ജയ്പൂർ: രാജസ്ഥാനിലെ ലോക്‌സഭാ ഉപതരെഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിൽ ഒന്നിൽ ബിജെപി ഏറെ പിന്നിലാണ്. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന് പുതു പ്രതീക്ഷയാണ് ഈ തെരഞ്ഞെടുപ്പ്. അങ്ങനെ അസബ്ലി തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ വിജയം കോൺഗ്രസിന്റേതാകുന്നു. ബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ മമതാ ബാനർജി തരംഗം ആഞ്ഞു വീശുകയാണ്.

രാജസ്ഥാനിൽ അജ്‌മേർ, ആൾവാൾ സീറ്റുകളിലാണ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്. രണ്ടും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. ഇവിടെയാണ് കോൺഗ്രസ് മുന്നേറുന്നത്. അജ്‌മേറിൽ കോൺഗ്രസ് വൻ ലീഡ് നേടിക്കഴിഞ്ഞു. അൾവാറിലുംകോൺഗ്രസിനാണ് ലീഡ്. എന്നാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയാണ് രാജസ്ഥാനിൽ മുന്നേറുന്നത്. മണ്ഡൽഗഡിൽ ബിജെപിയുമാണ് ലീഡു ചെയ്യുന്നത്.

39 ലക്ഷത്തിലധികം വോട്ടർമാരുള്ള മൂന്നു മണ്ഡലങ്ങളിലുമായി 42 പേരാണു ജനവിധി തേടുന്നത്. അജ്‌മേറിൽ 23, ആൾവാർ 11, മണ്ഡൽഗർ 8 എന്നിങ്ങനെയാണു സ്ഥാനാർത്ഥികളുടെ എണ്ണം. അജ്‌മേർ എംപി സൻവർലാൽ ജാട്ട്, ആൾവാർ എംപി ചന്ദ്‌നാഥ്, മണ്ഡൽഗർ എംഎൽഎ കീർത്തികുമാരി എന്നിവർ കഴിഞ്ഞ വർഷം മരണപ്പെട്ടതിനെത്തുടർന്നാണു മൂന്നിടങ്ങളിലും ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്ന മൂന്നിടങ്ങളിലും കോൺഗ്രസാണു മുഖ്യ എതിരാളികൾ. അജ്‌മേർ നേരത്തെ കോൺഗ്രസിനൊപ്പമായിരുന്നു. സച്ചിൻ പൈലറ്റിന്റെ സീറ്റായിരുന്നു ഇത്. ഇത് തിരിച്ചു പിടിക്കുന്നത് കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നാണ് സൂചന.

ബംഗളാളിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ ബഹുദൂരം മുന്നിലാണ്. ലോക്‌സഭാ സീറ്റിലും നിയമസഭാ സീറ്റിലും മമതയുടെ തരംഗമാണ് അലയടിക്കുന്നത്. രണ്ടിടത്തും ബിജെപിയും സിപിഎമ്മും രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലുമാണ്.