മെൽബൺ: ഖനന മേഖലയിൽ ഉണർവ് പ്രകടമായതോടെ ഇനിയൊരു സാമ്പത്തിക മാന്ദ്യം രാജ്യത്തെ ഉടനെ പിടിച്ചുലയ്ക്കുകയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ. 1980കളിലും 1990കളിലും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കമോദിറ്റി വിലകളിൽ കുത്തനെ ഉണ്ടായ ഉയർച്ചയും മറ്റും രാജ്യത്തിന്റെ സമ്പദ് ഘടനയെ ഏറെ പിടിച്ചുലച്ചു. എന്നാൽ ആ ചരിത്രം ഇനി ആവർത്തിക്കില്ലെന്നാണ് ഗ്ലെൻ സ്റ്റീവൻസ് വ്യക്തമാക്കുന്നത്.

അടുത്തകാലത്ത് കൽക്കരി, ഇരുമ്പ് അയിരുകളുടെ വില ഇടിയുകയും ഈ മേഖലയിലെ നിക്ഷേപത്തെക്കുറിച്ച് ആശങ്ക ഉയരുകയും ചെയ്തുവെങ്കിലും അതിനെയെല്ലാം അതിജീവിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ ഇപ്പോൾ. ഈ മേഖലയിൽ അടുത്തകാലത്ത് ഇടിവു സംഭവിച്ചുവെങ്കിലും രാജ്യത്തെ നാണ്യപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ സാധിച്ചത് നേട്ടമായി തന്നെ കരുതണമെന്ന് ആർബിഎ ഗവർണർ വെളിപ്പെടുത്തി.

ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയിലുണ്ടായ ഇടിവും രാജ്യത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്തുന്നതിനാണ് സഹായകമായത്. പ്രതികൂല സാഹചര്യത്തിൽ ലഭ്യമായ റിസോഴ്‌സുകൾ ഉപയോഗിച്ച് സമ്പദ് ഘടന മെച്ചപ്പെടുത്താൻ സഹായമാകുകയായിരുന്നു. ഒമ്പതു വർഷത്തിനു ശേഷം യുഎസ് പലിശ നിരക്കിൽ ഈ വർഷം വർധന ഉണ്ടാകുമെന്ന് ഗ്ലെൻ സ്റ്റീവൻസ് വെളിപ്പെടുത്തി. യൂറോപ്യൻ സെൻട്രൽ ബാങ്ക് ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നതും മറ്റു രാജ്യങ്ങളുടെ സമ്പദ് രംഗത്തിന് ക്ഷീണം സംഭവിപ്പിക്കുകയേ ഉള്ളൂ. ഫോറിൻ എക്‌സ്‌ചേഞ്ച് മാർക്കറ്റിലും മറ്റും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ആർബിഎ ചീഫ് വ്യക്തമാക്കി.

ഈ സാഹചര്യങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ ഫെഡറൽ സർക്കാർ മെച്ചപ്പെട്ട രീതിയിൽ തന്നെ പ്രവർത്തിക്കുന്നത് ഒരു പരിധിയിൽ കവിഞ്ഞ് രാജ്യത്തെ കടക്കെണിയിലേക്ക് തള്ളിയിടില്ലെന്ന് സ്റ്റീവൻസ് പ്രത്യാശ പ്രകടിപ്പിച്ചു. അടുത്തിടെ മണിട്ടറി പോളിസി സംബന്ധിച്ച് യുഎസ് ഫെഡറൽ റിസർവിന്റെ പ്രസ്താവന യുഎസ് ഡോളറിന്റെ വിലയിൽ അല്പമൊരു ഇടിവിനു കാരണമാക്കിയിരുന്നു. അത് ഓസ്‌ട്രേലിയൻ ഡോളറിന്റെ വില നേരിയ തോതിൽ ഉയരാൻ സാഹ്ചര്യമൊരുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നു തന്നെ യുഎസ് ഡോളർ ശക്തിപ്രാപിക്കുകയും വിപണിയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും ചെയ്യുകയായിരുന്നു.