ന്യൂഡൽഹി: ഉപതെരെഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പുതുച്ചേരിയിൽ വി നാരായണ സ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം എന്നാണ് വാർത്തകൾ. നെല്ലിത്തോപ്പ് നിയമസഭ മണ്ഡലത്തിൽ വിജയിച്ചു. ലോകസഭ സാമാജികനാണ് നാരായണസ്വാമി, നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാതെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്താൽ ആറ് മാസത്തിനകം നിയമസഭ മണ്ഡലങ്ങളിൽ ഒന്നിൽ ജയിക്കണമെന്നാണ് ചട്ടം.വിജയത്തോടെ നാരായണസ്വാമിക്ക് മുഖ്യമന്ത്രി പദത്തിൽ തുടരാം.

മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ വിജയം ബിജെപിക്ക്. ബിജെപി സ്ഥാനാർത്ഥി ഗ്യാൻ സിങ് ആണ് വിജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ദൽപത് സിങ് പരസ്തേ 2,41,301 വോട്ടിനാണ് വിജയിച്ചത്. എന്നാൽ ഇത്തവണ അത് 26,000 വോട്ടിലേക്ക് ചുരുങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് അസാധുവാക്കൽ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പായതിനാൽ മധ്യപ്രദേശിലെ വിധിക്ക് ഇത്തവണ പ്രസക്തിയുണ്ടായിരുന്നു.

മധ്യപ്രദേശിലെ നേപാനഗർ നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി മഞ്ജു നാഡു വിജയിച്ചു. 42,198 വോട്ടുകൾക്കാണ് ബിജെപിയുടെ വിജയം.ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഇരു സീറ്റുകളും സിപിഐഎം നേടി. ഭരണകക്ഷിയായ സിപിഐഎമ്മിന് ത്രിപുരയിൽ ഇളക്കമുണ്ടായില്ല. കോൺഗ്രസിനെ പിന്നിലാക്കി ബിജെപി ത്രിപുരയിൽ രണ്ടാം സ്ഥാനത്തേക്ക് വന്നു.

ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ വൻ വിജയം നേടി തൃണമൂൽ കോൺഗ്രസ്. മത്സര ഫലം വന്ന താംലൂക്ക് ലോക്സഭ മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർത്ഥി ദീപേന്ദു അധികാരിയുടെ വിജയം അഞ്ചു ലക്ഷത്തിനടുത്ത് വോട്ടുകൾക്കാണ്. സിപിഐഎം സ്ഥാനാർത്ഥി യെ പരാജയപ്പെടുത്തിയത് 4,97,528 വോട്ടുകൾക്കാണ്. മണ്ഡേശ്വർ നിയമ സഭാ മണ്ഡലത്തിലേക്ക നടന്ന തെരഞെടുപ്പിലും വിജയം തൃണമൂൽ കോൺഗ്രസിനാണ്. തൃണമൂൽ സ്ഥാനാർത്ഥി സെയ്ക്കത്ത പഞ്ച സിപിഐഎം സ്ഥാനാർത്ഥി എംഡി ഒസ്മാൻ ഗനിയെ പരാജയപ്പെടുത്തിയത് 1,27,127 വോട്ടുകൾക്കാണ്.