറ്റ് ഒഴിവുള്ളതിനാൽ എക്കണോമി ക്ലാസിലേക്ക് മാറ്റിയിരുന്നു. യുവതിയുടെ തൊട്ടടുത്തുള്ള സീറ്റാണ് നൽകിയത്. നല്ല ഉറക്കത്തിലേക്ക് യുവതി വഴുതി വീണപ്പോഴായിരുന്നു മാറിടത്തിൽ സ്പർശിച്ചത്്. ഞെട്ടിയുണർന്ന യാത്രിക വിമാന അധികൃതർക്ക് പാരതി നൽകി. ഇത് ഗൗരവമായി കണ്ടതോടെ വിഷയം വിമാന ജീവനക്കാർ റിപ്പോർട്ട് ചെയ്തു. വിമാനം നിലത്തിറങ്ങിയപ്പോൾ തന്നെ യാത്രക്കാരനെ ന്യൂയോർക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  

സഹയാത്രക്കാരന്റെ വഴിവിട്ടുള്ള പെരുമാറ്റം വിമാനത്തിനുള്ളിൽ വച്ച് തന്നെ യുവതി വലിയ പ്രശ്നമാക്കിയിരുന്നു. ഞെട്ടിയുണർന്ന യുവതി ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് ജീവനക്കാർ പ്രശ്നത്തിൽ ഇടപെട്ടത്. ബിസിനസ് ക്ലാസിൽ ടിക്കറ്റെടുത്ത നാൽപ്പതുകാരനാണ് പ്രശ്നമുണ്ടാക്കിയത്. തനിക്ക് എക്കണോമി ക്ലാസിൽ ഇരിക്കണമെന്നും തന്റെ സഹപ്രവർത്തകൻ അവിടെയുണ്ടെന്നുമായിരുന്നു ഇയാൾ വിമാനത്തിലെ ജീവനക്കാരെ അറിയിച്ചത്. അത്യാവശ്യം ജോലികൾ ചെയ്യാനുള്ളതു കൊണ്ടാണിതെന്നും പറഞ്ഞു. ഇതനുസരിച്ചാണ് യുവതിക്ക് അടുത്ത് സീറ്റ് നൽകിയത്. എന്നാൽ അതിന് പിന്നിലെ ഉദ്ദേശ്യം വേറെയായിരുന്നുവെന്ന് വ്യക്തമായതോടെ യുവതിയുടെ പരാതി പൊലീസിന് കൈമാറുകയായിരുന്നു ജീവനക്കാർ.

വിമാനമിറങ്ങിയ ശേഷം യുവതിയും പൊലീസിൽ പരാതി ഔദ്യോഗികമായി നൽകി. വിമാനത്തിൽ വച്ചു തന്നെ കളികാര്യമായെന്ന് കയറിപ്പിടിച്ചയാളിനും മനസ്സിലായി. ഇതോടെ യുവതിയെ കാണാൻ അനുവദിക്കണമെന്നും മാപ്പു പറയണമെന്നും ഇയാൾ ജീവനക്കാരോട് പറഞ്ഞു. എന്നാൽ ഇതൊന്നും ജീവനക്കാർ അംഗീകരിച്ചില്ല. പ്രതീക്ഷിച്ചതു പോലെ യുവതി പരാതി നൽകുകയും ചെയ്തു. എയർ ഇന്ത്യയയുടെ ബോയിങ് 777 വിമാനത്തിലായിരുന്നു സംഭവം.