- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട് സീറ്റ് ജോസഫിന് നൽകിയാലും നൽകിയില്ലെങ്കിലും കോൺഗ്രസിന് തലവേദന; സ്വന്തം സ്ഥാനാർത്ഥിയുമായി മുമ്പോട്ട് പോകാൻ ഉറച്ച് ജോസ് കെ മാണിയും; യുഡിഎഫിൽ അടി മൂത്തതോടെ ആരെ നിർത്തിയാലും ജയിപ്പിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തിൽ ഇടതു മുന്നണി; സുഭാഷ് വാസു പോയതിനാൽ ബിജെപിക്കും പ്രതീക്ഷയില്ല; ചവറയിൽ കഴിഞ്ഞ തവണ തുണച്ച ഭാഗ്യം ഇത്തവണ ഉണ്ടാവില്ലെന്ന നിഗമനത്തിൽ കുട്ടനാട് മാത്രം മുന്നിൽ കണ്ട് സിപിഎം നീക്കങ്ങളും
ആലപ്പുഴ: കുട്ടനാട്ടിൽ യുഡിഎഫിൽ സർവ്വത്ര പ്രതിസന്ധി. കുട്ടനാട് സീറ്റ് കേരളാ കോൺഗ്രസിന്റേതാണ്. പാലായിലേതു പോലെ കേരളാ കോൺഗ്രസിലെ തമ്മിലടി ഈ സീറ്റ് തിരിച്ചു പിടിക്കാൻ തടസ്സമാണെന്ന തിരിച്ചറിവിലാണ് യുഡിഎഫ്. ഇതിന് സമാനമാണ് സിപിഎമ്മിലേയും കാര്യങ്ങൾ. ചവറയും കുട്ടനാട്ടും ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ്. ഇതിൽ വിജയൻ പിള്ളയുടെ മികവാണ് ചവറയിൽ ജയമൊരുക്കിയത്. വിജയൻപിള്ള പോയതിനൊപ്പം ആർഎസ്പികൾ ഒന്നാകുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ ചവറയിൽ ആർ എസ് പിക്ക് മുൻതൂക്കമുണ്ട്. ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ സിപിഎമ്മിന് ചവറയിൽ കാര്യമായ പ്രതീക്ഷയില്ല. അതുകൊണ്ട് തന്നെ തോമസ് ചാണ്ടിയുടെ മരണത്തിൽ കുട്ടനാട്ടുണ്ടായ ഒഴിവിൽ ജയിച്ചു കയറി മാനം കാക്കാനാണ് സിപിഎം നീക്കം.
എൻസിപിയാകും കുട്ടനാട് ഇടതു പക്ഷത്തിന് വേണ്ടി മത്സരിക്കുക. തോമസ് ചാണ്ടിയുടെ സഹോദരനായ തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. എൻസിപിയിൽ ഇതേ കുറിച്ച് ഭിന്നതയുണ്ടെങ്കിലും തോമസ് ചാണ്ടിയുടെ സഹോദരന് തന്നെയാണ് മുൻതൂക്കം. തോമസ് കെ തോമസിലൂടെ സീറ്റ് നിലനിർത്താനാകുമെന്നാണ് പ്രതീക്ഷ. കേരളാ കോൺഗ്രസിന്റേതാണ് കുട്ടനാട്ടിലെ സീറ്റ്. ഇവിടെ മത്സരിച്ചേ മതിയാകൂവെന്ന് പിജെ ജോസഫ് നിലപാട് എടുക്കുന്നു. ഇത് യുഡിഎഫ് അംഗീകരിക്കും. എന്തുവന്നാലും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് ജോസ് കെ മാണി പറയുന്നത്. ഇതോടെ യുഡിഎഫ് വോട്ടുകൾ ഭിന്നിക്കും. ഇത് ഇടതുപക്ഷത്തിന് സാധ്യതയായി മാറുകയും ചെയ്യും.
കഴിഞ്ഞ തവണ ശക്തമായ ത്രികോണ മത്സരമായിരുന്നു കുട്ടനാട്. ബിഡിജെഎസിന് വേണ്ടി മത്സരിച്ച സുഭാഷ് വാസു 33,000 വോട്ട് നേടി. സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനും തമ്മിൽ തെറ്റി. ബിഡിജെഎസിന് പുറത്താകുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിജെപി മുന്നണിയിലും പ്രശ്നമുണ്ട്. സുഭാഷ് വാസു മത്സരിക്കാത്തതു കൊണ്ട് തന്നെ ബിഡിജെഎസിന് കഴിഞ്ഞ തവണത്തെ വോട്ട് പിടിക്കാനാകില്ല. അതിനാൽ ത്രികോണ ചൂട് ഇത്തവണ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇതും സിപിഎമ്മിന് ആശ്വാസമാണ്. കഴിഞ്ഞ തവണ കൈവിട്ട എസ് എൻ ഡി പി വോട്ടുകൾ ഇത്തവണ ഇടതു പക്ഷത്തിന് കിട്ടാൻ ഇത് സാധ്യതയൊരുക്കും.
പാർട്ടിയും ചിഹ്നവും ആരുടേതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി കഴിഞ്ഞ സ്ഥിതിക്ക് കുട്ടനാട്ടിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരവും ജോസ് കെ മാണിക്കാണെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടനാട് രണ്ടില ചിഹ്നത്തിൽ സ്ഥാനാർത്ഥി മത്സരിച്ച സീറ്റാണ്.പിജെ ജോസഫ് യഥാർഥ്യം മനസിലാക്കി സംസാരിക്കണമെന്നും റോഷി അഗസ്റ്റിൻ പ്രതികരിച്ചു. ഈ നിലപാട് അംഗീകരിച്ചാൽ ജോസ് കെ മാണി യുഡിഎഫിന്റെ ഭാഗമാകും. എന്നാൽ പിജെ ജോസഫിനെ പിണക്കാൻ യുഡിഎഫിലെ ഒരുവിഭാഗം തയ്യാറല്ല. കോൺഗ്രസിന് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തണമെന്നുമുണ്ട്. എം ലിജുവിനെ പോലൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ കുട്ടനാടും ജയിക്കാമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. എന്നാൽ ജോസഫവും ജോസ് കെ മാണിയും ഇതിന് സമ്മതിക്കില്ലെന്ന തിരിച്ചറിവിലാണ് കോൺഗ്രസ്. അതുകൊണ്ട് തന്നെ പാല പോലെ കുട്ടനാട്ടും തമ്മിലടി തിരിച്ചടിയാകുമെന്ന് കോൺഗ്രസ് കരുതുന്നു.
കുട്ടനാട്ടിലും ചവറയിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളും മുന്നണി മാറ്റ സാധ്യതകളും എല്ലാം ഇതോടെ സജീവമാകുകയാണ്. കുട്ടനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയത്തിൽ ഒരു ആശയക്കുഴപ്പവും എൻസിപിയിൽ ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എകെ ശശീന്ദ്രനും മാണി സി കാപ്പനും. തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി ഉണ്ടാകുന്നതാണ് നല്ലത്. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകണമെന്ന പൊതു ധാരണ എൻസിപിയിലുണ്ടെന്ന് വിശദീകരിച്ച എകെ ശശീന്ദ്രൻ ഇനി ഇക്കാര്യത്തിൽ ബാക്കിയുള്ളത് ഔദ്യോഗിക പ്രഖ്യാപനം മാത്രമാണെന്നും പറഞ്ഞു .ഇടത് മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതാണ് കീഴ് വഴക്കം.
തോമസ് കെ.തോമസിന്റെ പേരിന് എൻസിപി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം കിട്ടിയിട്ടുണ്ട്. കുട്ടനാട്ടിൽ ജയസാധ്യത തോമസ് കെ തോമസിനാണ്. കുട്ടനാട്ടിൽ എൻസിപി വിജയിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാലാകാം പിതാംബരൻ മാസ്റ്റർ സ്ഥാനാർത്ഥിയുടെ പേര് പറയാത്തത്. തോമസ് ചാണ്ടിയുടെ കുടുംബത്തിൽ നിന്നൊരാൾ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. തോമസ് കെ തോമസ് തന്നെയാണ് സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ എൻസിപിക്ക് അകത്ത് ആശയക്കുഴപ്പം ഇല്ലെന്ന് പാലാ എംഎൽഎ മാണി സി കാപ്പനും വ്യക്തമാക്കി. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റ ചർച്ചകൾ സജീവമായി ഇരിക്കെ പാലായും കുട്ടനാടും എൻസിപി വിട്ടു കൊടുക്കില്ലെന്നും മാണി സി കാപ്പൻ പറയുന്നു. കുട്ടനാടും പാലായും എൻസിപിയുടെ സീറ്റാണ് . അത് രണ്ടും കിട്ടുമെന്ന് മോഹിച്ച് ഇടത് മുന്നണിയിലേക്ക് ജോസ് വിഭാഗം വരേണ്ടതില്ലെന്നാണ് മാണി സി കാപ്പൻ വ്യക്തമാക്കുന്നത്.
തോമസ ചാണ്ടി എംഎൽഎയുടെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2019 ഡിസംബർ 20നാണ തോമസ് ചാണ്ടി മരിച്ചത്. കോവിഡ മഹാമാരി പടർന്നു പിടിച്ചതിനാൽ ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് കുട്ടനാട് ഉപതെരഞ്ഞെടുപ്പ നവംബറിൽ ഉണ്ടാകുമെന്നും തീയതി പിന്നാലെ അറിയിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. തോമസ് ചാണ്ടി 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയതും തോമസ് കെ. തോമസ് ആയിരുന്നു.
തോമസ് ചാണ്ടി അസുഖ ബാധിതനായപ്പോൾ മണ്ഡലത്തിന്റെ ചുമതല ഏൽപ്പിച്ചിരുന്നതും തോമസിനെയായിരുന്നു. തോമസ് പിൻഗാമിയാകണമെന്ന് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രി, എൻ.സി.പി നേതാക്കൾ, സിപിഎം സംസ്ഥാന സെക്രട്ടറി എന്നിവർക്ക് നേരത്തെ കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് കെ തോമസ് സ്ഥാനാർത്ഥിയാകുന്നത്. തോമസ് ചാണ്ടി അന്തരിച്ചിട്ട് ഒമ്പതുമാസമായി. വിജയൻ പിള്ളയുടെ വിയോഗത്തിന് ആറുമാസവും. സീറ്റ് ഒഴിവുവന്നാൽ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.
കാലാവധി ഒരു വർഷമെങ്കിലും ഉണ്ടെങ്കിലേ തിരഞ്ഞെടുപ്പ് നടത്തേണ്ടതുള്ളൂവെന്നും ജനപ്രാതിനിധ്യ നിയമം 151 (എ) നിഷ്കർഷിക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാനസർക്കാരും കോവിഡ് പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന അഭിപ്രായമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചത്. തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന പൊതുധാരണ നിലനിൽക്കെ പ്രഖ്യാപനം വന്നതാണ് രാഷ്ട്രീയപ്പാർട്ടികളെ അമ്പരപ്പിച്ചത്. മാർച്ച് ആദ്യംതന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും. ഒക്ടോബറിൽ തദ്ദേശ തിരഞ്ഞെടുപ്പും. നവംബറിലാണ് ഉപതിരഞ്ഞെടുപ്പെങ്കിൽ നാലഞ്ച് മാസമേ ഒരു എംഎൽഎ.യ്ക്ക് പ്രവർത്തിക്കാനാകൂ.
ചവറയിൽ എൽ.ഡി.എഫ്. കഴിഞ്ഞതവണ സി.എംപി.ക്ക് സീറ്റ് നൽകി വിജയൻ പിള്ളയെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു. ഇപ്രാവശ്യം സീറ്റ് സിപിഎം. ഏറ്റെടുക്കുകയെന്നതാണ് പരിഗണനയിലുള്ള ഒരു നിർദ്ദേശം. അല്ലാത്തപക്ഷം വിജയൻ പിള്ളയുടെ കുടുംബാംഗത്തെ കളത്തിലിറക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ബന്ധുബലവും പാർട്ടി വോട്ടും വിജയത്തിനുള്ള സൂത്രവാക്യമാകുമെന്നാണ് ഇതിനുള്ള പ്രേരണ. ചവറയിൽ യു.ഡി.എഫ്. സീറ്റ് ആർ.എസ്പി.ക്കു തന്നെയാണ്. പരമ്പരാഗതമായി ആർ.എസ്പി. മത്സരിച്ചുവന്ന സീറ്റാണിത്.
മുൻ തിരഞ്ഞെടുപ്പുകളിൽ ഷിബു ബേബി ജോണായിരുന്നു യു.ഡി.എഫ്. സ്ഥാനാർത്ഥി. ഉപതിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരിക്കും സ്ഥാനാർത്ഥി. കുട്ടനാട് യു.ഡി.എഫിൽ കേരള കോൺഗ്രസിലെ തർക്കമാണ് കീറാമുട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമായിരുന്നു സ്ഥാനാർത്ഥി. എന്നാൽ, പാർട്ടിയെന്ന നിലയിലാണ് സീറ്റ് ലഭിച്ചതെന്ന് അവകാശപ്പെട്ട് നേരത്തേ ജോസ് കെ. മാണി അവകാശവാദമുന്നയിച്ചിരുന്നു. നിലവിൽ ജോസ് വിഭാഗം മുന്നണിക്കു പുറത്താണ്.
മറുനാടന് മലയാളി ബ്യൂറോ