- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പിയടി വീരൻ ഐ.ജി ജോസിന്റെ പിൻഗാമിയായി പൊലീസ് ട്രെയിനിങ് കോളേജിലെ സിഐ ആദർശ്; ഇതുവരെ എഴുതിയ എല്ലാ പരീക്ഷകളിലും വമ്പൻ മാർക്ക്; മുൻ പരീക്ഷകളിലും കോപ്പിയടിച്ചിട്ടുണ്ടാവാമെന്ന് കേരള സർവകലാശാല; എസ്‌ഐമാരെയടക്കം നിയമം പഠിപ്പിക്കുന്ന സിഐ കോപ്പിയടിച്ചതിന് ഉടൻ സസ്പെൻഷനിലാവും
തിരുവനന്തപുരം: ലോ അക്കാഡമി ലോ കോളേജിൽ എൽ.എൽ.ബി പരീക്ഷയിൽ കോപ്പിയടിച്ച പൊലീസ് ട്രെയിനിങ് കോളേജിലെ സീനിയർ ലോ ഇൻസ്‌പെക്ടർ ആദർശ് ചില്ലറക്കാരനല്ല. അവസാന സെമസ്റ്റർ എൽ.എൽ.ബി പരീക്ഷയെഴുതുമ്പോഴാണ് സിഐയുടെ കോപ്പിയടി കേരള സർവകലാശാലാ സ്‌പെഷ്യൽ സ്‌ക്വാഡ് കൈയോടെ പിടികൂടിയത്. അവസാന സെമസ്റ്റർ വരെയുള്ള എല്ലാ സെമസ്റ്ററുകളിലും ആദർശിന് വമ്പൻ മാർക്കാണുള്ളത്. ഇതെല്ലാം കോപ്പിയടിച്ച് നേടിയതാണോയെന്ന് പരിശോധിക്കുകയാണ് കേരള സർവകലാശാല.
കോളേജ് നിയോഗിച്ച ഇൻവിജിലേറ്റർമാർ നോക്കി നിൽക്കെയാണ് കാക്കിയുടെ ധാർഷ്ട്യത്തിൽ ആദർശ് പുസ്തകം തുറന്നുവച്ച് ഉത്തരങ്ങൾ പകർത്തിയെഴുതിയത്. ഈ പുസ്തകം സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്ത് പൊലീസിന് കൈമാറി. പൊലീസ് ട്രെയിനിങ് കോളേജിൽ എസ്‌ഐമാരെയടക്കം നിയമം പഠിപ്പിക്കുന്ന ചുമതലയാണ് ആദർശിനുള്ളത്.
അദർശ് കോപ്പിയടിച്ചെന്ന് കേരള സർവകലാശാല കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസിനാകെ അവമതിപ്പുണ്ടാകുന്ന നടപടിയായതിനാൽ സസ്‌പെൻഡ് ചെയ്യണമെന്നും പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡിജിപി അനിൽകാന്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആദർശിനെ ഉടൻ സസ്‌പെൻഡ് ചെയ്യും. വകുപ്പുതല അന്വേഷണവും പ്രഖ്യാപിക്കും. ലോ അക്കാഡമിയിൽ സായാഹ്ന കോഴ്‌സ് വിദ്യാർത്ഥിയായ ആദർശ് പബ്ലിക് ഇന്റർനാഷനൽ പേപ്പറിന്റെ പരീക്ഷയിലാണ് കോപ്പിയടിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലിനോട് ഡിജിപി അനിൽകാന്ത് റിപ്പോർട്ട് തേടിയിരുന്നു. രണ്ടുമാസമായി പഠനാവധിയിലുള്ള ആദർശ് ഇതുവരെ പൊലീസ് ട്രെയിനിങ് കോളേജിൽ ജോലിക്കെത്തിയിട്ടില്ല. എൽ.എൽ.ബി പരീക്ഷ തുടങ്ങി അരമണിക്കൂറിനകം സർവകലാശാലയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് ഹാളിൽ പരിശോധന നടത്തി സിഐയെ കൈയോടെ പിടികൂടുകയായിരുന്നു.
കോപ്പിയടിക്കാനുപയോഗിച്ച പുസ്തകം പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരീക്ഷാ കൺട്രോളർക്ക് കൈമാറി. ആദർശ് എഴുതിയ എല്ലാ പരീക്ഷകളുടെയും ഫലം തടഞ്ഞുവയ്ക്കും. അതിനുശേഷം സിൻഡിക്കേറ്റ് ഉപസമിതി ഹിയറിങ് നടത്തും. എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കുകയും രണ്ട് പരീക്ഷാ അവസരങ്ങൾ തടയുകയും ചെയ്യും. സിഐയ്‌ക്കൊപ്പം മൂന്ന് വിദ്യാർത്ഥികൾ കൂടി കോപ്പിയടിച്ചതിന് പിടിയിലായിട്ടുണ്ട്. സർവകലാശാലാ നിയമപ്രകാരം കോപ്പിയടി ക്രിമിനൽ കുറ്റമല്ല. പക്ഷേ പൊലീസിന്റെ സൽപ്പേരിന് കളങ്കം വരുത്തിയതിനാണ് വകുപ്പുതല നടപടി.
തൃശൂർ റേഞ്ച് ഐ.ജിയായിരുന്ന ടി.ജെ.ജോസിനെ എം.ജി സർവകലാശാലയുടെ എൽ.എൽ.ബി പരീക്ഷയിൽ കോപ്പിയടിച്ചതിന് 2015ൽ പിടികൂടിയിരുന്നു. കോപ്പിയടിച്ചതായി സർവകലാശാല കണ്ടെത്തിയതിനെത്തുടർന്ന് ജോസിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. എൽഎൽഎം പരീക്ഷയിൽ കോപ്പിയടിച്ചതിന് ഐജി ടി ജെ ജോസിനെ എംജി സർവകലാശാല ഡീബാർ ചെയ്തിരുന്നു. ജോസ് എഴുതിയ പരീക്ഷകളെല്ലാം റദ്ദാക്കുകയും ചെയ്തു. ജോസ് എൽഎൽഎം പരീക്ഷയുടെ കോൺസ്റ്റിറ്റിയൂഷൻ ലോ പേപ്പറിന് കോപ്പിയടിച്ചതായാണ് തെളിഞ്ഞത്.
നിലവിൽ എൽഎൽഎം നേടിയിട്ടുള്ള ജോസ് അഡീഷണലായാണ് കോൺസ്റ്റിറ്റിയൂഷണൽ ലോ എഴുതിയത്. കോപ്പിയടി ശ്രദ്ധയിൽപ്പെട്ട ഇൻവിജിലേറ്റർ തുണ്ടപേപ്പർ കൈമാറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതെ പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങിപ്പോയതായി സർവകലാശാല കണ്ടെത്തി. ആറ് ജീവനക്കാർ, കൂടെ പരീക്ഷയെഴുതിയ ജുഡീഷ്യൽ ഓഫീസർമാരുൾപ്പെടെയുള്ള 16 പേർ, ഡെപ്യൂട്ടി രജിസ്റ്റ്രാർ എന്നിവരിൽനിന്ന് മൊഴിയെടുത്തിരുന്നു. കോപ്പിയടിച്ചതിന് ഐ.ജി. റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടുന്നതും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതും സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഒരു പൊലീസുദ്യോഗസ്ഥൻ കോപ്പിയടിച്ചതിന് പിടിയിലാവുന്നത്.