- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില യുവജന നേതാക്കളെയെല്ലാം പറഞ്ഞയച്ചത് കൂടുതൽ പ്രശ്‌നമായി; ഉദ്യോഗാർത്ഥികളുടെ സമരത്തിൽ ഡിവൈഎഫ്ഐയെ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ
തിരുവനന്തപുരം: പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം വഷളാകാൻ കാരണം ഡിവൈഎഫ്ഐ ഇടപെടലെന്ന് സിപിഐ നേതാവ് സി ദിവാകരൻ. മനോരമക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സിപിഐ നേതാവിന്റെ വിമർശനം. സിപിഎം നേതാക്കളെല്ലാം സമരത്തിൽ കൂടി വന്നവരാണെന്നും അവരാരും സമരവിരോധികളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചർച്ച നടത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ നിയോഗിച്ചാൽ മതിയായിരുന്നെന്നും യുവജനനേതാക്കളെ പറഞ്ഞയച്ചതാണ് കൂടുതൽ പ്രശ്‌നമാവാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയാണ് സർക്കാരിനും ഇടതുമുന്നണിക്കും നല്ലതെന്നും അദേഹം പറഞ്ഞു. ഇതൊരു ചെറിയ പ്രശ്‌നമായിരുന്നു. അതിനെ വഷളാക്കി. സർക്കാർ അനുകൂലമായി കാര്യങ്ങൾ ചെയ്യുന്നുവെന്ന് തോന്നിയാൽ തന്നെ ഉദ്യോഗാർഥികൾ സമരം അവസാനിപ്പിക്കുമെന്ന് ദിവാകരൻ പറഞ്ഞു. അതേസമയം, സമരക്കാരെയും സി ദിവാകരൻ വിമർശിച്ചു.
സി ദിവാകരന്റെ വാക്കുകൾ:
"സർക്കാർ അനുകൂലമായി ചില കാര്യങ്ങൾ ചെയ്യുന്നു എന്നു തോന്നിയാൽ തന്നെ അവർ സമരം അവസാനിപ്പിക്കും. അത് ഒരു ചെറിയ പ്രശ്‌നമാണ്. അതിനെ വഷളാക്കി. ഇവിടെ ഒരുപാട് മന്ത്രിമാരില്ലേ? അവരിൽ ആരെങ്കിലും അവരെ വിളിച്ച് സംസാരിക്കാമായിരുന്നു. ഈ മന്ത്രിമാരെല്ലാം സമരവിരോധികളൊന്നുമല്ല. അവരെല്ലാം സമരത്തിൽ കൂടി വന്നതാണ്. തിരുവനന്തപുരത്തു തന്നെ കടകംപള്ളി സുരേന്ദ്രനില്ലേ? ഞങ്ങൾ ഒരുമിച്ച് എത്രയോ സമരങ്ങൾ ചെയ്തിരിക്കുന്നു. സുരേന്ദ്രൻ വിളിച്ചു സംസാരിച്ചാലും മതിയായിരുന്നു. പകരം ചില യുവജന നേതാക്കളെയെല്ലാം പറഞ്ഞയച്ചത് കൂടുതൽ പ്രശ്‌നമായി. ഇപ്പോഴെങ്കിലും ചർച്ച നടത്തി തീർക്കുകയാണ് സർക്കാരിനും ഇടതുപക്ഷത്തിനും നല്ലത്."
സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്കെതിരെയും ദിവാകരൻ വിമർശനം നടത്തി. സമരം ചെയ്യുന്നവരും യാഥാർഥ്യബോധമുള്ളവരായിരിക്കണം. സർക്കാരിന് ചെയ്തുകൊടുക്കാൻ സാധിക്കാത്ത കാര്യങ്ങൾ ഉന്നയിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ