- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുന്ന വരവിൽ ദിശ നിർണയിക്കാൻ കഴിയാതെ ബുറേവി ചുഴലിക്കാറ്റ്; പൊന്മുടി വഴിയെത്തി വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്ന് പുതിയ നിഗമനം; കാറ്റിന്റെ സഞ്ചാരപഥത്തിൽ വീണ്ടും മാറ്റം വരാനും സാധ്യതയെന്നും മുന്നറിയിപ്പ്; ദുരന്തത്തെ നേരിടാൻ തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ മുന്നറിയിപ്പും പൂർത്തിയാക്കി ഭരണകൂടം
തിരുവനന്തപുരം: 'ബുറേവി' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം സംബന്ധിച്ച് വീണ്ടും ആശങ്ക. നെയ്യാറ്റിൻകര താലൂക്കിൽ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുമ്പോഴും ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് നാശം വിതയ്ക്കും എന്നാണ് കണക്ക് കൂട്ടൽ. 'ബുറേവി' ചുഴലിക്കാറ്റ് തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. പാമ്പൻ തീരം കടന്ന് നാളെ കേരളത്തിലേക്കെത്തുമ്പോൾ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ കാറ്റിന്റെ സഞ്ചാരപഥത്തിൽ വീണ്ടും മാറ്റം വരാനും സാധ്യതയുണ്ട്.
ഇന്ന് രാത്രിയോടെ തെക്കൻ കേരളത്തിൽ ഇപ്പോഴുള്ള കാലാവസ്ഥ മാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാത്രി മുതൽ മഴയും കാറ്റും ഉണ്ടാകും. കേരള തീരങ്ങളിൽ ചുഴലിക്കാറ്റ് ജാഗ്രതയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി.
മഴ
ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളിൽ ഡിസംബർ മൂന്നിന് അതി ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണകേരള തീരങ്ങളിലെ ചില പ്രദേശങ്ങളിൽ 2020 ഡിസംബർ നാലിന് ശക്തമായ മഴയ്ക്ക് സാധ്യത.
വടക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഡിസംബർ മൂന്നിന് ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഡിസംബറിൽ നാലിന് ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്ത മഴയ്ക്കും സാധ്യത.
കാറ്റ് മുന്നറിയിപ്പ്
ദക്ഷിണകേരള തീരങ്ങളിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മണിക്കൂറിൽ ശരാശരി 55 മുതൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത. ചിലയിടങ്ങളിൽ കാറ്റിന്റെ പരമാവധി വേഗം മണിക്കൂറിൽ 75 കിലോമീറ്റർ വരെ ആകാനും ഇടയുണ്ട്.
ഡിസംബർ 3 ഉച്ചമുതൽ 24 മണിക്കൂർ നേരം കാറ്റിന്റെ വേഗത വർധിക്കാനിടയുണ്ട്. മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനും സാധ്യത. ചിലയിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 90 കിലോമീറ്റർ വരെ ആകാനും ഇടയുണ്ട്. 24 മണിക്കൂറിനുശേഷം കാറ്റിന്റെ വേഗതയിൽ കുറവ് ഉണ്ടാകുന്നതാണ്.
ദക്ഷിണ കേരളത്തിലെ ജില്ലകളിൽ പ്രതീക്ഷിക്കുന്ന ആഘാതങ്ങൾ
- മേൽക്കൂര കൾക്ക് അടച്ചുറപ്പില്ലാത്ത വീടുകൾ തകരാൻ സാധ്യത.
- മരത്തിന്റെ ശിഖരങ്ങൾ വീണ്, വൈദ്യുത കമ്പികളും ടെലഫോൺ ലൈനുകളും തകരാൻ ഇടയുണ്ട്
- കൃത്യമായ ടാറിങ്ങോ, മറ്റ് നിർമ്മാണപ്രവർത്തനങ്ങളോ നടക്കാത്ത റോഡുകൾ തകരാൻ സാധ്യത.
- വിളനാശം ഉണ്ടാകാനും ഇടയുണ്ട്.
- സമുദ്രനിരപ്പിൽ നിന്നും താഴെ ഉള്ള പ്രദേശങ്ങളിൽ കടൽ കയറാനും സാധ്യത
മത്സ്യബന്ധനത്തിന് പോകുന്നവർക്കുള്ള മുന്നറിയിപ്പുകളും സ്വീകരിക്കേണ്ട നടപടികളും
താഴെ പറയുന്ന മേഖലകളിൽ ഡിസംബർ 3 മുതൽ 5 വരെ എല്ലാത്തരം മത്സ്യബന്ധന പ്രവർത്തനങ്ങളും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
കോമോറിൻ മേഖല, മാന്നാർ ഉൾക്കടൽ, തമിഴ്‌നാട് കേരള ദക്ഷിണ തീരങ്ങൾ , ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരങ്ങൾ എന്നിവിടങ്ങളിലേക്ക് ഡിസംബർ മൂന്നുമുതൽ നാലുവരെ മീൻപിടുത്തക്കാർ പോകരുത്.
ബുറേവി ചുഴലിക്കാറ്റിന്റെ മുന്നോടിയായി തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്ന പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.
ജില്ലകളിൽ കൺട്രോൾ റൂം തുറക്കുകയും സുരക്ഷിത മേൽക്കൂരയില്ലാത്തവരെ മാറ്റിർുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിലവിൽ 217 ദുരിതാശ്വാസക്യാമ്പുകൾ തുറക്കാൻ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പൊന്മുടി ലയത്തിലെ തൊഴിലാളികളെ മാറ്റും. ജില്ലയിൽ 15,000-ത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ സജ്ജമാണ്. എൻഡിആർഎഫിന്റെ 20 ക്യാമ്പുകൾ ജില്ലയിൽ തയ്യാറായിട്ടുണ്ട്. ജില്ലയിലെ ഡാമുകളുടെ ജലനിരപ്പിൽ ആശങ്കയില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം തീരദേശത്ത് ഭയാശങ്ക വേണ്ട.
8 കമ്പനി എൻഡിആർഎഫ് സംഘം കേരളത്തിലുണ്ട്. മീൻപിടുത്തം പൂർണ്ണാമായും വിലക്കി. ആളുകളെ മാറ്റിപ്പാർപ്പിക്കാനായി തിരുവനന്തപുരത്ത് 217 ഉം കോട്ടയത്തും 163 ഉം ക്യാമ്പുകൾ തുറന്നു. ജില്ലകളിലെല്ലാം കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കൊല്ലത്ത് തീരമേഖലക്ക് പുറമേ കോട്ടാരക്കര പുനലൂർ പത്തനാപുരം പ്രദേശവും ജാഗ്രതയിലാണ്. ഇടുക്കിയിൽ പീരുമേട് വാഗമൺ ഏലപ്പാറ ഉപ്പുതറ പ്രദേശങ്ങളിലെ ലയങ്ങളിൽ താമസക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്കും നിരോധനമുണ്ട്. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് മന്ത്രിതല ഉന്നതയോഗം വിളിച്ച ശേഷം ജില്ലാ ഭരണകൂടം അറിയിച്ചു. അപകട സാധ്യത കൂടിയ മേഖലകൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കന്യാകുമാരി ജില്ലാ ഭരണകൂടം അറിയിക്കുന്നു.
മറുനാടന് ഡെസ്ക്