കുട്ടനാട്: സംസ്ഥാനത്ത് ചവറയിലും കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. പുറമേ തെരഞ്ഞെടുപ്പിന് സ്വാഗതം ചെയ്യുന്നു എന്ന് പറയുമ്പോഴും മുന്നണികൾക്ക് നാല് മാസം കാലാവധിയുള്ള വേളയിലേക്ക് മാത്രമായി തിരഞ്ഞെടുപ്പു നടത്തേണ്ട കാര്യമില്ലെന്ന അഭിപ്രായമാണ് ഏറെയുള്ളത്. ഉപതിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പതിവുപോലെ യുഡിഎഫിലാണ് പ്രശ്‌നങ്ങൾ നിലനിൽക്കുന്നത്. എൽഡിഎഫ് രണ്ടിടത്തെയും സ്ഥാനാഥികളെയും കുറിച്ചു ഏകദേശ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കുട്ടനാട്ടിൽ തോമസ് കെ തോമസും, ചവറയിൽ വിജയൻപിള്ളയുടെ മകൻ ഡോ. സുജിത്തിനെയുമാണ് സ്ഥാനാർത്ഥിയായി കണ്ടെത്തിയിട്ടുള്ളത്. അതേസമയം യുഡിഎഫിനാണെങ്കിൽ ചവറയിൽ ഷിബുവിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുമ്പോഴും കുട്ടനാട്ടിൽ ആരെന്നതിന് ഉത്തരമായിട്ടില്ല.

കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുവേണ്ടി ജോസഫ് വിഭാഗം സ്ഥാനാർത്ഥിതന്നെ മത്സരിക്കുമെന്നാണ് പി.ജെ.ജോസഫ് എംഎ‍ൽഎ പറയുന്നത്. ജോസ് കെ.മാണി കൈകൾ കെട്ടപ്പെട്ട നേതാവാണ്. ചെയർമാൻ എന്നനിലയിൽ ജോസ് സ്റ്റിയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണ്. വിപ്പ് ലംഘനപരാതിയിൽ സ്പീക്കർക്ക്
നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി കോടതി സ്റ്റേചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ജോസഫ് തൊടുപുഴയിൽ പറഞ്ഞു. അതേസമയം ജോസഫ് നിർത്തുന്ന സ്ഥാനാർത്ഥിക്കെതിരെ രംഗത്തിറങ്ങാൻ തയ്യാറെടുത്തിരിക്കയാണ് ജോസ് കെ മാണി. യുഡിഎഫ് മുന്നണിയിൽ നിന്നും പുറത്താക്കിയ സ്ഥിതിക്ക് ഇനി തങ്ങൾ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നിൽ എന്താണ് തെറ്റാന്നാണ് ചോദ്യം.

അതേസമയം പാലാ, കുട്ടനാട് സീറ്റുകളിൽ ജോസ് വിഭാഗത്തിന്റെ താത്പര്യം തള്ളി എൻ.സി.പി. രംഗത്തുവന്നു. കുട്ടനാട്ടിൽ പി.ജെ.ജോസഫിനെ വിമർശിച്ച് ജോസ് വിഭാഗവും കളത്തിലിറങ്ങി. കുട്ടനാട്, പാലാ സീറ്റുകൾ മോഹിച്ച് ആരും ഇടതുമുന്നണിയിലേക്ക് വരേണ്ടതില്ലെന്ന് എൻ.സി.പി. നേതാവ് മാണി സി.കാപ്പൻ എംഎ‍ൽഎ. പറഞ്ഞു. കുട്ടനാട് തോമസ് ചാണ്ടി വിജയിച്ചുവന്ന സീറ്റാണ്.

പാലാ 52 വർഷത്തെ പോരാട്ടത്തിനുശേഷം പിടിച്ചെടുത്തതാണ്. മൂന്നുതവണ താൻ മത്സരിച്ചിട്ട് നാലാമതാണ് ജയിച്ചത്. കുട്ടനാട്ടിൽ തോമസ് കെ.തോമസിന്റെ പേര് പാർട്ടിയും മുന്നണിയും നേരത്തേ തീരുമാനിച്ചതാണ്. അതിന് മാറ്റമുണ്ടാകേണ്ടതില്ല. ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതുസംബന്ധിച്ച് ചർച്ചയൊന്നും നടന്നിട്ടില്ല. എൽ.ഡി.എഫിലേക്ക് വരുന്നതിനെ സ്വാഗതംചെയ്യുന്നു; പക്ഷേ, പാലായും കുട്ടനാടും മോഹിച്ചുകൊണ്ടാവരുത്. ജയിച്ച കക്ഷിയുടെ സീറ്റുകൾ വേണമെന്ന് തോറ്റ കക്ഷി ആവശ്യപ്പെടുന്നതിനെയും മാണി സി. കാപ്പൻ ചോദ്യംചെയ്തു.

ചിഹ്നവും പാർട്ടിയും നഷ്ടപ്പെട്ടവർ കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പറയുന്നത് ഏറ്റവും വലിയ തമാശയാണെന്ന് കേരള കോൺഗ്രസ് എം. നേതാവ് ഡോ. എൻ.ജയരാജ് പറഞ്ഞു. പി.ജെ.ജോസഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിൽ രണ്ടില ചിഹ്നത്തിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ ജോസഫിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രണ്ടില ചിഹ്നം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ജോസ് കെ.മാണിയാണ്. ഈ യാഥാർഥ്യം മറച്ചുവച്ചാണ്, ഇല്ലാത്ത അധികാരം ഉണ്ടെന്നുപറഞ്ഞ് ജനങ്ങളെയും കൂടെയുള്ളവരെയും കബളിപ്പിക്കുന്നത്. പാർട്ടിയും ചിഹ്നവും അംഗീകാരവും നഷ്ടപ്പെട്ടവർക്ക് സ്വതന്ത്രചിഹ്നത്തിലേ മത്സരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

അചിനടിെ ചവറയിൽ മൂന്നു മുന്നണികളും കളത്തിലിറങ്ങി. മുന്മന്ത്രി ഷിബു ബേബിജോണിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് യു.ഡി.എഫ്. പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. അന്തരിച്ച എംഎൽഎ എൻ വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത്ത് വിജയൻ എൽഡിഎഫ്. സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയേറിയിട്ടുണ്ട്. ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ലെങ്കിലും ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ താത്പര്യം സുജിത്തിനെ മത്സരിപ്പിക്കാനാണ്. ബന്ധുബലവും വ്യക്തിപരമായി വോട്ട് സമാഹരിക്കാനുള്ള സാധ്യതയുമാണ് സുജിത്തിന്റെ പേരിനു മുൻതൂക്കം നൽകാൻ കാരണം. സിപിഎമ്മിൽ ലയിച്ച സി.എംപി. നേതാക്കളുടെ അഭിപ്രായങ്ങൾക്ക് വില നൽകുമെന്ന് സംസ്ഥാന നേതൃത്വം സൂചിപ്പിച്ചിട്ടുണ്ട്. ഇതും സുജിത്തിന് അനുകൂലമാകും. മണ്ഡലത്തിലെ പൊതുപരിപാടികളിൽ ഇപ്പോൾ സുജിത്ത് സജീവമാണ്.

ഞായറാഴ്ച യു.ഡി.എഫ്. ജില്ലാ നേതൃയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ആർ.എസ്‌പി. സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാനായി ഷിബു ബേബിജോൺ ശനിയാഴ്ച തിരുവനന്തപുരത്തായിരുന്നു. ഞായറാഴ്ചമുതൽ അദ്ദേഹം മണ്ഡലത്തിൽ സജീവമാകും. ഞായറാഴ്ച എൻ.ഡി.എ.യുടെ യോഗം കൊല്ലത്ത് ചേരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കാണ് യോഗം വിളിച്ചതെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആ വിഷയവും ചർച്ച ചെയ്യും. ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യന് മണ്ഡലത്തിന്റെ ചുമതല നൽകി ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബിജെപി. ആരംഭിച്ചുകഴിഞ്ഞു.