തിരുവനന്തപുരം: ഐടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയതോടെ സോഷ്യൽ മീഡിയയിലെ അപ്രഖ്യാപിത അടിയന്തിരാവസ്ഥ ഒഴിവായതിന്റെ സന്തോഷത്തിലാണ് മലയാളികൾ അടക്കമുള്ളവർ. ചിലർക്ക് അസുഖകരമായ വാർത്തകൾ പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ ഐടി ആക്ട് ഉപയോഗിച്ച് മറുനാടൻ മലയാളിക്ക് മൂക്ക് കയറിടാൻ കൂടി പലരും ശ്രമിച്ചിരുന്നു. ഐടി ആക്ടിലെ 66 എയെന്ന വകുപ്പ് റദ്ദാക്കിയതോടെ മറുനാടനെതിരെ വാളോങ്ങിയ പ്രമുഖരും പത്തിമടക്കി. പ്രമുഖ ജുവല്ലറി വ്യവസായി ബോബി ചെമ്മണ്ണൂർ, കൊച്ചി മേയർ ടോണി ചമ്മണി, കോൺഗ്രസ് നേതാവന് ബെന്നി ബഹനാൻ തുടങ്ങിയവരാണ് ഐടി വകുപ്പിലെ കരിനിയമം ഉപയോഗിച്ച് മറുനാടനെതിരെ തിരിഞ്ഞിരുന്നത്. എന്നാൽ 66 എ എന്ന വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ട് തോടെ മറുനാടൻ അടക്കമുള്ള ഓൺലൈൻ പത്രങ്ങൾക്ക് കൂടുതൽ ധൈര്യത്തോടെ അപ്രിയ സത്യങ്ങൾ വിളിച്ചുപറയാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ഐടി നിയമം 66 എയിലെ വിവാദ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന വിലയിരുത്തലാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. 66 എയും 118ഡിയും തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലെ അപകീർത്തികരമായ പരാമർശങ്ങൾ തടയുന്നതിനായിരുന്നു ഈ വകുപ്പ്. കേരള സർക്കാർ പാസാക്കിയ കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പും റദ്ദാക്കി. ഇതോടെയാണ് മറുനാടനെതിരെ വൻതോക്കുകൾ നൽകിയ കേസുകളും റദ്ദായത്.

ഓപ്പറേഷൻ കുബേരയിൽ പ്രമുഖ ജുവല്ലറി ഉടമയായ ബോബി ചെമ്മണ്ണൂർ കുടുങ്ങിയ വിവരം മറ്റ് മാദ്ധ്യമങ്ങൾ തമസ്‌ക്കരിച്ചപ്പോൾ ധൈര്യമായി വാർത്ത നൽകിയത് മറുനാടാൻ മലയാളിയായിരുന്നു. അമിത പലിശ ഈടാക്കിയതിന് കോഴിക്കോട് നടക്കാവ് സ്റ്റേഷനിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് വന്നത്. പരാതിക്കാരന്റെ അഭിമുഖം സഹിതം മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മറുനാടൻ വാർത്ത പത്മശ്രീ നേടാനുള്ള വ്യവസായിയുടെ തന്ത്രങ്ങൾക്കും തിരിച്ചടിയായിരുന്നു. ഇതോടെയാണ് ഐടി ആക്ട് ദുരുപയോഗം ചെയ്ത് മറുനാടനെതിരെ കേസുമായി ബോബി രംഗത്തെത്തിയത്. പുതിയ സുപ്രീംകോടതി വിധിയോടെ ഈ കേസ് അടക്കം രണ്ട് ഡസനോളം വ്യാജ പരാതികളാണ് റദ്ദാകുക.

നേരത്തെ കൊച്ചി മേയർ നടത്തിയ വിദേശയാത്രകളുടെ പേരിൽ മറുനാടൻ മലയാളി നൽകിയ വാർത്ത ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മറുനാടനെ കൂടാതെ ചാനലുകളും പത്രങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചെങ്കിലും ഐടി നിയമം ദുരുപയോഗിച്ച് മറുനാടനെ മാത്രം ആക്രമിക്കുന്ന സമീപനമാണ് ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഈ കേസിൽ മറുനാടൻ എഡിറ്ററെ അറസ്റ്റു ചെയ്തത് ഏറെ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഏറ്റവും ഒടുവിൽ മറുനാടന്റെ എഡിറ്റോറിയലിൽ വന്ന പരാമർശത്തിന്റെ പേരിൽ ബെന്നി ബഹനാനും കേസ് നൽകുകയുണ്ടായി. എന്നാൽ, ഇത്തരം കേസുകൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയത്.

സോളാർ കേസുമായി ബന്ധപ്പെട്ട നിർണ്ണായക വെളിപ്പെടുത്തൽ മുതൽ ഏറ്റവും ഒടുവിൽ ബാർകോഴ കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ വരെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഇതിന്റെ പേരിൽ പല ഉന്നതരും മറുനാടനെ ശത്രുപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. നേരത്തെ കരിക്കിനേത്തുകൊലപാതക കേസ് ഉൾപ്പെടെയുള്ള കേസുകളിൽ നിർണ്ണായക ഇടപടെലാണ് മറുനാടൻ നടത്തിയിരുന്നത്. പിന്നീട് വന്ന പല മാദ്ധ്യമങ്ങളും മറുനാടന്റെ പാത പിന്തുടരുകയും ഉണ്ടായി. എന്നാൽ, ഐടി നിയമത്തിലെ 66 എ പ്രകാരം ഓൺലൈൻ മാദ്ധ്യമം എന്ന നിലയിൽ മറുനാടനെ മാത്രം ആക്രമിക്കുന്ന ശൈലിയാണ് ഉന്നതരുടെ ഭാഗത്തു നിന്നും ഉണ്ടായത്. വായനക്കാരുടെ പിന്തുണയോടെ കൂടുതൽ കരുത്തോടെ സത്യങ്ങൾ വിളിച്ചുപറയാനുള്ള ഊർജ്ജമാണ് മറുനാടൻ സുപ്രീംകോടതി വിധി നൽകിയിരിക്കുന്നത്.