തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി കെ ജാനു എൻഡിഎയിൽ തിരിച്ചെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയുടെ തിരുവനന്തപുരം ശംഖുമുഖത്തെ സമാപന സമ്മേളനത്തിൽ സി കെ ജാനു പങ്കെടുക്കും. ഇടത് വലത് മുന്നണികൾ അവഗണിച്ചെന്ന് സി കെ ജാനു ആരോപിച്ചു.

2018ൽ എൻഡിഎ വിട്ട് ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൽഡിഎഫിൽ എത്തിയിരുന്നു. എന്നാൽ തന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ എൽഡിഎഫ് വഞ്ചിച്ചുവെന്ന് ജാനു പിന്നീട് ആരോപിച്ചു.ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നൽകിയില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം വേണ്ട രീതിയിൽ പരിഗണിച്ചില്ല. എൽഡിഎഫിനൊപ്പം തുടർന്നും പ്രവർത്തിക്കാനാകില്ല എന്നിങ്ങനെയാണ് മാസങ്ങൾക്ക് മുൻപ് ജാനു പറഞ്ഞത്. ഇതിന് പിന്നാലെയാണ് ജാനു വീണ്ടും എൻഡിഎ പാളയത്തിലേക്ക് തിരിച്ചെത്തിയത്.