കൽപ്പറ്റ: വയനാട്ടിൽ ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി.കെ.ജാനു സ്ഥാനാർത്ഥിയാക്കുന്നതിൽ ബിജെപി ജില്ലാ കമ്മിറ്റിക്ക് പ്രതിഷേധം. മുന്നണി മര്യാദകൾ പാലിക്കാതെ പുറത്ത് പോയ ജാനുവിന് ഇക്കുറി സീറ്റു നൽകരുതെന്ന് ബിജെപി വയനാട് ജില്ലാ ഘടകം ആവശ്യപ്പെട്ടു. ജാനുവിന്റെ പാർട്ടി എൻ.ഡി.എയിൽ ചേർന്നത് അറിയില്ലെന്നും ജില്ലാ പ്രസിഡന്റ് സജി ശങ്കർ പറഞ്ഞു.

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെ ഹിതപരിശോധനയിലൂടെ കണ്ടെത്തുകയും സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എൻ.ഡി.എ പ്രവേശനത്തിൽ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് സി.കെ ജാനു പറഞ്ഞു. അവരുമായാണ് ചർച്ച നടത്തിയത്. അവർക്കിടയിലെ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കണമെന്നും ജാനു പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വച്ചാണ് സി.കെ. ജാനു എൻ.ഡി.എയിലേക്ക് തിരിച്ചെത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്. നേരത്തെ സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന സി. കെ. ജാനു 27920 വോട്ടുകൾ നേടിയിരുന്നു. സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയപാർട്ടിക്ക് ആറ് സീറ്റുകൾ വരെ എൻ.ഡിഎ നല്കിയേക്കുമെന്നാണ് സൂചന.