റായ്പുർ: ഛത്തീസ്‌ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനു ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ ഭരണകക്ഷിയായ ബിജെപിക്കു വലിയ ആഘാതം ഏൽപിച്ചുകൊണ്ട് സത്നാമി സമാജിന്റെ ഗുരു ബാൽദാസും മകൻ കുഷ്വന്ത് സാഹേബും കോൺഗ്രസിൽ ചേർന്നു. ബിജെപി വിട്ട ഗുരു ബൽദാസ് നൂറുകണക്കിന് അനുയായികൾക്കൊപ്പമാണ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ ഏതു മതനേതാവ് കോൺഗ്രസിൽ ചേർന്നാലും തങ്ങളുടെ വോട്ടു ബാങ്ക് ഭദ്രമാണെന്നു ബിജെപി അഭിപ്രായപ്പെട്ടു.

ഛത്തീസ്‌ഗഡ് രാഷ്ട്രീയ പാർട്ടികളുടെ പ്രധാനപ്പെട്ട വോട്ട് ബാങ്കാണ് സത്‌നാമി സമാജ്. കഴിഞ്ഞ കുറേ വർഷങ്ങളായി അത് ബിജെപിക്ക് ഒപ്പമായിരുന്നു. ഛത്തീസ്‌ഗഢിലെ മൊത്തം വോട്ടുകളുടെ 14 ശതമാനം മുതൽ 16 ശതമാനം വരെ ഇവരുടെ സംഭവനയാണ്. അതിനാൽ തന്നെ ബൽദാസിന്റെയും മകന്റെയു ചുവടുമാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയാകും. അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഴ്‌ച്ചകൾക്ക് മുൻപ് ബിജപി അധ്യക്ഷൻ അമിത് ഷാ ഛത്തീസ്‌ഗഡ്് സന്ദർശിക്കുകയും ഗുരു ബൽദാസിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടേയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗുരു ബൽദാസും മകനും കോൺഗ്രസിലേക്ക് കളം മാറ്റി ചവിട്ടിയത്.

ബിജെപിക്ക് സമൂഹത്തോടും ജനങ്ങളോടും ഉത്തരവാദിത്തം ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് മതനേതാവായ ഗുരു ബൽദാസ് കോൺഗ്രസിസിന് പിന്തുണ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹത്തിന്റെ അനുയായികളോടും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ഘട്ടങ്ങളിലായാണ് ഛത്തീസ്‌ഗഡിൽ തിരഞ്ഞെടുപ്പു നടക്കുന്നത്. നവംബർ 12ന് 18 മണ്ഡലങ്ങളിലും നവംബർ 20ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പും നടക്കും.