തിരുവനന്തപുരം : പാവപ്പെട്ടവന്റെ ആശ്രയമായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബൈപ്പാസ് ശസ്ത്രക്രിയകൾ മുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും അടിന്തര നടപടിയില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ആശുപത്രിയിലെ കാർഡിയോ തൊറാസിക്ക് വിഭാഗത്തിൽ ആകെയുണ്ടായിരുന്ന ഹാർട്ട് ലംഗ് മെഷ്യൻ പണിമുടക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ദിവസേന ശസത്രക്രിയ നടക്കുന്ന ആശുപത്രിയിൽ കാലം ഇത്രയായിട്ടും ഒരു മെഷ്യൻ മാത്രമാണുണ്ടായിരുന്നത്. ആരോഗ്യവകുപ്പിന് വേണ്ടി സർക്കാർ കോടികൾ ചെലവഴിക്കുമ്പോഴാണ് സുപ്രധാനമായ യന്ത്രിന്റെ കുറവ് കാരണം രോഗികൾ ബുദ്ധിമുട്ടുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ മാറ്റിവച്ചതോടെ രോഗികൾ പ്രതിസന്ധിയിലാണ്.

മാതാപിതാക്കളുടെ ശസ്ത്രക്രിയയ്ക്കായി എത്തി പ്രവാസികൾ ഉൾപ്പെടെ ദുരിതത്തിലാണ്, അവധി കഴിയും മുമ്പേ ശസ്ത്രക്രിയ നടക്കുമോ എന്ന ആശങ്കയിലാണ് പലരും. ആരോഗ്യരംഗത്ത് രാജ്യത്ത് നമ്പർ വൺ എന്ന് അവകാശപ്പെടുന്ന സംസ്ഥാനത്തിന്റെ ദുരവസ്ഥയാണിത്. ഒരു കോടിയിലേറെ രൂപ വിലയുള്ള യന്ത്രത്തിന്റെ തകരാറ് പരിഹരിക്കാൻ എട്ടുലക്ഷത്തോളം രൂപ വേണം. അടിയന്തര സാഹചര്യം കണക്കാക്കി തകരാറും ഇനിയും പരിഹരിച്ചിട്ടില്ല.

ഇതോടെ സമീപത്തെ എസ്.എ.ടി ആശുപത്രിയിൽ രോഗിയെ ആംബുലൻസിൽ കൊണ്ടുപോയി ശസ്ത്രക്രിയ്്ക്ക് വിധേയമാക്കും. അതും അടിയന്തര സാഹചര്യത്തിൽ മാത്രം. എന്നാൽ കുട്ടികളുടെ ആശുപത്രിയിൽ മുതിർന്നവർക്കു മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാത്തതിനാൽ അവിടേക്ക് കൊണ്ടുപോയി ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ മടിക്കുകയാണ്.

മെഡിക്കൽ കോളേജിൽ സ്വന്തമായി മെഷീനുണ്ടായിരുന്നപ്പോൾ ആഴ്ചയിൽ ആറ് ദിവസവും ശസ്ത്രക്രിയ നടന്നിരുന്നെങ്കിൽ ഇപ്പോൾ എസ്.എ.ടി ആശുപത്രിയിൽ ബുധൻ,വ്യാഴം,വെള്ളി,ശനി ദിവസങ്ങളിലാണ് മെഡിക്കൽ കോളേജിലെ രോഗികളുടെ ശസ്ത്രക്രിയ നടക്കുന്നത്. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ എസ്.എ.ടിയിൽ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയാണ് നടക്കുന്നത്. ജനങ്ങളുടൈ ജീവന് അധികൃതർ നിസാരവിലയാണ് കൽപ്പിക്കുന്നതിന് ഉദാഹരണമാകുകയാണ് ഈസംഭവം.

വേണമെന്ന് വച്ചാൽ ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാവുന്ന പ്രശ്നമാണ് നിസാരകാര്യങ്ങൾ പറഞ്ഞ് അധികൃതർ ഇഴയ്ക്കുന്നതെന്ന് രോഗികളുടെ ബന്ധുക്കൾ ആരോപിക്കുന്നു. എസ്.എ.ടി ആശുപത്രിയിൽ പേരിനുമാത്രമായി ശസ്ത്രക്രിയ നടന്നാൽ നേരത്തെ ശസ്ത്രക്രിയ നിശ്ചയിച്ച രോഗികളുടെ കാത്തിരിപ്പ് അനന്തമായി നീളും. ബൈപ്പാസ് ശസ്ത്രക്രിയ നടക്കുന്ന സമയത്ത് ഹൃദത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കുകയും പകരം ഹാർട്ട് ലംദ് മെഷ്യൻ കൃത്രിമമായി ര്ക്തം പമ്പ് ചെയ്ത് ജീവൻ നിലനിറുത്തുകയും ചെയ്യും.

ധമനികളിലെ തടസം മൂലം ഹൃദയപേശികളിലേയ്ക്ക് രക്തം എത്താതെ വരുമ്പോൾ ആ തടസ്സങ്ങൾ മറികടക്കാനായി ബൈപ്പാസ് ധമനികൾ തുന്നിപ്പിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ബൈപ്പാസ് ശസ്ത്രക്രിയ. ധമനികളിൽ എവിടെയാണ് ബ്ലോക്ക്, അതിന്റെ സ്വഭാവം എന്താണ്, എത്രയിടത്ത് ബ്ലോക്കുണ്ട്, രക്തയോട്ടം എത്രമാത്രം തടസപ്പെട്ടു, അപകട സ്വഭാവമെന്ത് എന്നിവയൊക്കെ വിലയിരുത്തിയാണ് ചികിത്സ നിശ്ചയിക്കുന്നത്. ഹൃദ്രോഗികളിൽ 30 ശതമാനത്തോളം പേർക്ക് മാത്രമേ ബൈപ്പാസ് ശസ്ത്രക്രിയ ആവശ്യമായി വരാറുള്ളു.

ഹൃദയധമനികളിലെ തടസം ഒഴിവാക്കി രക്തസഞ്ചാരത്തിന് പുതിയവഴി ഉണ്ടാക്കുകയാണ് ബൈപ്പാസ് ശസ്ത്രക്രിയയിൽ ചെയ്യുന്നത്. ബ്ലോക്കിന്റെ ഇരുഭാഗത്തുമായി പുതിയ ധമനി തുന്നിപ്പിടിപ്പിച്ചാൽ ഇതുവഴി രക്തം സുഗമമായി ഒഴുകും. ഇങ്ങനെ പുതുതായി വെച്ചുപിടിപ്പിക്കുന്ന രക്തക്കുഴലിന് ഗ്രാഫ്റ്റ് എന്നു പറയും. ശരീരത്തിൽ നിന്നുതന്നെ എടുക്കുന്ന രക്തക്കുഴലുകളാണ് ഗ്രാഫ്റ്റായി ഉപയോഗിക്കുന്നത്. വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയയാണ് ബൈപ്പാസ് ഗ്രാഫ്റ്റിങ്.

വിദഗ്ദ്ധനായ ഒരു സർജന്റെ നേതൃത്വത്തിൽ നിരവധി ഡോക്ടർമാരടക്കമുള്ള സംഘമാണ് ശസ്ത്രക്രിയ ചെയ്യുന്നത്. സാധാരണഗതിയിൽ നാലഞ്ച് മണിക്കൂർ നേരമാണ് ശസ്ത്രക്രിയ പൂർത്തിയാക്കാൻ വേണ്ട സമയം. ജനറൽ അനസ്തേഷ്യ നൽകിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. മിടിക്കുന്ന ഹൃദയത്തിൽതന്നെ ശസ്ത്രക്രിയ നടത്തുന്ന രീതിയാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ളത്. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയെ കാർഡിയാക് സർജിക്കൽ ഐ.സി.യുവിൽ നിരീക്ഷണത്തിലേക്ക് മാറ്റും. വിവിധ പരിശോധനകൾ ക്രമമായി നടത്തിയാണ് നിരീക്ഷണങ്ങൾ.

ആദ്യ ദിവസം രോഗിക്ക് കസേരയിലിരിക്കാനാകും. ചായ, കാപ്പി, സൂപ് തുടങ്ങി സാധാരണ പാനീയങ്ങളും കഴിക്കാം. രണ്ടാം ദിവസം മുതൽ ലഘുവായ ഭക്ഷണങ്ങൾ കഴിച്ചുതുടങ്ങാം. ഐ.സി.യു വിനകത്ത് പതുക്കെ നടന്നുതുടങ്ങാം. മൂന്നാം ദിവസം രോഗിയെ വാർഡിലേക്കോ റൂമിലേക്കോ മാറ്റുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 6-10 ആഴ്‌ച്ചവരെ കഴുത്ത്, തോൽ, നെഞ്ച്, പുറം എന്നിവിടങ്ങളിലെ മാംസപേശികളിൽ വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതുകുറയ്ക്കാൻ ഇളം ചൂടുവെള്ളത്തിൽ കുളിക്കാം. ശസ്ത്രക്രിയാക്കുശേഷം 3 മാസം കഴിഞ്ഞ് നെഞ്ചെല്ല് പൂർണ്ണമായുണങ്ങുന്നതു വരെ ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ പാടില്ല.